തന്റെ ജീവിതത്തിലേക്ക് ഭാര്യയായി ക്ഷണിക്കുന്ന മുഹൂർത്തത്തിൽ വധുവിന്റെ ഡൗൺസിൻഡ്രം ബാധിച്ച വിദ്യാർഥികളെയും ഭാഗമാക്കിക്കൊണ്ടാണ് വരൻ വധുവിന് സർപ്രൈസ് നൽകിയിരിക്കുന്നത്. വിവാഹ മോതിരവുമായി എത്തിയത് ഡൗൺസിൻഡ്രം ബാധിച്ച ഒമ്പത് വിദ്യാര്‍ഥികളാണ്.
പള്ളിയിൽ നടക്കുന്ന വിവാഹത്തിൽ അൾത്താരയ്ക്ക് മുന്നിൽ നിന്ന് വിവാഹ പ്രതിജ്ഞയെടുക്കുകയായിരുന്ന വധുവും വരനും. പുരോഹിതനെയും വീഡിയോയിൽ കാണാം. അടുത്ത സെക്കൻഡിലാണ് വരൻ വധുവിനായൊരുക്കിയ സർപ്രൈസ് സംഭവിച്ചത്. വിവാഹ മോതിരവുമായി വിദ്യാർഥികൾ കടന്നു വരികയായിരുന്നു. ബാക് ഗ്രൗണ്ടിൽ പാട്ടും കേൾക്കാം.
ആദ്യം അദ്ഭുതപ്പെട്ടുപോകുന്ന വധു പിന്നാലെ സന്തോഷം കൊണ്ട് കരയുകയായിരുന്നു. മനോഹരമായി വസ്ത്രം ധരിച്ച് പൂച്ചെണ്ടുകളുമായിട്ടാണ് വിദ്യാർഥികൾ വരുന്നത്. കളിപ്പാട്ട കാറിലും രണ്ട് വിദ്യാർഥികൾ വരുന്നുണ്ട്. കുട്ടികളെ സ്നേഹത്തോടെ ആലിംഗനം ചെയ്തുകൊണ്ടാണ് വധുവും വരനും അൾത്താരയിലേക്ക് അവരെ സ്വീകരിച്ചത്. വീഡിയോ കാണുന്നവർക്കും സന്തോഷം കൊണ്ട് കണ്ണീർ വന്നുപോകും.
ഏപ്രിലിൽ നടന്ന വിവാഹത്തിന്റെ വീഡിയോയാണിത്. സൗദിയിലെ യൂട്യൂബറായ ജന ഹിഷാം ആണ് ഇത് ട്വിറ്ററിൽ ആദ്യം ഷെയർ ചെയ്തത്. ഇത് വീണ്ടും വൈറലായിരിക്കുകയാണ്. ഏഴ് ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ഇത് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.