

വനിതാ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് വെങ്കലം. 51 കിലോ വിഭാഗം സെമിഫൈനലില്‍ രണ്ടാം സീഡും യൂറോപ്യന്‍ ചാമ്പ്യനുമായ തുര്‍ക്കിയുടെ ബുസെനാസ് കാകിറോഗ്‌ലുവിനോടാണ് മേരി കോം പരാജയപ്പെട്ടത്. എന്നാൽ തോൽവിയിലും അപൂർവ നേട്ടത്തിനുടമായായിരിക്കുകയാണ് മേരി കോം. ലോകചാംപ്യന്‍ഷിപ്പില്‍ മേരിയുടെ എട്ടാം മെഡലാണ്. ആറു സ്വര്‍ണമടക്കം എട്ടുമെഡലുകളാണ് മേരിയുടെ സമ്പാദ്യം. ലോകചാംപ്യന്‍ഷിപ്പില്‍ ഏറ്റവുമധികം മെഡല്‍ നേടുന്ന താരമായി മേരികോം.


1–4ന് ആയിരുന്നു ഇരുപത്തിമൂന്നുകാരിയായ ബുസെനാസ് കാകിറോഗ്‍ലുവിന്റെ ജയം. വിധിനിർണയത്തിൽ അപാകതയുണ്ടെന്ന് കാട്ടി ഇന്ത്യ അപ്പീല്‍ നൽകിയെങ്കിലും നിരസിച്ചു.സെമിയിൽ പരാജയപ്പെട്ടെങ്കിലും ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പുതു ചരിത്രമെഴുതിയാണ് മുപ്പത്താറുകാരിയായ മേരി കോമിന്റെ മടക്കം. ലോക ചാംപ്യൻഷിപ്പിൽ 6 സ്വർണവും ഒരു വെളളിയും ഒരു വെങ്കലവും സ്വന്തമാക്കിയ മേരി കോം, ആകെ എട്ടു മെഡലുകളാണ് സ്വന്തമാക്കിയിട്ടുള്ളത്.


ക്വാർട്ടറിൽ കൊളംബിയയുടെ വലൻസിയ വിക്ടോറിയയെ 5–0ന് തകർത്തുവിട്ടാണ് മേരി കോം ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിന്റെ സെമിയിലെത്തിയത്. ലോക ചാമ്പ്യൻഷിപ്പിലെ ആകെ മെഡൽ നേട്ടത്തിൽ മേരി ഇതോടെ ക്യൂബയുടെ ഇതിഹാസ താരം ഫെലിക്സ് സാവോനെ പിന്തള്ളി.


സാവോൻ 1986–99 കാലത്ത് നേടിയത് 6 സ്വർണവും ഒരു വെള്ളിയുമാണ്. സ്വർണനേട്ടത്തിൽ ഫെലിക്സ് സാവോന്റെ റെക്കോർഡിനൊപ്പമാണു മേരി. ലോക ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യനായ വനിത എന്ന റെക്കോർഡ് മേരി കോമിന്റെ പേരിലാണ്.


2007ൽ ഇരട്ടക്കുട്ടികൾക്കു ജന്മം നൽകി റിങ്ങിലേക്കു മടങ്ങിയെത്തിയശേഷം മേരി മൂന്നുതവണ ലോക ജേതാവായിരുന്നു. 2013ൽ മൂന്നാമത്തെ മകനുണ്ടായതിനു പിന്നാലെ 2014ൽ ഇഞ്ചോൺ ഏഷ്യൻ ഗെയിംസിലും മേരി സ്വർണമണിഞ്ഞു. 2012ലെ ലണ്ടൻ ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയിരുന്നു. റിയോ ഒളിംപിക്സ് യോഗ്യത നേടാൻ പരാജയപ്പെട്ടതിനു പിന്നാലെയാണ്, 48 കിലോഗ്രാം വിഭാഗത്തിൽ നിന്നു മേരി കോം 51 കിലോഗ്രം വിഭാഗത്തിലേക്കു മാറിയത്.