നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഈ ഒതളങ്ങയ്ക്ക് വിഷമില്ല, ചിരിപ്പിച്ച് ആയുസ്സും കൂട്ടും; ഒതളങ്ങ തുരുത്തിന്റെ സംവിധായകൻ പറയുന്നു

  ഈ ഒതളങ്ങയ്ക്ക് വിഷമില്ല, ചിരിപ്പിച്ച് ആയുസ്സും കൂട്ടും; ഒതളങ്ങ തുരുത്തിന്റെ സംവിധായകൻ പറയുന്നു

  ഒതളങ്ങ പോലെ വിഷമല്ല ഇവിടുത്തെ മനുഷ്യരെന്ന് പറയുകയാണ് തുരുത്തിന്റെ കഥാകാരൻ അംബുജി.

  othalanga thuruthu

  othalanga thuruthu

  • Share this:
  "രായന്റെ വീട്ടിലെ കൂട്ടില് മൈന കിടപ്പുണ്ട്, കണ്ടിട്ട് സ്കൂളിൽ പോകാൻ നോക്ക്."

  ഇയാള് ചുമ്മാ കുടുംബ പ്രശ്നത്തിൽ ഇടപെടല്ല... കേട്ടല്ലോ, അവന്റെ രായന്റെ കൂട്".

  ഇത്തിരിപോന്ന ചെറുക്കനാണ് കട്ടക്കലിപ്പിൽ പറയുന്നത്. എന്നാൽ, കേൾക്കുന്നവർക്ക് പക്ഷേ ചിരി നിർത്താനാകില്ല. മലയാളികളെ അടുത്ത കാലത്ത് ഏറ്റവും ചിരിപ്പിച്ചത് ഒരുപക്ഷേ വിരലും ചൂണ്ടി നിൽക്കുന്ന ഈ പയ്യനായിരിക്കും. കുഞ്ഞു വാട്സ് ആപ് സ്റ്റാറ്റസായി പ്രചരിച്ച വീഡിയോ കണ്ടവർ അന്വേഷിച്ച് എത്തിയത് ഒരു തുരുത്തിലേക്കാണ്, കൊക്ക് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന ഒതളങ്ങാ തുരത്തിൽ. അവിടെ കാഴ്ച്ചക്കാരെ കാത്ത് വേറെയും കുറേ പേരുണ്ട്.

  വെള്ളത്തിൽ പൊങ്ങി എങ്ങോട്ടെന്നില്ലാതെ ഒഴുകുന്ന ഒതളങ്ങ കണ്ടിട്ടില്ലേ, അതു പോലെയാണ് ഈ ഒതളങ്ങ തുരുത്തിലെ കഥാപാത്രങ്ങളും. പ്രത്യേകിച്ച് ലക്ഷ്യങ്ങളോ ഭാവിയെ കുറിച്ചുള്ള ആശങ്കയോ ഇല്ലാതെ ഇവരുടെ ഓരോ ദിവസവും കഴിയുന്നു. ഒതളങ്ങ പോലെ വിഷമല്ല ഇവിടുത്തെ മനുഷ്യരെന്ന് പറയുകയാണ് തുരുത്തിന്റെ കഥാകാരൻ അംബുജി.

  ഒതളങ്ങയിലെ മനുഷ്യരെ കുറിച്ച് സംവിധായകൻ അംബുജി പറയുന്നു,

  യൂ ട്യൂബ് ചാനലിന്റെ പേര് കൊക്ക് എന്റർടെയ്ൻമെന്റ്, ആദ്യ ഷോട്ട്ഫിലിം കരഞണ്ട്, ഇപ്പോൾ ഒതളങ്ങ തുരുത്ത്, എല്ലാം നാട്ടിൻപുറവും വെള്ളവുമായി ബന്ധപ്പെട്ടാണല്ലോ ?

  കട്ട ലോക്കൽ എന്ന് വേണമെങ്കിൽ പറയാം, ചിന്തയിൽ ഇതൊക്കെ തന്നെയാണുള്ളത്. സ്വാഭാവികമായി സംഭവിച്ചതാണ്. ഇങ്ങനയേ വരൂ. ഒരു സാങ്കൽപ്പിക ഗ്രാമമാണ് ഒതളങ്ങാ തുരുത്ത്. കൊല്ലം ജില്ലയിലെ അഴീക്കലിൽ ആയിരം തെങ്ങ് എന്ന സ്ഥലത്താണ് ലൊക്കേഷൻ.

