മേൽപ്പറഞ്ഞ വസ്തുതകൾ കണക്കിലെടുക്കുമ്പോൾ പരിസ്ഥിതിയുടെ ഏറ്റവും വലിയ ശത്രുക്കളിൽ ഒന്നാണ് പ്ലാസ്റ്റിക്. എന്നാൽ ഏതാനും ചില വ്യക്തികൾ ഈ പ്രശ്നം തിരിച്ചറിയുകയും ഈ വില്ലനെ നേരിടാൻ ചില മികച്ച മാർഗ്ഗങ്ങൾ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്.
ലോകത്ത് നിരവധി പേർക്ക് ജോലി നഷ്ടമാകുകയും ഉപജീവനമാർഗം തേടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് ഫാഷൻ ഉത്പന്നങ്ങൾ തയ്യാറാക്കുകയാണ് പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സാമൂഹിക സംരംഭമായ ഇക്കോകാരി (EcoKaari). ഹാൻഡ്‌ബാഗുകൾ, ഫാഷൻ ആക്‌സസറികൾ, സ്റ്റേഷനറി ഉൽപ്പന്നങ്ങൾ, ഓഫീസ് ഉൽപ്പന്നങ്ങൾ, ഗാർഹിക അലങ്കാര വസ്തുക്കൾ തുടങ്ങി ആകർഷകമായ നിരവധി ഇനങ്ങളാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് ഇക്കോകാരി തയ്യാറാക്കുന്നത്. ചർക്ക ഉപയോഗിച്ചാണ് പ്ലാസ്റ്റിക്കിൽ നിന്ന് ഇത്തരം ഉത്പന്നങ്ങൾ തയ്യാറാക്കുന്നത്.
advertisement
പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന പ്രാദേശിക കരകൗശലത്തൊഴിലാളികൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്കും യുവാക്കൾക്കും തൊഴിലവസരങ്ങൾ കൂടി പ്രദാനം ചെയ്യുന്ന സംരംഭമാണിത്. നന്ദൻ ഭട്ട് എന്ന വ്യക്തിയാണ് ഇക്കോകാരി എന്ന ഈ സംരംഭത്തിന് തുടക്കമിട്ടത്. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ഭയാനകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും ഇക്കോകാരി വലിയ പങ്കുവഹിക്കുന്നു.
ഇക്കോകാരി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ പ്രത്യേക തരം പ്ലാസ്റ്റിക് ഫാബ്രിക്കാക്കി മാറ്റിയാണ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. പോളിത്തീൻ ബാഗുകൾ, കുക്കികളുടെയും ബിസ്ക്കറ്റിന്റെയും മറ്റും കവറുകൾ, ചിപ്‌സ്, സോപ്പ് പായ്ക്കറ്റുകൾ, ഗിഫ്റ്റ് പേപ്പറുകൾ, ബ്രെഡ് പാക്കറ്റുകൾ, ബബിൾ റാപ്, ഓഡിയോ/വീഡിയോ കാസറ്റ് ടേപ്പുകൾ എന്നിവ ഉപയോഗിച്ചാണ് അലങ്കാര വസ്തുക്കൾ തയ്യാറാക്കുന്നത്. എൻജിഒകൾ വഴിയും ഗാർഹിക പ്ലാസ്റ്റിക് മാലിന്യങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ചുമാണ് ഉത്പന്നങ്ങൾ തയ്യാറാക്കുന്നത്.
വിവിധ സ്രോതസ്സുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചതിന് ശേഷമാണ് ചവറ്റുകുട്ടയെ നിധികളാക്കി മാറ്റുന്ന പ്രക്രിയ ആരംഭിക്കുന്നത്. ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ പിന്നീട് വെള്ളത്തിലൂടെയും നിരവധി ക്ലെൻസറുകളിലൂടെയും കടന്നു പോകുന്നു. തുടർന്ന്, വൃത്തിയാക്കിയ പ്ലാസ്റ്റിക് ഉണക്കി, സ്ട്രിപ്പുകളായി മുറിച്ചെടുക്കും. ഇത് നെയ്തെടുക്കുന്നതിന് മുമ്പ് ചർക്കയിൽ ഉരുട്ടും. ഈ ഘട്ടങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ, പൂർത്തിയായ ഉൽപ്പന്നം ഡിസൈനർമാർക്കും തയ്യൽക്കാർക്കും നൽകുന്നു. ഈ പ്രക്രിയകൾക്ക് രാസവസ്തുക്കളും വൈദ്യുതിയും ചൂടും ആവശ്യമില്ല. അതിനാൽ ഇത് പൂർണ്ണമായും പരിസ്ഥിതി സൗഹൃദമാണ്.
ഒരു വർഷത്തിനുള്ളിൽ, 2 ലക്ഷത്തിലധികം യൂണിറ്റ് പ്ലാസ്റ്റിക് ബാഗുകളും കവറുകളും ഇക്കോകാരി മനോഹരങ്ങളായ ഉത്പന്നങ്ങളാക്കി മാറ്റിയിട്ടുണ്ട്. കൂടാതെ, 22 ഗ്രാമീണ കരകൗശലത്തൊഴിലാളികൾക്ക് ജോലിയും നൽകി. അടുത്ത വർഷം അവസാനത്തോടെ ഈ സംഖ്യ 50 ആയി ഉയർത്താനാണ് പദ്ധതി. ദുബായ്, ഫ്രാൻസ്, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ, ജർമ്മനി, യുകെ, സിംഗപ്പൂർ, യുഎസ്‌എ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ പങ്കാളികളെയും ലഭിച്ചിട്ടുണ്ട്.