മാർക്കറ്റ് സൂചികകളായ സെൻസെക്സും നിഫ്റ്റിയും വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ വലിയ തിരിച്ചടിയാണ് നേരിട്ടത്. കൊറോണ വൈറസ് ഭീതിയും സാമ്പത്തിക ഞെരുക്കത്തെച്ചൊല്ലി വർദ്ധിച്ചുവരുന്ന ആശങ്കകളും ആഗോള ഓഹരി വിപണിയിൽ വൻതോതിലുള്ള വിറ്റഴിക്കലിന് കാരണമായ സാഹചര്യത്തിലാണ് സെൻസെക്സ് ഓപ്പണിംഗ് സെഷനിൽ 1,400 പോയിൻറ് ഇടിഞ്ഞത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിന്റെ ഓഹരി മൂല്യം 5.5 രൂപയായി കുറഞ്ഞു. ഇന്നലെയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ യെസ് ബാങ്കിന്റെ ബോർഡിനെ അസാധുവാക്കുകയും, ബാങ്കിൽ നിന്നും പിൻവലിക്കാവുന്ന തുകയ്ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുകയും ചെയ്തത്. ബാങ്കിന് വായ്പയോ അഡ്വാൻസോ അനുവദിക്കാനോ, വായ്പ പുതുക്കാനോ, നിക്ഷേപം നടത്താനോ താത്കാലികമായി കഴിയില്ല.
യെസ് ബാങ്കിന് ജാമ്യ ഈട് നിൽക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ചുമതലപ്പെടുത്തിയതായി ധനമന്ത്രാലയം സ്ഥിരീകരിച്ചത് ഇന്നലെയായിരുന്നു. ഇതിനെതുടർന്ന് ഇന്ന് ഓഹരിവിപണി തുറന്നപ്പോൾ എസ്‌ബിഐ ഷെയറുകൾ ആറ് ശതമാനത്തിലധികം തകർന്നു, സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട സ്ഥാപനമാണ് എസ്‌ബിഐ. ഇൻഡസിൻഡ് ബാങ്ക്, ടാറ്റാ സ്റ്റീൽ, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, അൾട്രാടെക് സിമൻറ് എന്നിവയുടെ ഓഹരികളും താഴേക്കുപോയി.