  ഒതളങ്ങാ തുരുത്തിന്റെ കഥ പറയാം എന്ന് എങ്ങനെയാണ് തോന്നിയത്?

  കിരൺ ന്യൂപ്പീറ്റൽ, അംബുജി, അനു ബി ഐവർ


  കാഴ്ച്ചക്കാർക്ക് എന്തെങ്കിലും സന്ദേശം നൽകുന്ന വർക്കുകളാണ് നേരത്തേ ചെയ്തിരുന്നത്. അതിൽ നിന്ന് ഒരു മാറ്റം വേണമെന്ന് തോന്നിയിരുന്നു. സന്ദേശങ്ങൾ കിട്ടി എല്ലാവരും മടുത്തിരിക്കുകയല്ലേ. കോമഡി ചെയ്യാൻ നേരത്തേ താത്പര്യമുണ്ടായിരുന്നു. അത് വഴങ്ങുമോ എന്നും സംശയമായിരുന്നു. ചെയ്തു വന്നപ്പോൾ ശരിയായി.

  ഒതളങ്ങാ തുരുത്തിനെ കുറിച്ച്?

  പല വെബ് സീരീസിനും ഇൻഡോർ ഷൂട്ട് ആണ് നടക്കുന്നത്. ഫ്ലാറ്റിനുള്ളിൽ അല്ലെങ്കിൽ ഏതെങ്കിലും വീട്ടിനുള്ളിൽ നടക്കുന്ന കഥയാണ് പറയുന്നത്. എനിക്കത് റിലേറ്റ് ചെയ്യാൻ പറ്റില്ല. അത് കാണുമ്പോൾ തന്നെ ഒരു വീർപ്പുമുട്ടലാണ്. നാട്ടിൻപുറവും അവിടുത്തെ ആളുകളുമാണ് എന്റെ ലോകം. നാട്ടിൻപുറത്തെ ചുറ്റുപാടുകളിലൂടെ കഥ പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

  തുരുത്തിലെ നത്തും പപ്പനുമെല്ലാം കാണുന്നവർക്ക് നേരത്തേ പരിചയമുള്ളവരെ പോലെ തോന്നാം. എല്ലാ നാട്ടിലും ഇതുപോലെ ഉള്ളവർ ഉണ്ടാകും. പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്ത ഇവരോട് നാട്ടുകാർക്ക് വലിയ മതിപ്പൊന്നുമില്ലെങ്കിലും ഇവർക്കിടിയിൽ നടക്കുന്ന കാര്യങ്ങൾ രസകരമാണ്. നത്തും പപ്പനും ഇങ്ങനെ ഉണ്ടായതാണോ?

  നാട്ടിൻപുറത്തുകാരനായതുകൊണ്ട് അതൊക്കെ സ്വാധീനിച്ചിട്ടുണ്ടാകാം. ബോധപൂർവം ചെയ്തതല്ല, സംഭവിച്ചു പോയതാണ്. കുട്ടിക്കാലത്ത് ബാലരമയിൽ വായിച്ച സൂത്രനും ഷേരുവും വിക്രമനും മുത്തുവുമൊക്കെ മനസ്സിൽ കിടപ്പുണ്ടായിരുന്നു. ഒരുപക്ഷേ അങ്ങനെയാകും നത്തും പപ്പനും ഉണ്ടായത്. ബാലഭൂമിയുടെയും ബാലരമയുടെയുടേയും ഇംപാക്ട് ഒതളങ്ങാ തുരുത്തിൽ ഉണ്ടെന്നാണ് തോന്നുന്നത്.

  ഒതളങ്ങാ തുരുത്താണ് തന്റെ നായകനെന്ന് പറഞ്ഞിരുന്നല്ലോ, അപ്പോൾ ഈ സീരീസിന് ശേഷവും ഒതളങ്ങയിലെ കഥകളുമായി വീണ്ടും എത്തുമോ?

