പഞ്ചാബ് മുഖ്യമന്ത്രിയായ അമരീന്ദർ സിങ്ങും നീരജ് ചോപ്രയ്ക്ക് രണ്ട് കോടി രൂപ പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ചു. നീരജ് ചോപ്രയുടെ സ്വർണ നേട്ടം എല്ലാ ഇന്ത്യക്കാരോടൊപ്പം പഞ്ചാബികൾക്കും അഭിമാനമാണ് എന്ന് അമരീന്ദർ സിങ് പ്രതികരിച്ചിരുന്നു. ഹരിയാനക്കാരൻ ആണെങ്കിലും നീരജിന് പഞ്ചാബിലും കുടുംബവേരുകൾ ഉള്ളതിനാലാണ് പഞ്ചാബ് മുഖ്യമന്ത്രിയായ അമരീന്ദർ സിങ് അങ്ങനെ പ്രതികരിച്ചത്. (Reuters)
എഡ്യൂടെക് രംഗത്തെ ഭീമനായ ബൈജൂസും നീരജ് ചോപ്രയ്ക്ക് പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ചു. രണ്ട് കോടി രൂപയാണ് ബൈജൂസ് നീരജിന് നൽകുക. മണിപ്പൂര്‍ സര്‍ക്കാരും ഒരു കോടി രൂപ നീരജിന് സമ്മാനം പ്രഖ്യാപിച്ചു. ബിസിസിഐയും ഐപിഎൽ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിങ്‌സും ഓരോ കോടി രൂപ വീതം നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നീരജ് ചോപ്രയ്ക്ക് 75 ലക്ഷം രൂപ പാരിതോഷികം നൽകും. ഒരു വര്‍ഷത്തെ സൗജന്യ യാത്രയാണ് നീരജിന് വിമാനക്കമ്പനിയായ ഇൻഡിഗോ പ്രഖ്യാപിച്ചിരിക്കുന്നതെങ്കിൽ, ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ ജേതാവിന് മഹീന്ദ്രയുടെ ഏറ്റവും പുതിയ വാഹനമായ എക്‌സ് യുവി 700 ആണ് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചിരിക്കുന്നത്
മീരാഭായ് ചാനു, വനിതകളുടെ 49 കിലോ ഭാരോദ്വഹനം, വെള്ളി : ഒരു കോടി രൂപയാണ് മീരാഭായ് ചാനുവിന് മണിപ്പൂർ സർക്കാർ നൽകിയത്. റയിൽവേ മന്ത്രിയായ അശ്വിനി വൈഷ്ണവ് രണ്ട് കോടി രൂപയും ഒപ്പം തന്നെ ചാനു ജോലി ചെയ്യുന്ന നോർത്ത് ഫ്രോണ്ടിയർ റയിൽവേയിൽ സ്ഥാനക്കയറ്റവും നൽകിയിട്ടുണ്ട്. ഇതിനുപുറമെ ബൈജൂസിൽ നിന്നും ഒരു കൊടിയും, ബിസിസിഐയിൽ 50 ലക്ഷവും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിൽ നിന്നും 40 ലക്ഷം രൂപയും താരത്തിന് ലഭിക്കും. ആഗോള പിസ ബ്രാൻഡായ ഡോമിനോസ് മീരാഭായ് ചാനുവിന് ജീവിതകാലം മുഴുവനും പിസ സൗജന്യമായി നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.. (Image: Reuters)
രവി കുമാർ ദാഹിയ, പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തി, വെള്ളി : ഹരിയാന സർക്കാർ നാല് കോടി രൂപ, ക്ലാസ് - 1 സർക്കാർ ജോലി എന്നിവയ്ക്ക് പുറമെ ഹരിയാന നഗര വികസന അതോറിറ്റിയുടെ കീഴിലുള്ള ഒരു തുണ്ട് ഭൂമി ഇളവുകളോടെ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമെ ബൈജൂസിന്റെ ഒരു കോടി, ബിസിസിഐയുടെ 50 ലക്ഷം, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ 40 ലക്ഷം എന്നീ പാരിതോഷികങ്ങളും താരത്തിന് ലഭിക്കും. (Image: PTI)
