കോവിഡ് -19 ന് നെഗറ്റീവ് ആയതിനെ തുടർന്ന് ഡൽഹി ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോഡിയയെ മാക്സ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഒരാഴ്ച വിശ്രമിക്കാൻ ഡോക്ടർമാർ അദ്ദേഹത്തെ ഉപദേശിച്ചിട്ടുണ്ട്- ഉപമുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സെപ്തംബർ 14നാണ് മനീഷ് സിസോദിയയിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. കോവിഡ് പോസിറ്റീവാണെന്ന കാര്യം അദ്ദേഹം തന്നെയാണ് അറിയിച്ചത്. ചെറിയ പനിയെ തുടർന്നാണ് അദ്ദേഹം പരിശോധന നടത്തിയത്. അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
advertisement
ഡെങ്കിപ്പനി കൂടി ബാധിച്ചതോടെ എല്‍എന്‍ജിപി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണവും ഓക്‌സിജന്റെ അളവും കുറഞ്ഞതോടെ അദ്ദേഹത്തെ അവിടെ നിന്ന് വ്യാഴാഴ്ചയോടെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരചരണ വിഭാഗത്തില്‍ പ്രവേശിപ്പച്ച സിസോദിയയെ പ്ലാസ്മ തെറാപ്പിക്കും വിധേയനാക്കി.
വളരെയധികം സുഖം തോന്നുന്നുണ്ടെന്നും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ആശുപത്രിവിടുമെന്നും തിങ്കളാഴ്ച സിസോദിയ പറഞ്ഞിരുന്നു. അരവിന്ദ് കെജ്രിവാൾ മന്ത്രിസഭയിൽ കോവിഡ് ബാധിതനാകുന്ന രണ്ടാമത്തെ മന്ത്രിയാണ് മനീഷ് സിസോദിയ.
ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്നാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ജൂണിലായിരുന്നു അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തെയും പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കിയിരുന്നു.
രാജ്യത്ത് കോവിഡ് ബാധയിൽ ആറാംസ്ഥാനത്താണ് ഡൽഹി. ഇതുവരെ 2.6 ലക്ഷത്തിലധികം സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 5,200 ലധികം പേർ മരിച്ചു.