  തീർച്ചയായും. ഒതളങ്ങയ്ക്ക് പ്രേക്ഷകർ ഉള്ളിടത്തോളം കാലം മുന്നോട്ടു കൊണ്ടുപോകാനാണ് ആഗ്രഹം. കൂടുതൽ കഥാപാത്രങ്ങൾ വരും. മിനി സീരീസായിട്ടല്ല ഒതളങ്ങ തുരുത്ത് തുടങ്ങിയത്. ഒതളങ്ങ ഒഴുകുന്നത് പോലെ സീരീസും മുന്നോട്ടു പോകും.

  സ്ക്രിപ്റ്റ് നേരത്തേ തയ്യാറാക്കുമോ ?

  ഓരോ എപ്പിസോഡും ഷൂട്ട് ചെയ്ത് കഴിഞ്ഞ് അടുത്തത് എഴുതുകയാണ് പതിവ്. ഇപ്പോൾ ലോക്ക്ഡൗൺ ആയതുകൊണ്ട് കുറച്ച് എപ്പിസോഡുകൾ എഴുതി വെച്ചിരുന്നു. കോവിഡ് കൂടിയതോടെ ലൊക്കേഷനായിരുന്ന സ്ഥലങ്ങൾ അടച്ചു. അതൊന്നും ഷൂട്ട് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. അതുകൊണ്ട് പുതുതായി എഴുതേണ്ടി വരും. ഇപ്പോൾ അതിന്റെ പണിയിലാണ്.

  തുരുത്തിലെ കഥാപാത്രങ്ങളുടെ ഭാഷയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്, ചില വാക്കുകളൊക്കെ കേരളത്തിലെ മറ്റ് പല ഭാഗങ്ങളിലുള്ളവർക്ക് മനസ്സിലാക്കാത്ത പ്രശ്നമുണ്ട്?

  കരുനാഗപ്പള്ളിയിലെ ചുറ്റുപാടുകളിലുള്ള സ്ഥലത്താണ് കഥ നടക്കുന്നത്. ഇവിടെ ഉള്ളവർ തന്നെയാണ് ഇതിൽ അഭിനയിക്കുന്നതും. കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേതു പോലെ ഇവിടുത്തുകാർക്കും വ്യത്യസ്തമായ ഭാഷാ ശൈലിയാണ്. ചില വാക്കുകൾ ദൂരെയുള്ള ആളുകൾക്ക് മനസ്സിലാകുന്നില്ല എന്ന് പറയുന്നുണ്ട്. അതുകൊണ്ട് പരമാവധി ശ്രദ്ധിച്ചാണ് ഇപ്പോൾ ഡയലോഗുകൾ തയ്യാറാക്കുന്നത്. പൂർണമായും അച്ചടി ഭാഷയിലേക്ക് മാറാൻ ഉദ്ദേശിക്കുന്നില്ല. ഇതൊരു പ്രത്യേക സ്ഥലത്തെ കഥയും കഥാപാത്രങ്ങളുമാണ്. അതിൽ മാറ്റം വരുത്തിയാൽ തുരുത്തിന്റെ ജീവൻ പോകും. അതിനാൽ പ്രാദേശിക ശൈലി പൂർണമായും ഒഴിവാക്കില്ല. അച്ചടി ഭാഷ പറഞ്ഞു കഴിഞ്ഞാൽ കാണുന്ന പ്രേക്ഷകർക്കും കല്ലുകടിയാകും.

  തുരുത്തിന്റെ ആദ്യ എപ്പിസോഡ് ഇറങ്ങിയത് കഴിഞ്ഞ ഓഗസ്റ്റിലാണ്. ഇപ്പോൾ ഒരു വർഷമാകുന്നു. ആറ് എപ്പിസോഡുകളാണ് ഇതുവരെ ഇറങ്ങിയത് ?

  ആദ്യഘട്ടത്തിൽ അൽപ്പം സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. വളരെ ചെറിയ സംഘമാണ് ഞങ്ങളുടേത്. അതുകൊണ്ട് പരമാവധി ജോലികൾ ഞങ്ങൾ സ്വയം ചെയ്യുകയാണ്. ഷൂട്ട് കഴിഞ്ഞ് ഒരുമാസത്തോളം പോസ്റ്റ് പ്രൊഡക്ഷന് വേണ്ടി ചെലവഴിക്കേണ്ടി വരും. ഞാൻ തന്നെയാണ് എഡിറ്റിങ്ങൊക്കെ ചെയ്യുന്നത്. അതാണ് എപ്പിസോഡുകൾ ഇറങ്ങാൻ വൈകുന്നത്. ഒറ്റയ്ക്ക് ചെയ്യുന്നതിന്റെ പ്രശ്നമാണ്. ഇനി കുറച്ച് ജോലികൾ പുറത്തു കൊടുക്കണം എന്നാണ് ആലോചിക്കുന്നത്.

