കടവന്ത്രയിലെ ബ്യൂട്ടി പാർലറിന് നേരെ വെടിവെപ്പ് നടത്തുന്നതിന് മുൻപ് മൂന്ന് വട്ടം രവി പൂജാരി തന്നെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് നടി ലീന മരിയ പോളിന്‍റെ വെളിപ്പെടുത്തൽ. 25 കോടി രൂപ നൽകണമെന്നാവശ്യപ്പെട്ടുള്ള ഈ ഫോൺ സംഭാഷണം രവി പൂജാരിയുടേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിനും നടിയുടെ സാമ്പത്തിക ശ്രോതസ്സുകളുടെ വിവരം അധോലോക കുറ്റവാളി രവി പൂജാരിയ്ക്ക് എങ്ങനെ ലഭിച്ചു എന്നതിൽ വ്യക്ത വരുത്തുന്നതിനുമായാണ് എ ടി എസ് വീണ്ടും നടിയുടെ മൊഴിയെടുക്കുന്നത്.
advertisement
ലീനമരിയ പോളിന്‍റെ സുഹൃത്ത് വഴിയാണ് വിവരം ഒളിവിലുള്ള ഡോ. അജാസിലേക്കും മറ്റ് പ്രതികൾക്കും ലഭിച്ചതെന്നാണ് എ ടി എസിന്‍റെ നിഗമനം. രവി പൂജാരിയുടെ ശബ്ദ സാന്പിളും അന്വേഷണ സംഘം ശേഖരിച്ചു. കൊച്ചി ആകാശവാണി നിലയിത്തിലെത്തിച്ചാണ് സാന്പിൾ എടുത്തത്.
വെടിവെപ്പ് നടത്തിയതിന് പിന്നാലെ മാധ്യമ സ്ഥാപനത്തിലേയ്ക്ക് വിളിച്ച് ഉത്തരവാദിത്വം ഏറ്റെടുത്ത് നടത്തിയ രവിപൂജാരിയുടെ ഫോൺ സംഭാഷണവും ഇതൊടൊപ്പം ശേഖരിച്ചിട്ടുണ്ട്. ഇവ ലാബിൽ പരിശോധിച്ച് റിപ്പോർട്ട് കോടതിയിൽ നൽകും. കേസിൽ മറ്റ് പ്രതികളുടെ പങ്ക് വ്യക്തമായതിനാൽ ഇവരുടെ അറസ്റ്റും ഉടൻ ഉണ്ടാകുമെന്നാണ് അ അന്വേഷണ സംഘം സൂചിപ്പിക്കുന്നത് .
നടി ലീനാ മരിയാ പോളിന്റെ കൈവശം കോടിക്കണക്കിന് രൂപയുടെ സ്വത്ത് ഉണ്ടെന്ന വിവരത്തിന് അടിസ്ഥാനത്തിൽ എറണാകുളത്തുള്ള സംഘമാണ് പണം തട്ടാൻ ക്വട്ടേഷൻ നൽകിയതെന്നാണ് രവി പൂജാരിയുടെ മൊഴി. മംഗലാപുരത്തുള്ള ആളുകൾ വഴിയാണ് എറണാകുളത്ത് നിന്നുള്ള സംഘം രവി പൂജാരിക്ക് ക്വട്ടേഷൻ നൽകിയത്. 25 കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഈ തുക കൈമാറണമെന്ന് താൻ നേരിട്ടാണ് ഫോണിൽ വിളിച്ച് ലീന മരിയ പോളിനോട് ആവശ്യപ്പെട്ടതെന്നും രവി പൂജാരി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞു.
എന്നാൽ ഇത് നൽകാൻ ലീന മരിയ പോൾ തയ്യാറായില്ല. ഇതിനെ തുടർന്നാണ് ബ്യൂട്ടിപാർലറിന് നേരെ വെടിവെപ്പ് നടത്തിയത്. ഇതിൽ തനിക്ക് പങ്കില്ല.. താൻ ആരെയും ബ്യൂട്ടിപാർലറിന് നേരെ വെടിവെക്കാൻ ചുമതലപ്പെടുത്തിയിരുന്നില്ല എന്നും രവി പൂജാരിയുടെ മൊഴിയിലുണ്ട് . ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂർ, കാസർഗോഡ് എന്നിവിടങ്ങളിലുള്ള ക്വട്ടേഷൻ സംഘങ്ങളെ ചോദ്യം ചെയ്തത്.
