അടുത്തിടെ, അഹമ്മദ്‌നഗർ ജില്ലയിൽ വിവാഹ ചടങ്ങുകൾ സംബന്ധിച്ച എല്ലാ നിയന്ത്രണങ്ങൾക്കും ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് പാർനറിലുള്ള കോവിഡ് കേന്ദ്രത്തിൽ വച്ച് പങ്കാളികൾ വിവാഹിതരാവുകയായിരുന്നു. വിവാഹത്തിന്റെ അധികച്ചെലവ് ഒഴിവാക്കിയാണ് ദമ്പതികൾ കോവിഡ് സെന്ററിനെ സഹായിക്കാൻ തീരുമാനിച്ചത്.
അനികേത് വ്യവഹാരെ- ആരതി ഷിൻഡെ, രാജശ്രീ കാലെ- ജനാർദ്ദൻ കടം എന്നിവരാണ് കോവിഡ് സെന്ററിൽ വച്ച് വിവാഹിതരായി പുതിയ ജീവിതത്തിന് തുടക്കം കുറിച്ചത്. എംഎൽഎ നിലേഷ് ലങ്കാസ് ശരദ് ചന്ദ്രജി പവാർ ആരോഗ്യ മന്ദിർ കോവിഡ് സെന്ററിലാണ് ഇവർ വിവാഹിതരായത്. വിവാഹത്തിന്റെ അധികച്ചെലവ് ഒഴിവാക്കി ആ തുക കോവിഡ് സെന്‍ററിനായി ചിലവഴിച്ച്. രണ്ട് ദമ്പതികളും അവരുടെ ദാമ്പത്യ ജീവിതം വ്യത്യസ്തമായ രീതിയിൽ ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. കോവിഡ് കേന്ദ്രത്തിലേയ്ക്ക് മാസ്കുകൾ, സാനിറ്റൈസർ, പിപിഇ കിറ്റ്, അവശ്യ മരുന്നുകൾ എന്നിവ നവദമ്പതികൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ ധനസഹായമായി 37000 രൂപയും നൽകി.
advertisement
കൊറോണ വൈറസിനെ തുടർന്ന് ലോകം വലിയ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇതിനിടെ വിവാഹങ്ങൾക്കും മറ്റും നിരവധി നിയന്ത്രണങ്ങളുണ്ട്. കോവിഡ് സെന്ററിൽ നിരവധി ആളുകൾ ഇപ്പോഴും ചികിത്സയിലാണ്. ഇക്കാരണത്താലാണ് അവരെ സാക്ഷിയായി ഇവിടെ വച്ച് വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് വരൻ അനികേത് വ്യവഹാരെ പറഞ്ഞു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ചടങ്ങ് നടത്തിയത്. വളരെ കുറച്ച് ബന്ധുക്കളും എംഎൽഎ നിലേഷ് ലങ്കെയും ചടങ്ങിൽ സാക്ഷിയായി. ഉന്നത വിദ്യാഭ്യാസമുള്ള ഈ യുവാക്കൾ മാതാപിതാക്കളുടെ അനുമതിയോടെയാണ് ഇങ്ങനെ ഒരു വിവാഹത്തിന് തീരുമാനം എടുത്തതെന്ന് എംഎൽഎ നിലേഷ് ലങ്ക പറഞ്ഞു.
ഇതിനിടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ മാനിക്കാതെ നടന്ന വിവാഹങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം മധ്യപ്രദേശ് സർക്കാർ വ്യക്തമാക്കിയിരുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നിലവിലിരിക്കുന്ന സംസ്ഥാനത്ത് വിവാഹച്ചടങ്ങുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ഇത് മറികടന്ന് രഹസ്യമായി നടന്ന വിവാഹങ്ങൾ നിയമ വിരുദ്ധമായി പ്രഖ്യാപിക്കാനാണ് വിവിധ ജില്ലാഭരണകൂടത്തിന്‍റെ നീക്കം.
ഈ മാസം വിവാഹിതരായ ദമ്പതികൾക്ക് വിവാഹസർട്ടിഫിക്കറ്റ് നൽകില്ലെന്നും അറിയിച്ചിട്ടുണ്ട്. കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിലാണ് മധ്യപ്രദേശിൽ ഈ മാസം ലോക്ക്ഡൗൺ അടക്കം നിയന്ത്രണങ്ങൾ കടുപ്പിച്ചത്. വിവാഹച്ചടങ്ങുകൾക്കും അനുമതി ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് മുപ്പതോളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് അധികൃതർ പറയുന്നു.