  ഇപ്പോൾ കോവിഡ് കാരണം കൂടുതൽ പ്രതിസന്ധിയായി. മുമ്പ് സ്വതന്ത്രമായി ജോലി ചെയ്യാൻ പറ്റിയിരുന്നു. ഇപ്പോൾ സാഹചര്യം മാറിയതോടെ അതും ഒരു തടസ്സമായി. ബോധപൂർവം വൈകിച്ചതല്ല. സീരീസിൽ പ്രവർത്തിക്കുന്ന പലരും മറ്റു പല ജോലികളും ചെയ്യുന്നവരാണ്. ആദ്യ ഘട്ടത്തിൽ എല്ലാവർക്കും പേമെന്റ് നൽകാൻ സാധിക്കാതിരുന്നതിനാൽ എല്ലാവരുടേയും സൗകര്യം നോക്കി അതിനിടയിൽ സമയം കണ്ടെത്തിയാണ് ഷൂട്ടിങ്. ഇതൊക്കെയാണ് കാരണം. ഇപ്പോൾ അത്യാവശ്യം അറിയപ്പെട്ടു തുടങ്ങി, ഇനി ഷൂട്ടിന്റെ സൗകര്യം നോക്കി ബാക്കി ജോലി ചെയ്താ മതിയെന്ന അവസ്ഥയായി.

  പരമാവധി ചെലവ് ചുരുക്കിയാണ് സീരീസ് ചെയ്യുന്നതെന്ന് പറഞ്ഞല്ലോ, ഇതിന്റെ ഡബ്ബിങ് ഒക്കെ എങ്ങനെയാണ്?

  സീരിസിന്റെ തൊണ്ണൂറ് ശതമാനവും ഡബ്ബിങ്ങും ബാക്കി സ്പോട്ട് റെക്കോഡിങ്ങുമാണ്. ഡബ്ബിങ് ഒക്കെ രസമാണ്. അതിനായി പ്രത്യേകിച്ച് സ്ഥലമൊന്നുമില്ല. ഷൂട്ട് ചെയ്ത ഭാഗങ്ങൾ ഫോണിൽ എഡിറ്റ് ചെയ്ത് അത് കേട്ട് ഔട്ട്ഡോറിൽ ഇരുന്ന് തന്നെയാണ് ഡബ്ബിങ്ങൊക്കെ.

  ആദ്യ ഘട്ടത്തിൽ സീരീസിന് പ്രമോഷനൊക്കെ കുറവായിരുന്നല്ലോ?

  ആദ്യം ചെറിയ രീതിയിൽ പ്രമോഷനൊക്കെ ചെയ്തിരുന്നു. പക്ഷേ, അതൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നെ അതിന് വേണ്ടി സമയം കളയേണ്ടെന്ന് തീരുമാനിച്ചു. പിന്നെ നമ്മുടെ വർക്ക് കണ്ട് ആളുകൾ തിരിച്ചറിയുന്നതിലാണ് സന്തോഷം.

  തുരുത്തിലെ കഥാപാത്രങ്ങളെയൊക്കെ നേരത്തേ തീരുമാനിച്ചിരുന്നോ?

  സ്ക്രിപ്റ്റും കാര്യങ്ങളും തയ്യാറായതിന് ശേഷം ഓരോരുത്തരേയും പോയി കാണുകയായിരുന്നു. ക്യാമറാമാൻ അടക്കമുള്ളവരെ കണ്ടെത്തിയതാണ്. നത്തായി അഭിനയിച്ച അബിനെ മാത്രമാണ് നേരത്തേ തീരുമാനിച്ചിരുന്നത്. പപ്പൻ(ജയേഷ്) വഴിയാണ് ബാക്കിയുള്ളവരെ കണ്ടെത്തുന്നത്. ഇതൊന്നും എന്റെ മാത്രം കഴിവല്ല, എല്ലാം വന്നു ചേരുകയായിരുന്നു.

