ക്യാനറി ദ്വീപിലേക്കുള്ള കുടിയേറ്റം വർദ്ധിക്കുന്നു; കുടിയേറ്റക്കാരെ സ്പാനിഷ് പഠിപ്പിക്കാൻ ഗ്യാരേജ് പഠനമുറിയാക്കി

Last Updated:

ജനുവരിയ്ക്കും ജൂലൈ മധ്യത്തിനും ഇടയിൽ അറ്റ്ലാന്റിക് സമുദ്രത്തിലൂടെ 7,260 പേരാണ് ക്യാനറി ദ്വീപിലേക്ക് കുടിയേറിപ്പാർക്കാനായി എത്തിയത്

spainard
spainard
സ്‌പെയിനിലെ ക്യാനറി ദ്വീപിലെ അധികൃതർ രേഖകളില്ലാതെ അവരുടെ തീരത്തേക്ക് കുടിയേറി എത്തുന്ന ജനങ്ങളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് കൈകാര്യം ചെയ്യാൻ വലിയ ബുദ്ധിമുട്ട് നേരിടുമ്പോൾ കുടിയേറ്റ ജനതയെ സ്പാനിഷ് ഭാഷ പഠിപ്പിക്കാൻ സ്വന്തം ഗ്യാരേജ് ഒരു ക്ലാസ്‌മുറിയാക്കി മാറ്റിയിരിക്കുകയാണ് ഒരു ദ്വീപ് നിവാസി. ജനുവരിയ്ക്കും ജൂലൈ മധ്യത്തിനും ഇടയിൽ അറ്റ്ലാന്റിക് സമുദ്രത്തിലൂടെ 7,260 പേരാണ് ക്യാനറി ദ്വീപിലേക്ക് കുടിയേറിപ്പാർക്കാനായി എത്തിയത്. കഴിഞ്ഞ വർഷം കുടിയേറിയ 2,800 ആളുകളെ അപേക്ഷിച്ച് കുടിയേറ്റ ജനതയുടെ എണ്ണത്തിൽ ഈ വർഷം വലിയ വർദ്ധനവാണ് ഉണ്ടായിരുന്നതെന്ന് സ്പാനിഷ് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നു.
കോവിഡ് മഹാമാരി ഉത്തരാഫ്രിക്കയിലെയും ഉപ സഹാറൻ ആഫ്രിക്കയിലെയും വിനോദസഞ്ചാര മേഖലയിലും മറ്റു വ്യവസായങ്ങളിലും സൃഷ്‌ടിച്ച പ്രതിസന്ധിയാണ് കുടിയേറ്റം വർധിക്കാനുള്ള പ്രധാന കാരണമായി അധികൃതർ കണക്കാക്കുന്നത്. സ്വന്തം നാട് ഉപേക്ഷിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടിയെത്താൻ കോവിഡ് പ്രതിസന്ധി ജനങ്ങളെ പ്രേരിപ്പിക്കുന്നു.
കുടിയേറിയെത്തുന്ന ജനങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ അവർക്ക് ആവശ്യത്തിന് വിഭവങ്ങൾ ലഭ്യമാകുന്നില്ല എന്ന് മനസിലാക്കിയതോടെയാണ് ക്യാനറി ദ്വീപ് നിവാസിയായ ടിറ്റോ മാർട്ടിൻ അവരെ ഭാഷ പഠിപ്പിക്കാൻ ഒരു സ്‌കൂൾ ആരംഭിക്കാൻ തീരുമാനിച്ചത്. "കുടിയേറ്റ സാഹചര്യത്തെക്കുറിച്ചുള്ള വാർത്തകളും മറ്റ് അഭിപ്രായ പ്രകടനങ്ങളും കേട്ട് അതൊക്കെ തലയാട്ടി അംഗീകരിക്കുന്നതിനേക്കാൾ മികച്ച കാര്യം എന്തെങ്കിലും സ്വന്തമായി ചെയ്യുക എന്നതാണ്", അദ്ദേഹം പറഞ്ഞു.
advertisement
കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിച്ചതോടെ അവർക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ ദ്വീപിൽ തികയാത്ത സാഹചര്യമാണ് ഉള്ളത്. അതിനാൽ, ആയിരക്കണക്കിന് ആളുകളെ വിവിധ ക്യാമ്പുകളിലായാണ് അധികൃതർ പാർപ്പിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ അവശ്യ സൗകര്യങ്ങൾ പോലും പര്യാപ്തമല്ലെന്ന് മനുഷ്യാവകാശ പ്രവർത്തകർ വിമർശിക്കുന്നുണ്ട്.
മാർട്ടിന്റെ ഗ്യാരേജിൽ വാനുകൾക്കും ബൈക്കുകൾക്കും സർഫ്‌ബോർഡുകൾക്കും ഇടയിൽ മരപ്പലകകളിലിരുന്ന് ഒരു കൂട്ടം ചെറുപ്പക്കാർ സ്പാനിഷ് ഭാഷയുടെ ആദ്യാക്ഷരങ്ങൾ കുറിയ്ക്കുകയും അവ ഉച്ചരിച്ച് പഠിക്കുകയും ചെയ്യുന്നു. "എനിക്ക് സ്പാനിഷ് ഭാഷ പഠിക്കണം. ഞാൻ സെനഗാളിലാണ് ജീവിച്ചിരുന്നത്. ഞാൻ സ്‌കൂളിൽ പോയിട്ടില്ല, എനിക്ക് വായിക്കാനും അറിയില്ല", 25 വയസുകാരനായ മാർ ലോ പറയുന്നു. എട്ട് മാസങ്ങൾക്ക് മുമ്പ് ക്യാനറി ദ്വീപിലെത്തിയ മാർ ലോ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ സ്പാനിഷ് പഠിക്കുന്നു. കുടിയേറ്റ സമയത്ത് മാർ ലോ പതിനാല് ദിവസങ്ങൾ കടലിലാണ് കഴിഞ്ഞത്. അതിൽ അഞ്ച് ദിവസങ്ങളിൽ കഴിക്കാൻ ഭക്ഷണമോ കുടിക്കാൻ വെള്ളമോ ഉണ്ടായിരുന്നില്ല. ഒടുവിൽ ഒരു സ്പാനിഷ് രക്ഷാക്കപ്പൽ അദ്ദേഹത്തിന്റെ ബോട്ട് കണ്ടെത്തി രക്ഷിക്കുകയായിരുന്നു. "അവർ ഞങ്ങളെ സഹായിച്ചിരുന്നില്ലെങ്കിൽ ഞങ്ങളെല്ലാം മരിച്ചേനെ", അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ക്യാനറി ദ്വീപിൽ ഫ്രഞ്ചും ഇംഗ്ലീഷും പഠിപ്പിക്കുന്ന ഇസബെൽ ഫ്ലോറിഡോ എന്ന അദ്ധ്യാപിക മാർട്ടിന്റെ സംരംഭത്തെക്കുറിച്ച് അറിഞ്ഞപ്പോൾ അതിന്റെ ഭാഗമാവുകയും കുടിയേറ്റ ജനതയെ സ്പാനിഷ് പഠിപ്പിക്കാൻ സ്വയം സന്നദ്ധയായി രംഗത്ത് വരികയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ക്യാനറി ദ്വീപിലേക്കുള്ള കുടിയേറ്റം വർദ്ധിക്കുന്നു; കുടിയേറ്റക്കാരെ സ്പാനിഷ് പഠിപ്പിക്കാൻ ഗ്യാരേജ് പഠനമുറിയാക്കി
Next Article
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement