തനിക്കും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചുവെന്ന കാര്യം കഴിഞ്ഞ ദിവസമാണ് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചത്. ക്വറന്‍റീനിൽ പ്രവേശിക്കുകയാണെന്നും ഒരുമിച്ച് തന്നെ ഇതിനെ അതിജീവിക്കുമെന്നും അദ്ദേഹം കുറിച്ചിരുന്നു. വൈറ്റ്ഹൗസിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസം വൈകിട്ടോടെ ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പിന്നാലെ തന്നെ താൻ ആശുപത്രിയിലാണെന്നും സുഖമായിരിക്കുന്നുവെന്നും വ്യക്തമാക്കിക്കൊണ്ടുള്ള ട്രംപിന്‍റെ ഒരു വീഡിയോയും ട്വിറ്ററിലൂടെ പുറത്തു വന്നു. 'കാര്യങ്ങളെല്ലാം ശരിയായ രീതിയിൽ തന്നെ നടക്കുമെന്ന് ഉറപ്പു വരുത്തുമെന്ന് പറയുന്ന ട്രംപ്, പ്രഥമ വനിതെ മെലാനിയയും സുഖമായി ഇരിക്കുന്നുവെന്നും അറിയിച്ചിട്ടുണ്ട്. അടുത്ത കുറച്ച് ദിവസത്തേക്ക് വാർട്ടർ റീഡ് ആശുപത്രിയിൽ സജ്ജീകരിച്ച പ്രസിഡന്‍ഷ്യൻ ഓഫീസുകളിൽ നിന്നും പ്രവർത്തിക്കാനാണ് ആരോഗ്യവിദഗ്ധർ ട്രംപിന് നൽകിയിരിക്കുന്ന നിർദേശം എന്നാണ് പ്രസ് സെക്രട്ടറി കെയ്ലിഗ് മെക്നെനി പ്രസ്താവനയിലൂടെ അറിയിച്ചത്.
പ്രസിഡന്‍റിന് നിലവിലുള്ള നേരിയ രോഗലക്ഷണങ്ങൾ കൂടുതൽ വഷളാകാതിരിക്കാനാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് സൂചന. നവംബർ മൂന്നിന് നടക്കേണ്ട തെരഞ്ഞെടുപ്പിന് മുന്നോടിയായ സജീവ പ്രചാരണ പ്രവർത്തനങ്ങളിലായിരുന്നു ട്രംപ്. ഇതിനിടെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. 74കാരനായ ട്രംപിന് നേരിയ രോഗലക്ഷണങ്ങൾ മാത്രമെയുള്ളുവെന്നും ഊർജ്ജസ്വലനായിരിക്കുന്നുവെന്നുമാണ് ആദ്യം വന്ന റിപ്പോർട്ട്.
റീജെനെറോൺസ് ആന്‍റിബോഡി കോക്ടെയിലിന്‍റെ ഒരു ഡോസ് പ്രസിഡന്‍റിന് നൽകിയതായി അറിയിച്ചു കൊണ്ട് വൈറ്റ് ഹൗസ് ഫിസിഷ്യൻ സീൻ കോൺലിയുടെ പ്രസ്താവനയെത്തി. ക്ലിനിക്കൽ പരീക്ഷണം തുടര്‍ന്നു കൊണ്ടിരിക്കുന്ന ഈ ചികിത്സയ്ക്ക് ഇതുവരെ റെഗുലേറ്റേഴ്സ് അംഗീകാരം ലഭിച്ചിട്ടില്ല. 'വിദഗ്ധ സംഘത്തിന്‍റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് അദ്ദേഹം. ഇനിയെന്താണ് വേണ്ടതെന്നടക്കമുള്ള നിർദേശങ്ങൾ പ്രസിഡന്‍റിനും ഭാര്യക്കും ഞങ്ങൾ നൽകി വരികയാണ്' പ്രസ്താവനയിൽ പറയുന്നു.