മഴ ശക്തി പ്രാപിക്കുകയും കിഴക്കന്‍ വെള്ളത്തിന്റെ വരവ് വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ തോട്ടപ്പള്ളി പൊഴിയുടെ വീതി അടിയന്തിരമായി കൂട്ടി കടലിലേക്കുള്ള നീരൊഴുക്ക് സുഗമമാക്കാന്‍ ഈക്കഴിഞ്ഞ വ്യാഴാഴ്ച മന്ത്രിതല യോഗത്തില്‍ കര്‍ശന നിര്‍ദേശം നൽകിയിരുന്നു. ജില്ലയിലെ മഴക്കാലക്കെടുതിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലയുടെ ചുമതലയുള്ള കൃഷി മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.
advertisement
നിലവില്‍ തോട്ടപ്പള്ളി, അന്ധകാരനഴി പൊഴികള്‍ മുറിച്ച് വെള്ളം കടലിലേക്ക് വിടുന്നുണ്ട്. ഇത്തരത്തില്‍ ഒഴുക്കി കളയുന്ന വെള്ളത്തിന്റെ തോത് വര്‍ധിപ്പിക്കാനാണ് പൊഴി മുഖത്തിന്റെ വീതി കൂട്ടുന്നത്. ഇതിലൂടെ മാത്രമേ കുട്ടനാട്, അപ്പര്‍ കുട്ടനാട് പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാനും കൃഷി സംരക്ഷിക്കാനും സാധിക്കു. ദേശീയ പാത നവീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പലയിടങ്ങളിലും റോഡിന്റെ വശത്ത് കുഴിയും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. ഇത് അടിയന്തരമായി പരിഹരിക്കാന്‍ വെള്ളം ഒഴുകി പോകുന്നതിനായി താത്ക്കാലിക ഡ്രെയിനേജ് സംവിധാനം ഒരുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടായിരുന്നു. പൊഴി മുറിക്കല്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകണമെന്നും, മുന്‍കാല അനുഭവങ്ങള്‍ മനസിലാക്കി വളരെ ജാഗ്രതയോടെ വേണം പ്രവര്‍ത്തനങ്ങള്‍ നടത്താനെന്നും ഉത്തരവുണ്ടായിരുന്നു.
കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ നൂറുകണക്കിന് ആളുകൾ ചേർന്നാണ് പൊഴി മുറിച്ചുകൊണ്ടിരുന്നത്.അതിൽ കരുവാറ്റക്കാരും നാലുചിറക്കാരുമായിരുന്നു കൂടുതലും. അമ്പലപ്പുഴ, കരുമാടി, പല്ലന, തൃക്കുന്നപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെ ആളുകളും, പ്രദേശത്തെ പാടശേഖരങ്ങളുടെ ഭാരവാഹികളും, കർഷക തൊഴിലാളികളും ഒപ്പം കൂടിയിരുന്നു. പ്രളയത്തിൻറെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നവരാണ് പൊഴി മുറിക്കാൻ എത്തിയിരുന്നവരിൽ ഏറെയും. എത്തുന്നവരുടെ എല്ലാം പേര് രേഖപ്പെടുത്തി കരാറുകാരന് പണം ലഭിക്കുന്ന മുറയ്ക്ക് അവർക്ക് കൂലി നൽകുമായിരുന്നു. കൂലി ലഭിച്ചില്ലെങ്കിലും പ്രളയദുരിതം മാറുവാൻ വേണ്ടി പണി ചെയ്യുന്നവരും ഉണ്ടായിരുന്നു.ഒട്ടിത്തൂമ്പ, മൺവെട്ടി, ഞവിരി, കുട്ട തുടങ്ങിയവയായിരുന്നു പണിയായുധങ്ങൾ. ഇപ്പോൾ യന്ത്രങ്ങൾ ചെയ്യുന്ന ഈ ജോലിയുടെ പഴയ കഥ ഏറെ കൗതുകം നിറഞ്ഞ ഒന്നാണ്.






