മക്ലാരൻ 765 LT സ്പൈഡർ ഇന്ത്യയിൽ ആദ്യമായി സ്വന്തമാക്കിയെന്ന നേട്ടമാണ് നസീർഖാനെ തേടിയെത്തിയത്. മക്ലാരൻ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വേഗതയേറിയ പ്രൊഡക്ഷൻ കാറാണിത്. ഈ സൂപ്പർകാറിന്റെ റൂഫ് വെറും 11 സെക്കൻഡിനുള്ളിൽ തുറക്കാനാകും. കാറിന്റെ എഞ്ചിൻ 765 Ps ഉം 800 Nm torque ഉം ഉത്പാദിപ്പിക്കുന്നു. മണിക്കൂറിൽ 330 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ കാറിന് കഴിയും. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ കാറാണിത്.
ആരാണ് നസീർ ഖാൻ? നസീർ ഖാൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും വ്യവസായിയും കാർ പ്രേമിയുമാണ്. ഹൈദരാബാദ് സ്വദേശിയാണ് ഇദ്ദേഹം. നസീർഖാന് ഇൻസ്റ്റാഗ്രാമിൽ 3.5 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര കാർ ശേഖരമുള്ള ഒരാളാണ് അദ്ദേഹം. ഇപ്പോൾത്തന്നെ 20-ലധികം ആഡംബര കാറുകൾ നസീർ ഖാന്‍റെ ഗ്യാരേജിലുണ്ട്.
മുഹമ്മദ് നസീർദുദ്ദീൻ എന്നാണ് ഇദ്ദേഹത്തിന്‍റെ മുഴുവൻ പേര്. കിംഗ്സ് ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ഉടമയായ ഷാനവാസിന്‍റെ മകനാണ് നസീർഖാൻ. ഹൈദരാബാദിലും തെലങ്കാനയുടെ മറ്റ് ഭാഗങ്ങളിലും സജീവമായുള്ള ഒരു പ്രോപ്പർട്ടി വികസന കമ്പനിയാണ് കിംഗ്സ് ഗ്രൂപ്പ്. നസീർഖാന് അദ്ദേഹത്തിന് രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. 60 കോടി രൂപ മൂല്യമുള്ള കാറുകൾ നസീർഖാന്‍റെ ശേഖരത്തിലുണ്ട്.
2 റോൾസ് റോയ്‌സ്, 3 ലംബോർഗിനി, 3 ഫെരാരി, 1 മസ്താങ്, 2 മെഴ്‌സിഡസ് ബെൻസ് തുടങ്ങി നിരവധി കാറുകൾ അദ്ദേഹത്തിന്റെ പക്കലുണ്ട്. മോട്ടോർ സൈക്കിൾ പ്രേമി കൂടിയായ അദ്ദേഹത്തിന് ഡുക്കാത്തിയുടെ ഉയർന്ന മോഡലും സ്വന്തമായുണ്ട്. കാർ കളക്ടർ, സംരംഭകൻ, സഞ്ചാരി എന്നിങ്ങനെയാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ സ്വയം വിശേഷിപ്പിക്കുന്നത്.