പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് ഭര്‍ത്താവ് ജോലി ചെയ്യുന്ന ദുബായിലേക്കാണ് ആദ്യം സീമ എത്തിയത്. തുടര്‍ന്ന് അവിടെ നിന്ന് നേപ്പാളിലെ കാഠ്മണ്ഡുവിലെത്തി. അവിടെ നിന്നും പൊഖാറ വഴി ഇന്ത്യയിലേക്ക് കടന്ന അവര്‍ സച്ചിന്‍ താമിസിക്കുന്ന ഗ്രേറ്റര്‍ നോയിഡയിലെത്തിച്ചേര്‍ന്നു. വിവാഹത്തിനായി സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഇരുവരും ഒരു അഭിഭാഷകനെ സമീപിക്കുകയായിരുന്നു. അഭിഭാഷകനാണ് ഇരുവരെയും പോലീസിന് മുന്നിൽ എത്തിച്ചത്.
advertisement
പാകിസ്താനിലെ കറാച്ചി സ്വദേശിയാണ് താന്‍ എന്ന് അവകാശപ്പെട്ട സീമ തന്റെ നാലുകുട്ടികള്‍ക്കും സച്ചിനുമൊപ്പവുമാണ് അഭിഭാഷകന്റെ ഓഫീസില്‍ എത്തിയത്. ഗ്രേറ്റര്‍ നോയിഡയിലെ റബുപുരി ഗ്രാമമാണ് സച്ചിന്റെ സ്വദേശം. ഇവിടെ താന്‍ ഒരു മാസത്തോളമായി താമസിച്ചു വരികയായിരുന്നുവെന്ന് സീമ വ്യക്തമാക്കി.
പബ്ജി കളിക്കുന്നതിനിടെയാണ് താന്‍ സച്ചിനുമായി പ്രണയത്തിലായതെന്ന് സീമ അഭിഭാഷകനോട് പറഞ്ഞു. തന്റെ ഭര്‍ത്താവ് ദുബായിലാണ് ജോലി ചെയ്യുന്നതെന്നും സഹോദരന്‍ പാകിസ്താന്‍ സൈന്യത്തിലുമാണെന്നും അവര്‍ പറഞ്ഞതായും അഭിഭാഷകന്‍ വ്യക്തമാക്കി. നേപ്പാളില്‍ നിന്ന് ബസ് മാര്‍ഗമാണ് യുവതി പൊഖാറയിലെത്തിയത്. ഇവിടെ നിന്നും ബസ് മാര്‍ഗം തന്നെയാണ് ഗ്രേറ്റര്‍ നോയിഡയിലുമെത്തിയത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നന്നായി ഹിന്ദി സംസാരിക്കുന്ന സീമ വലിയൊരു തുക വിമാനടിക്കറ്റിനായി ചെലവഴിച്ചിട്ടുണ്ട്. കൂടെയുള്ള കുട്ടികളെ തന്റെ സഹോദരിമാരെന്നാണ് സീമ പരിചയപ്പെടുത്തിയത്, അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. വൈകാതെ സീമയും സച്ചിനും കുട്ടികളും അഭിഭാഷകന്റെ ഓഫീസില്‍ നിന്നും ഓടിപ്പോയി.
പബ്ജിയിലൂടെ മറ്റ് കളിക്കാരുമായി സംവദിക്കാന്‍ കഴിയുമോ?
വ്യത്യസ്തമായ ഇടങ്ങളിലുള്ളവര്‍ ഒന്നിച്ചുവന്ന് പരസ്പരം സംവദിച്ചുകൊണ്ട് നടത്തുന്ന ഗെയിമാണ് പബ്ജി. ഈ ഗെയിമിനിടെ പരസ്പരം മത്സരിക്കുമ്പോള്‍ മത്സാര്‍ത്ഥികള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെടാനും കഴിയുന്നു. ഇതിന് പുറമെ ഗ്രൂപ്പായും ഒറ്റയ്ക്കും ചാറ്റ് ചെയ്യാനും വോയിസ് മെസേജ് അയക്കാനും കഴിയും. ഇതുവഴി ഗെയിമിന് പുറമെയുള്ള സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കാന്‍ കഴിയും.
ഗെയിമിന്റെ ഭാഗമായി തന്ത്രങ്ങള്‍ രൂപവത്കരിക്കുകയും സഹകരിക്കുകയും ചെയ്യുന്നത് വഴി കളികാര്‍ക്ക് ടിപ്‌സുകള്‍ പങ്കുവയ്ക്കാനും മറ്റൊരാളെ പിന്തുണയ്ക്കാനും കഴിയും. ഒന്നിച്ച് നിന്ന് വിജയം നേടിയെടുക്കാനും സാധിക്കും.