ന്യൂഡൽഹി: കോവിഡിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ഡെങ്കിപ്പനിയും. വ്യാഴാഴ്ച ആരോഗ്യനില മോശമായതിനെ തുടർന്ന് സിസോദിയയെ ഡൽഹിയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ലോക് നായക് ജയപ്രകാശ് ആശുപത്രിയിൽ നിന്ന് സാകേതിലെ സ്വകാര്യ ആശുപത്രിയായ മാക്സിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുകയും ഓക്സിജൻ ലെവൽ താഴുകയും ചെയ്തിരുന്നു.
പനിയെ തുടർന്ന് ബുധനാഴ്ചയാണ് അദ്ദേഹത്തെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെപ്തംബർ 14നാണ് മനീഷ് സിസോദിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം വീട്ടിൽ ക്വാറന്റീനിലായിരുന്നു. തുടർന്ന് ഓക്സിജൻ ലെവൽ കുറഞ്ഞതോടെയാണ് അദ്ദേഹത്തെ എൽഎൻജെപിയിൽ പ്രവേശിപ്പിച്ചത്.
കോവിഡും ഡെങ്കിയും ഒന്നിച്ച് ബാധിച്ചിരിക്കുന്നഡൽഹിയിലെ പ്രമുഖരിലെ ആദ്യ വ്യക്തിയാണ് മനീഷ് സിസോദിയ. വ്യാഴാഴ്ച വൈകിട്ടാണ് അദ്ദേഹത്തെ മാക്സ് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. ഒരു മൈക്രോ ലിറ്റർ രക്തത്തിൽ1.5-4.5 ലക്ഷമാണ് പ്ലേറ്റ്ലെറ്റുകളുടെ സാധാരണ അളവ്. സിസോദിയയുടെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം ഒരു ലക്ഷത്തിനകത്താണ്.
രണ്ട് രോഗങ്ങൾ ബാധിച്ചിരിക്കുന്നതിനാൽ പ്രായം, അവസ്ഥ, രോഗാവസ്ഥ, മറ്റ് ഘടകങ്ങൾ എന്നിവ കണക്കിലെടുത്ത ശേഷമായിരിക്കും മന്ത്രിയുടെ ചികിത്സ തീരുമാനിക്കുന്നതെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്. കെജ്രിവാൾ സർക്കാരിലെ കോവിഡ് ബാധിതനാകുന്ന രണ്ടാമന്ത്രിയാണ് മനീഷ് സിസോദിയ. ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്നാണ് രോഗം ആദ്യം ബാധിച്ചത്. ജൂണിലായിരുന്നു അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് ആയത്. അദ്ദേഹത്തെ പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കി.
അതേസമയം മണിക്കൂറുകൾക്ക് മുമ്പ് എൽഎൻജെപിയിലെ ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും അഭിനന്ദിച്ചുകൊണ്ട് സിസോദിയ വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. 'ആവശ്യം തോന്നിയതിനെത്തുടർന്നാണ് എന്നെ എൽഎൻജെപി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും രോഗികളെ സേവിക്കുന്ന മനോഭാവം കൊണ്ട് ഒരു ഉപമുഖ്യമന്ത്രിയെന്ന നിലയിൽ ഞാൻ പറയുകയാണ് ഇത് വളരെ പ്രോത്സാഹജനകമാണ്.
ഇവിടെ മികച്ച സൗകര്യമാണുള്ളത്. ഞാൻ അവരെക്കുറിച്ച് വളരെ അഭിമാനിക്കുന്നു. ഈ കൊറോണ വൈറസ് സമയത്ത് നിങ്ങൾക്ക് എന്തെങ്കിലും വൈദ്യസഹായം ആവശ്യമുണ്ടെങ്കിൽ, നിങ്ങളെ സേവിക്കാൻ എൽഎൻജെപി തയ്യാറാണ്- അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aravind Kejriwal, Corona News, Corona virus, Covid 19, Delhi