നോയിഡയിൽ മുറി വാടകയ്ക്കെടുത്ത് രഹസ്യമായി താമസിക്കാനായിരുന്നു യുവാവിന്റെ പദ്ധതി. കൂട്ടുകാരുമായി ചേർന്ന് പദ്ധതി തയ്യാറാക്കിയ ശേഷം കഴിഞ്ഞ തിങ്കളാഴ്ച്ച ആകാശ് വീട്ടിൽ നിന്നും ഇറങ്ങി. സുഹൃത്ത് വിളിച്ചെന്നും ഉടൻ തിരിച്ചു വരാമെന്നും പറഞ്ഞ് രാവിലെ എട്ട് മണിയോടെ ഇയാൾ വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു.
എന്നാൽ രാത്രിയായിട്ടും മകൻ മടങ്ങി വരാതായതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങി. രാത്രി പതിനൊന്ന് മണിയോടെ വീട്ടിലേക്ക് അജ്ഞാത കോൾ വന്നു. മകൻ തങ്ങൾക്കൊപ്പമാണെന്നും തിരിച്ചുകിട്ടണമെങ്കിൽ രണ്ട് ലക്ഷം രൂപ നൽകണമെന്നുമായിരുന്നു ആവശ്യം. വിവരം പുറത്തു പറഞ്ഞാൽ മകനെ കൊല്ലുമെന്ന് ഭീഷണിയും മുഴക്കിയെന്ന് ആകാശിന്റെ മാതാവ് പറയുന്നു.
advertisement
മകനെ കാണാനില്ലെന്ന് കാണിച്ച് യുവാവിന്റെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂട്ടുകാർക്കൊപ്പം ചേർന്ന് വീട്ടിൽ നിന്നും പണം തട്ടാനുള്ള യുവാവിന്റെ നാടകമാണ് തട്ടിക്കൊണ്ടുപോകൽ എന്ന് തിരിച്ചറിഞ്ഞത്.
കോൾ റെക്കോർഡ് പരിശോധിച്ചതിൽ നിന്ന് നോയിഡയിൽ നിന്നാണ് പണം ആവശ്യപ്പെട്ട് കോൾ വന്നതെന്ന് പൊലീസ് കണ്ടെത്തി. ആകാശിനൊപ്പം സുഹൃത്തുക്കളായ അങ്കിത് കുമാർ, കരൺ കുമാർ എന്നിവരേയും പൊലീസ് പിടികൂടി.
കാർ വാങ്ങി നൽകണമെന്ന് ആകാശ് വീട്ടിൽ നിരന്തരം ആവശ്യപ്പെട്ടിരുന്നു. മൂത്ത സഹോദരൻ ഉപയോഗിച്ചിരുന്ന ബൈക്കാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. എന്നാൽ അതിൽ തൃപ്തനായിരുന്നില്ല. തുടർന്നാണ് കാർ വാങ്ങാൻ പണത്തിനായി ഇങ്ങനെയൊരു വഴി തിരഞ്ഞെടുത്തത്.
സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കായുള്ള തിരിച്ചിൽ തുടരുകയാണ്.
