കോവിഡിന്‍റെ പിടിയിലമർന്ന 2020 മുമ്പ് നമ്മൾ കണ്ടിട്ടില്ലാത്ത വിധം വ്യത്യസ്തമായ ഒരു വർഷമായിരുന്നു. പ്രത്യേകിച്ചും സാമ്പത്തിക കാര്യങ്ങളിൽ. നിരവധിയാളുകൾക്ക് ജോലി നഷ്ടപ്പെടുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ചെയ്ത ഒരു വർഷം. സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം ലഘൂകരിക്കാനും നമ്മൾ ശീലിച്ചു. അത്തരത്തിൽ 2020 പകർന്നു നൽകിയ 5 സാമ്പത്തിക പാഠങ്ങൾ ചുവടെ...
1. നിക്ഷേപം - ഓഹരിവിപണിയിലോ, മ്യൂച്ചൽ ഫണ്ടിലോ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. എല്ലാ നിക്ഷേപവും ഒരേ ഓഹരിയിലോ മ്യൂച്ചൽ ഫണ്ടിലോ ഇടരുത്. ഓരോ ഫണ്ടുകളെയുംകുറിച്ച് പഠിച്ചശേഷം, പല വിഭാഗങ്ങളിലായി വേണം നിക്ഷേപിക്കേണ്ടത്. ഉദാഹരണത്തിന് ഈ മഹാമാരി കാലത്ത് ഫാർമ ഫണ്ടുകൾ മികച്ച വളർച്ച കൈവരിക്കുന്നുണ്ട്. നിക്ഷേപത്തിന് ഒരുങ്ങുമ്പോൾ ഇതുപോലെയുള്ള കാര്യങ്ങളും മനസിൽ വേണം.
2. അടിയന്തര ഫണ്ട് വകയിരുത്തണം- കോവിഡ് പോലെയുള്ള മഹാമാരി ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതമാണ്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും അതുപോലെ അത്യാഹിതങ്ങളും നേരിടാനായി എമർജൻസി ഫണ്ട് പ്രത്യേകമായി നീക്കിവെക്കണം. പ്രതിസന്ധി ഘട്ടത്തിലെ, ചികിത്സ, ജീവിതച്ചെലവ് എന്നിവ ലക്ഷ്യമാക്കി വേണം ഇത്തരത്തിൽ ഫണ്ട് വകയിരുത്തേണ്ടത്.
3. സ്വർണ നിക്ഷേപം ഏറെ പ്രധാനം- ഏതെങ്കിലും പ്രതിസന്ധി മൂലം ഇക്വിറ്റി വരുമാനം മോശമാകുമ്പോഴെല്ലാം സ്വർണം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. സ്വർണ്ണത്തെ ഒരു ആഭരണമായി മാത്രം കാണാതെ അതിലെ നിക്ഷേപ സാധ്യത കൂടി പരിഗണിക്കണം. സ്വർണവില അടുത്ത വർഷം ഗണ്യമായി വർദ്ധിക്കുമെന്ന വിദഗ്ദ്ധരുടെ വിലയിരുത്തൽ തന്നെയാണ് ഇതിന് അടിസ്ഥാനം.
പാഠം 4: മെഡിക്കൽ ആരോഗ്യ ഇൻഷുറൻസ്- അപ്രതീക്ഷിതമായി കടന്നുവന്ന ചികിത്സാച്ചെലവിന്‍റെ അമിതഭാരത്തിൽ നട്ടം തിരിഞ്ഞ ആയിരകണക്കിന് ആളുകളുണ്ട് ലോകത്ത്. കേരളം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ കോവിഡ് ചികിത്സ സർക്കാർ ആശുപത്രികളിൽ സൌജന്യമാണെങ്കിലും, സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്ക് ലക്ഷങ്ങൾ വേണ്ടിവരുന്ന അവസ്ഥയുണ്ട്. ഇത് മുന്നിൽ കണ്ടുകൊണ്ട് കുടുംബാംഗങ്ങളുടെ പരിരക്ഷ ഉറപ്പാക്കിക്കൊണ്ട് ഫലപ്രദമായ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കാൻ മടിക്കരുത്.
5. രണ്ടാമതൊരു വരുമാനം ആവശ്യം- ജോലിയിലെ അനിശ്ചിതത്വം, ശമ്പളം വെട്ടിക്കുറയ്ക്കുന്നത്, ശമ്പളം വൈകുന്നത് എന്നിവയൊക്കെ ജീവിതത്തിലുണ്ടാക്കാവുന്ന പ്രത്യാഘാതം എത്ര വലുതായിരിക്കുമെന്ന് 2020 കാണിച്ചുതന്നു. അതുകൊണ്ടുതന്നെ രണ്ടാമതൊരു വരുമാന സ്രോതസ് സൃഷ്ടിക്കുകയെന്നത് ഓരോരുത്തരുടെയും ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ട കാര്യമായി മാറിയിട്ടുണ്ട്.