  അഭിനേതാക്കളുടെ പ്രകടനം സംവിധായകൻ എന്ന നിലയിൽ എങ്ങനെ വിലയിരുത്തും.

  ഇതിൽ ചെറിയ വേഷങ്ങളിൽ വന്നു പോയവർ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഗംഭീര പ്രകടനമാണ് ഓരോരുത്തരും കാഴ്ച്ചവെച്ചത്. ഷൂട്ടിങ് സമയത്ത് അവരെ സ്വതന്ത്രമായി വിടുകയായിരുന്നു.

  ഒരു വർഷം മുമ്പ് തുടങ്ങിയ വെബ് സീരീസ് ഇപ്പോഴാണ് ആളുകൾ ശ്രദ്ധിച്ചതും കൂടുതൽ പേരിലേക്കും എത്തിയതും. അതെങ്ങനെയായിരുന്നു?

  ഉബൈദ് ഇബ്രാഹീം സീരീസിനെ കുറിച്ച് യൂട്യൂബ് കമ്മ്യൂണിറ്റി ടാബിൽ ഇട്ടത് വലിയ മാറ്റമാണുണ്ടാക്കിയത്. പിന്നെ സീരിസിലെ ചില ഭാഗങ്ങൾ വാട്സ് ആപ് സ്റ്റാറ്റസായി പ്രചരിച്ചു. എല്ലാം കൂടി വന്നതോടെ ആളുകൾ അന്വേഷിച്ച് എത്തുകയായിരുന്നു. ഉബൈദിനെ നേരിട്ട് വിളിച്ച് നന്ദി അറിയിക്കാൻ പറ്റിയിട്ടില്ല.

  ഇത്ര കുറച്ച് എപ്പിസോഡിനുള്ളിൽ അറിയപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഒരു വർഷമായി മറ്റ് ജോലിക്കൊന്നും പോകാതെ തുരുത്തിന്റെ പുറകേയാണ്. നേരത്തേ വെഡ്ഡിങ് വീഡിയോ എഡിറ്റിങ്ങായിരുന്നു. ജോലി നിർത്തിയതോടെ വരുമാനമില്ലാതായി. പിന്നീട് ഷൂട്ട് കഴിഞ്ഞുള്ള സമയത്ത് ജോലിക്ക് പോയി തുടങ്ങി. പിന്നീടാണ് മാമൻ പ്രൊഡ്യൂസറാകുന്നത്. അതോടെ സാമ്പത്തിക പ്രതിസന്ധി അൽപ്പം മാറി.

  ആദ്യ എപ്പിസോഡിന് ടീസർ സ്വഭാവം ആക്കിയത് കഥാപാത്രങ്ങളെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ മനപൂർവം ചെയ്തതാണോ

  അതെ, ദൈർഘ്യമുള്ള എപ്പിസോഡാണെങ്കിൽ ആളുകൾ അത് മുഴുവൻ കാണണമെന്നില്ല. ചെറിയ വീഡിയോയിലൂടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് ഉദ്ദേശിച്ചത്. ഒതളങ്ങാ തുരുത്തിലെ കഥ തുടർച്ചയില്ലാതെ പോകുന്നതിനാൽ കഥാപാത്രങ്ങളെ ആളുകളിലേക്ക് എത്തിക്കുക എന്നാണ് ഉദ്ദേശിച്ചത്.

  നത്തിനേയും പപ്പനേയും കഴിഞ്ഞാൽ, ചോദിക്കേണ്ടത് നത്തിന്റെ അനിയനെ കുറിച്ചും പപ്പന്റെ പെങ്ങളെ കുറിച്ചുമാണ്,  ജയേഷാണ് ചിന്നുവിനെ പരിചയപ്പെടുത്തുന്നത്. എറണാകുളത്ത് ജോലി ചെയ്യുകയാണ്. ഷൂട്ടിന് വേണ്ടി ഇവിടെ വരും. ചിന്നു എന്ന് തന്നെയാണ് യഥാർത്ഥ പേര്. മൃദുൽ എന്നാണ് നത്തിന്റെ അനിയനായി അഭിനയിച്ച കുട്ടിയുടെ പേര്. അബിൻ(നത്ത്) ആണ് മൃദുലിനെ കുറിച്ച് പറയുന്നത്. മുമ്പ് ചില സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. നാടകമാണ് ആളിന്റെ പ്രധാന തട്ടകം. ജയേഷിനൊപ്പം നാടകം കാണാനായി പോയപ്പോൾ മൃദുൽ അഭിനയിച്ച നാടകമായിരുന്നു നടക്കുന്നത്. അഭിനയം കണ്ട് അപ്പോൾ തന്നെ ആളെ ഫിക്സ് ചെയ്തു.

