Alto K10 Tour H1: ടാക്സിക്കാരെ ഹാപ്പിയാകൂ! 34.46 കി.മീ. മൈലേജ്, വില 4.80 ലക്ഷം; പുത്തൻ മോഡലുമായി മാരുതി സുസുകി
- Published by:Rajesh V
- news18-malayalam
Last Updated:
ടാക്സിയായി ഉപയോഗിക്കാൻ വേണ്ടി മാത്രം തയ്യാറാക്കിയ മോഡലാണ് മാരുതി സുസുക്കി ടൂർ എച്ച്1. അതുകൊണ്ട് തന്നെ കുറഞ്ഞ വിലയിൽ ഈ വാഹനം ലഭ്യമാക്കാൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്
മാരുതി സുസുക്കി പുതിയ മാരുതി ടൂർ എച്ച്1 മോഡൽ രാജ്യത്ത് അവതരിപ്പിച്ചു. പുതിയ ആൾട്ടോ കെ10 അടിസ്ഥാനമാക്കിയെത്തുന്ന ഈ എൻട്രി ലെവൽ കൊമേഴ്‌സ്യൽ ഹാച്ച്ബാക്ക് പെട്രോൾ, സിഎൻജി പതിപ്പുകളിളാണ് വരുന്നത്. അവയുടെ വില (എക്സ്-ഷോറൂം ) യഥാക്രമം 4.80 ലക്ഷം രൂപയും 5.70 ലക്ഷം രൂപയുമാണ്. അതായത് സിഎൻജി വേരിയന്റിന് 91,000 രൂപ അധികമായി ചെലവാക്കേണ്ടിവരും. മെറ്റാലിക് ഗ്രാനൈറ്റ് ഗ്രേ, മെറ്റാലിക് സിൽക്കി സിൽവർ, ആർട്ടിക് വൈറ്റ് എന്നിങ്ങനെ മൂന്ന് കളർ സ്‌കീമുകളിലാണ് എൻട്രി ലെവൽ കൊമേഴ്‌സ്യൽ ഹാച്ച് വാഗ്ദാനം ചെയ്യുന്നത്.
advertisement
മാരുതി സുസുക്കി ആൾട്ടോ കെ10 ടാക്സിയായി നിരവധി നഗരങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ടാക്സിയായി ഉപയോഗിക്കാൻ വേണ്ടി മാത്രം തയ്യാറാക്കിയ മോഡലാണ് മാരുതി സുസുക്കി ടൂർ എച്ച്1. അതുകൊണ്ട് തന്നെ കുറഞ്ഞ വിലയിൽ ഈ വാഹനം ലഭ്യമാക്കാൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. മികച്ച മൈലേജും നൽകുന്നുണ്ട്. ഡിസൈനിലെ ഭംഗിക്ക് അപ്പുറത്ത് കുറഞ്ഞ ചിലവിൽ മികച്ച വാഹനം എന്ന ലക്ഷ്യത്തിലാണ് മാരുതി സുസുക്കി ടൂർ എച്ച്1 നിർമ്മിച്ചിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. മെട്രോ നഗരങ്ങളിൽ ക്യാബുകളായി ഉപയോഗിക്കാൻ അനുയോജ്യമാണ് ആൾട്ടോ ടൂർ എച്ച് 1.
advertisement
മാരുതി ടൂർ എച്ച്1 പെട്രോളിൽ 1.0L, കെ സീരീസ്, ഡ്യുവല്‍ജെറ്റ്, ഡ്യുവല്‍ വിവിടി നാച്ചുറലി ആസ്പിറേറ്റഡ് മോട്ടോർ ഉപയോഗിക്കുന്നു. അത് 5500rpm-ൽ 65bhp-നും 3500rpm-ൽ 89Nm-നും മതിയാകും. ആൾട്ടോ കെ10ന് കരുത്ത് പകരുന്നതും ഇതേ പെട്രോൾ മോട്ടോറാണ്. ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി കിറ്റുള്ള പെട്രോൾ എഞ്ചിനാണ് സിഎൻജി പതിപ്പിലുള്ളത്. ഇത് 55 ബിഎച്ച്പി പവറും 82.1 എൻഎം ടോർക്കും നൽകുന്നു.
advertisement
പുതിയ എൻട്രി ലെവൽ ഫ്ലീറ്റ് ഹാച്ച്ബാക്ക് പെട്രോൾ എഞ്ചിനിനൊപ്പം ലിറ്ററിന് 24.60 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിന്റെ സിഎൻജി പതിപ്പ് 34.46 കിമി മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഇത്രയും മൈലേജ് നൽകുന്ന മറ്റൊരു കൊമേഴ്‌സ്യൽ ഹാച്ച്ബാക്ക് ഇന്ത്യയില്‍ ഇല്ലെന്നാണ് മാരുതി അവകാശപ്പെടുന്നത്. സേഫ്റ്റിയുടെ കാര്യത്തിലും മികച്ച വാഹനമാണിത്. 80 കിമി ആണ് ഇതിന്റെ പരമാവധി വേഗത പരിധി.
advertisement
ഡ്യുവൽ എയർബാഗുകൾ, പ്രീ ടെൻഷനറും ഫോഴ്‌സ് ലിമിറ്ററും ഉള്ള ഫ്രണ്ട് സീറ്റ് ബെൽറ്റുകൾ, മുന്നിലും പിന്നിലും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, എഞ്ചിൻ ഇമ്മൊബിലൈസർ, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി), സ്പീഡ് ലിമിറ്റിംഗ് സിസ്റ്റം, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ എന്നിങ്ങനെ നിരവധി സുരക്ഷാ ഫീച്ചറുകൾ മാരുതി സുസുക്കി ടൂർ എച്ച്1 കൊമേഴ്ഷ്യൽ ഹാച്ച്ബാക്കിൽ കമ്പനി നൽകിയിട്ടുണ്ട്.
advertisement
ആൾട്ടോ കെ10 എന്ന ജനപ്രിയ വാഹനത്തെ കൊമേഴ്ഷ്യൽ ആവശ്യത്തിനായി മാറ്റി നിർമിച്ച മോഡലാണിതെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. വിശ്വസനീയമായ അടുത്ത തലമുറ കെ 10സി എഞ്ചിൻ, ആകർഷകമായ ഇന്റീരിയർ, എക്സ്റ്റീരിയറുകൾ എന്നിവയ്‌ക്കൊപ്പം സൗകര്യങ്ങളും സുരക്ഷാ സവിശേഷതകളും നൽകിയാണ് ഈ വാഹനം തയ്യാറാക്കിയിരിക്കുന്നതെന്നും മികച്ച ഇന്ധനക്ഷമത നൽകാൻ ഈ വാഹനത്തിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.