കരിപ്പൂർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത മലപ്പുറം ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണനും കളക്ട്രേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രി, ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ, ഡിജിപി തുടങ്ങി കരിപ്പൂരിൽ എത്തിയ പ്രമുഖരെല്ലാം കരിപ്പൂർ സന്ദർശിച്ചപ്പോൾ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സന്നിധ്യമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്.
സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും നേരത്തെ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീമിന് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജില്ല കളക്ടർ ഉൾപ്പെടെ 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. പെരിന്തൽമണ്ണ സബ് കളക്ടർ കെ എസ് അഞ്ജു, പെരിന്തൽമണ്ണ എ.സി.പി ഹേമലത, അസിസ്റ്റൻറ് കളക്ടർ വിഷ്ണു ഇവരുടെ സുരക്ഷ ഉദ്യോഗസ്ഥർ, ഡ്രൈവർമാർ തുടങ്ങിയവർക്കും രോഗം സ്ഥിരീകരിച്ചു. ഇവരോട് അടുത്ത് ഇടപഴകിയ ഡി എം ഒ, എ ഡി എം, സബ് കലക്ടർമാർ തുടങ്ങിയവർ നിരീക്ഷണത്തിലാണ്.
advertisement
കരിപ്പൂർ രക്ഷാ പ്രവർത്തനത്തിൽ കളക്ടറും ഇന്ന് രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥരും സജീവമായിപങ്കെടുത്തിരുന്നു. കളക്ടറും എസ് പിയും അടക്കമുള്ള ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് എല്ലാം രോഗം സ്ഥിരീകരിച്ചത് ജില്ലയിൽ സമാനതകൾ ഇല്ലാത്ത പ്രതിസന്ധി ആണ് തീർക്കുന്നത്. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും ഉൾപ്പെടെയുള്ളവരും സ്വയം നിരീക്ഷണത്തിൽ പോകുന്നത്.