  തുരുത്തിന്റെ ക്യാമറയും ബിജിഎമ്മിനെ കുറിച്ചും

  ക്യാമറ ചെയ്തത് കിരൺ ന്യൂപ്പീറ്റൽ ആണ്. ഒതളങ്ങാ തുരുത്തിനെ ഇത്ര മനോഹരമായി പ്രേക്ഷകരിലെത്തിച്ചത് കിരൺ ആണ്. തുരുത്തിന്റെ സ്വഭാവത്തിന് അനുയോജ്യമായി ഫാന്റസി മൂഡിലാണ് ക്യാമറയും ചെയ്തിരിക്കുന്നത്. എഡിറ്റിങ് കൂടുതൽ എളുപ്പമാക്കിയത് ക്യാമറയാണ്. 5 D ക്യാമറയിലാണ് ഷൂട്ട്. കിരൺ വളരെ ഡീറ്റെയിലായി ഷോട്ടുകൾ എടുക്കും. അതുകൊണ്ട് എഡിറ്റിങ്ങും ബോറഡിക്കാതെ എളുപ്പത്തിൽ ചെയ്യാനാകും.  ബിജിഎം ചെയ്തത് അനു ബി ഐവർ ആണ്. ജയേഷ് വഴിയാണ് അനുവിനെ പരിചയപ്പെടുന്നതും. സ്വന്തമായി സ്റ്റുഡിയോ ഒന്നുമില്ല, അനു വീട്ടിൽ ഇരുന്ന് കൂട്ടുകാരെ കൊണ്ട് പാടിച്ച് ഒരു ലാപ്ടോപ്പിൽ ചെയ്തതാണ് ഇതിന്റെ ബിജിഎം.

  സിനിമാ മോഹം

  സ്കൂളിൽ പഠിക്കുമ്പോൾ മുതൽ സിനിമ മനസ്സിലുണ്ട്. പക്ഷേ ആരോടും പറഞ്ഞില്ല. കളിയാക്കുമോ എന്നൊക്കെയായിരുന്നു മനസ്സിൽ. ദിലീഷ് പോത്തൻ, അൻവർ റഷീദ്, ലിജോ ജോസ് പെല്ലിശ്ശേരി ഇവരുടെ സിനിമകളുടെ ആരാധകനാണ്. മഹേഷിന്റെ പ്രതികാരമൊക്കെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഇങ്ങനേയും സിനിമ ചെയ്യാമെന്ന് ആലോചിച്ചത് അപ്പോഴാണ്. സിനിമ കാണൽ പൊതുവിൽ കുറവാണ്. ഇവരുടെ സിനിമകൾ മാത്രമാണ് തിയേറ്ററിൽ പോയി കാണുന്നത്.

  തുരുത്ത് സമ്മാനിച്ച ഏറ്റവും വലിയ സന്തോഷം

  സീരീസ് കണ്ട് കുറേ പേർ വിളിച്ച് അഭിനന്ദിച്ചു. അൻവർ റഷീദ് വിളിച്ചതാണ് ഏറ്റവും സന്തോഷം. സിനിമാ ഓഫറൊക്കെ വന്നിട്ടുണ്ട്. അതൊക്കെയാണ് സന്തോഷം.

  അടുത്ത എപ്പിസോഡ് എന്ന് ഇറങ്ങും ?

  ലോക്ക്ഡൗൺ അല്ലേ,  അൽപ്പം വൈകാൻ സാധ്യതയുണ്ട്. ജോലികൾ പതുക്കെ നടക്കുന്നതേ ഉള്ളൂ.
  Published by:Naseeba TC
  First published: