കോവിഡ് കേസുകൾ വർദ്ധിക്കുകയും സംസ്ഥാനത്തൊട്ടാകെ നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആശ റോത്ത് എന്ന വനിതാ പോലീസ് കോൺസ്റ്റബിളിന്റെ ദീർഘകാല അവധിക്ക് വേണ്ടിയുള്ള അപേക്ഷക്ക് അനുമതി നിഷേധിക്കപ്പെട്ടത്. വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുന്ന വീഡിയോയിൽ കോത്ത്വാളി പോലീസ് സ്റ്റേഷനിലെ ചില വനിതാ പോലീസുദ്യോഗസ്ഥർ ചേർന്ന് തങ്ങളുടെ സഹപ്രവർത്തകയ്ക്ക് മഞ്ഞൾ തേച്ചുകൊടുക്കുന്നത് കാണാം. സ്റ്റേഷൻ പരിസരത്ത് വെച്ച് തന്നെയാണ് ഹൽദി ചടങ്ങ് നടന്നത്. ഈ ചടങ്ങുമായി ബന്ധപ്പെട്ട് പരമ്പരാഗതമായി പാടാറുള്ള പാട്ടുകൾ പാടിയാണ് എല്ലാവരും ചേർന്ന് ചടങ്ങ് നടത്തിയത്. ഒരു സൽവാർ സ്യൂട്ട് ധരിച്ചാണ് പ്രതിശ്രുത വധു കസേരയിൽ ഇരിക്കുന്നത്. അവരുടെ സഹപ്രവർത്തകർ ചുറ്റിലുംനിന്ന് ചടങ്ങ് ആഘോഷമായി നടത്തുന്നു.
advertisement
Also Read- ജോലിക്കിടെ ഭക്ഷണം കഴിക്കാൻ മറക്കാറുണ്ടെന്ന് സുക്കർബർഗ്; വൈറലായ അച്ഛന്റെ മറുപടി കാണാം
പത്രിക എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം പ്രസ്തുത വനിതാ പോലീസ് ഉദ്യോഗസ്ഥയുടെവിവാഹം കഴിഞ്ഞ വർഷം നടക്കേണ്ടതായിരുന്നു. എന്നാൽ, കോവിഡ് മഹാമാരി മൂലം വിവാഹം നീട്ടി വെക്കേണ്ടിവന്നു. ഒരു വർഷത്തേക്ക് വിവാഹം നീട്ടിവെച്ചെങ്കിലും ഇപ്പോൾ കോവിഡിന്റെ രണ്ടാം തരംഗം ആഘോഷങ്ങൾക്ക് വിഘാതം സൃഷ്ടിച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. ഈ മാസം അവസാനമാണ് വിവാഹച്ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി വിവാഹത്തോടനുബന്ധിച്ച് നടത്തേണ്ട ചടങ്ങുകളെല്ലാം നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് ആശയുടെ സഹപ്രവർത്തകരായ മറ്റ് പോലീസ് ഉദ്യോഗസ്ഥർ. ദുങ്കർപൂറിലെ ആദിവാസി മേഖലകളിലെ പ്രാദേശികമായ ആചാരമനുസരിച്ച് മുദിയ അല്ലെങ്കിൽ മുർജു എന്നറിയപ്പെടുന്ന ഹൽദി ചടങ്ങ് പ്രതിശ്രുത വധുവിനെ ഒരു കിടക്കയിൽ ഇരുത്തിയാണ് നടത്താറുള്ളത്. എന്നാൽ, ഇവിടെ വധുവിനെ കസേരയിൽ ഇരുത്തിക്കൊണ്ട് ചടങ്ങ് നടത്തേണ്ടി വന്നു. "മഞ്ഞൾ പുരട്ടിയ ശേഷം തങ്ങളുടെ വീടുകളിൽ വെച്ച് വധൂവരന്മാർ മംഗള ഗാനങ്ങൾ ആലപിച്ച്കട്ടിലിൽ ഇരിക്കാറാണ് പതിവ്. പോലീസ് സ്റ്റേഷനിൽ കട്ടിൽ ക്രമീകരിക്കാൻ കഴിയാഞ്ഞത്കൊണ്ട് കസേര ഉപയോഗിക്കുകയായിരുന്നു", വീഡിയോയിലെ സംഭവങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ജാഗരൺ റിപ്പോർട്ട് ചെയ്യുന്നു.
ഈ ചടങ്ങ് നടത്താൻ വേറെ മുഹൂർത്തം കണ്ടെത്താൻ കഴിയാഞ്ഞതിനാലാണ് ചടങ്ങ് പോലീസ് സ്റ്റേഷനിൽ വെച്ച് തന്നെ നടത്താൻ തീരുമാനിച്ചതെന്ന് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ദിലീപ് ദാൻ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ഭാഗ്യവശാൽ, വിവാഹത്തിന് വേണ്ടി അവധിയെടുക്കാൻ ആശ റോത്തിന് പിന്നീട് അനുമതി ലഭിച്ചു.