ഭജ്‌രംഗ് പുനിയ, പുരുഷൻമാരുടെ 65കിലോ ഫ്രീസ്റ്റൈൽ ഗുസ്തി, വെങ്കലം : താരത്തിന് 2.5 കോടി രൂപ നൽകുമെന്ന് ഹരിയാന സർക്കാർ പ്രഖ്യാപിച്ചു. ഇതിനുപുറമെ സർക്കാർ ജോലിയും ഒരു തുണ്ട് ഭൂമിയും താരത്തിന് ലഭിക്കും. ഇതുകൂടാതെ താരത്തിന് ബൈജൂസ് ഒരു കോടിയും, ബിസിസിഐ 25 ലക്ഷം രൂപയും പാരിതോഷികമായി പ്രഖ്യാപിച്ചിട്ടുണ്ട്. (Image: Reuters)
ഇന്ത്യൻ പുരുഷ ഹോക്കി ടീം, വെങ്കലം : ടീമിലെ രണ്ട് ഹരിയാന താരങ്ങൾക്ക് ഹരിയാന സർക്കാർ 2.5 കോടി രൂപയോടൊപ്പം ക്ലാസ്-2 സർക്കാർ ജോലി നൽകും; പഞ്ചാബ് സർക്കാർ ടീമിലെ എട്ട് പഞ്ചാബ് താരങ്ങൾക്ക് ഓരോ കോടി രൂപ വീതം നൽകും. മധ്യപ്രദേശിൽ നിന്നും വരുന്ന താരമായ വിവേകിന്, അവിടത്തെ സർക്കാർ ഒരു കോടി രൂപ പാരിതോഷികം നൽകും; മണിപ്പൂരിൽ നിന്നും വരുന്ന നീലകാന്ത ശർമയ്ക്ക് അവിടത്തെ സർക്കാർ 75 ലക്ഷം രൂപയും നൽകും. ഇതിന് പുറമെ ബിസിസിഐ ഒരു കോടി രൂപയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 25 ലക്ഷം രൂപയും നൽകുന്നുണ്ട്. . (Image: Twitter/ @mandeepsingh995)
അതേസമയം, ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ ഗോൾകീപ്പറായ മലയാളി താരമായ പി ആർ ശ്രീജേഷിന് കേരള സർക്കാർ ഇതുവരെയായിട്ടും പാരിതോഷികം പ്രഖ്യാപിച്ചിട്ടില്ല. സർക്കാരിൽ നിന്ന് പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാണ്. മലയാളി സംരംഭകനും വി പി എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപകനുമായ ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച ഒരു കോടി രൂപയും, കേരള ഹോക്കി അസോസിയേഷന്റെ അഞ്ച് ലക്ഷം രൂപയും, മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ഒരു ലക്ഷം രൂപയും, കേരള സര്‍ക്കാരിന് കീഴിലുള്ള കൈത്തറി വിഭാഗത്തിന്റെ വകയായി ഷർട്ടും മുണ്ടുമാണ് താരത്തിന് ഇതുവരെ ലഭിച്ച സമ്മാനങ്ങൾ.
വനിതാ ഹോക്കി ടീം, നാലാം സ്ഥാനം : സെമി ഫൈനലിൽ എത്തി ചരിത്ര നേട്ടം കുറിച്ച ഇന്ത്യയുടെ വനിതാ ഹോക്കി ടീമിനും സമ്മാന പെരുമഴയാണ് ലഭിക്കുന്നത്. ഹരിയാന സർക്കാർ ഇന്ത്യൻ ടീമിലെ അവരുടെ ഒമ്പത് താരങ്ങൾക്ക് 50 ലക്ഷം വീതം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന സർക്കാരിന് പുറമെ ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, മിസോറം എന്നീ സംസ്ഥാനങ്ങളും അവരുടെ താരങ്ങൾക്ക് 25 ലക്ഷം വീതം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. . (Image: PTI)