ആരാരുമറിയാതെ എന്നെ പ്രേമിച്ച പെൺകൊടിയേ'... യെസ് കാവ്യയും ഷവർമർഖാനും ആടിത്തിമിർക്കുന്ന ഈ പാട്ട് 'അടുപ്പ്' എന്ന യൂടൂബ് ചാനലിലെ വെബ് സീരീസിൽ നിന്നാണ്. ഇത് കണ്ട് ചിരിയടക്കാനാകാതെ വീണ്ടും വീണ്ടും കാണുകയാണ് സബ് സ്ക്രൈബർമാർ. കേവലം മൂന്ന് എപ്പിസോഡ് കൊണ്ടാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ ഈ യൂടൂബ് ചാനൽ കയ്യടി നേടിയത്. ചാനലിന്റെ അമരത്ത് നാടക പ്രവർത്തകനായ ബിപിൻദാസ് പരപ്പനങ്ങാടിയാണ്. ബിപിൻദാസിന്റേതടക്കമുള്ളവരുടെ ജീവിതത്തിന്റെ പരിച്ഛേദമാണ് ഓരോ എപ്പിസോഡിന്റെയും ഇതിവൃത്തം.
Also Read-ഈ ഒതളങ്ങയ്ക്ക് വിഷമില്ല, ചിരിപ്പിച്ച് ആയുസ്സും കൂട്ടും; ഒതളങ്ങ തുരുത്തിന്റെ സംവിധായകൻ പറയുന്നു
advertisement
കോവിഡ് കാലത്തെ ലോക്ക് ഡൗൺ എല്ലാവർക്കും പ്രതിസന്ധിയായിരുന്നല്ലോ. ഇക്കാലയളവിൽ കലാകാരന്മാരുടെ ജീവിതവും പറയാവുന്നതിലും അപ്പുറത്തായിരുന്നു. വീട്ടിൽ ചടഞ്ഞുകൂടേണ്ടി വന്ന സമയത്താണ് എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ചിന്ത വന്നതെന്ന് ബിപിൻദാസ് പറയുന്നു. എന്തിനുമേതിനും യൂടൂബ് ചാനലുകൾ പൊട്ടിമുളച്ച കാലയളവായിരുന്നു കോവിഡ് കാലം. അങ്ങിനെയാണ് കലാപ്രകടനത്തിന് ഒരു യൂടൂബ് ചാനൽ ആരംഭിച്ചകൂടാ എന്ന ആലോചനയുണ്ടാകുന്നത്.
ആദ്യഘട്ടത്തിൽ ഫേസ്ബുക്കിൽ അപ്‍ലോഡ് ചെയ്ത ചില വീഡിയോകൾക്ക് വലിയ പിന്തുണകിട്ടി. ഇതിന്റെ ഊർജ്ജത്തിൽ നിന്നാണ് 'അടുപ്പ്' എന്ന ചാനലിന് രൂപം കൊടുക്കുന്നതിലെത്തിയത്. ഭാര്യ അശ്വനിയുടെ അകമഴിഞ്ഞ പിന്തുണയാണ് കരുത്തായത്. അങ്ങിനെ നാടകത്തിലൂടെ കിട്ടിയ കുട്ടികളെ ഒന്നിച്ച് ചേർത്ത് 'ആശാനും പുള്ളേരു'മെന്ന വെബ് സീരീസിന് രൂപം നൽകി.
തങ്ങളുടെ പണി പൂർത്തിയാകാത്ത വീടിന് 'കാനഡ' എന്നാണ് പേരിട്ടിരിക്കുന്നത്. പരപ്പനങ്ങാടിയിലെ 'കാനഡ'യും അതിന്റെ പരിസര പ്രദേശങ്ങളുമാണ് 'ആശാനും പുള്ളേര്‍ക്കും' ലൊക്കേഷനായത്. വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ നാടകരംഗത്തേക്ക് വന്നയാളാണ് ബിപിൻദാസ്. സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന സ്കൂൾ നാടകങ്ങളിൽ പലപ്പോഴും ബിപിൻദാസിന്റെ നാടകങ്ങൾ കാണാം. വെബ് സീരീസ് തുടങ്ങുമ്പോൾ തന്നെ അരികുവൽക്കരിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതം പറയണമെന്നാണ് കരുതിയിരുന്നത്. അത്തരം മനുഷ്യരുടെ പ്രതീക്ഷയും നിരാശയും അമര്‍ഷവുമെല്ലാം ചേർത്ത് ഹാസ്യത്തിന്റെ മേമ്പൊടിയോടെ പറയുമ്പോൾ ആളുകൾ സ്വീകരിക്കുമെന്ന് ഉറപ്പായിരുന്നു.
ആദ്യ എപ്പിസോഡ് യൂടൂബിൽ അപ്‍ലോഡ് ചെയ്തപ്പോൾ തന്നെ ആളുകൾ ഏറെ സ്വീകരിച്ചു.മുപ്പതിനായിരത്തോളം സബ്സ്ക്രൈബേഴ്സിനെയാണ് അന്ന് ലഭിച്ചത്. കുറഞ്ഞ കാലയളവിൽ ഒന്നിന് പിറകെ ഒന്നായി മൂന്ന് എപ്പിസോഡുകൾ അപ്‍ലോഡ് ചെയ്തു. സബ്സ്ക്രിപ്ഷനിപ്പോൾ ഒരു ലക്ഷം കവിഞ്ഞിരിക്കുന്നു.
അഭിനേതാക്കളും അണിയറപ്രവർത്തകരുമെല്ലാം ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് അടുപ്പിന് പിന്നിൽ അണിനിരക്കുന്നത്. സാങ്കേതിക പരിമിതികളുണ്ടെങ്കിലും ഓരോ എപ്പിസോഡും മികവുറ്റതാക്കാൻ കൂട്ടായ ശ്രമമുണ്ട്. സിനിമയാണ് ബിപിൻദാസിന്റെ ലക്ഷ്യം. അത് യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ. ചിരിയും ചിന്തയും പടർത്താൻ കൂടുതൽ എപ്പിസോഡുകൾ 'അടുപ്പി'ലൂടെ പുറത്തുവരുമെന്ന് തന്നെയാണ് 'ആശാന്റെയും പുള്ളേരുടേയും' ഓഫർ. സബ് സ്ക്രൈബ് ചെയ്യുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ലെന്നും 'അടുപ്പി'ലെ മനുഷ്യർ പറയുന്നു....