പിടിയിലായത് പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ലഹരി വസ്തുക്കൾ കടത്തുന്ന സംഘത്തിലെ അംഗങ്ങളാണെന്നാണ് ഡിആർഐയുടെ കണ്ടെത്തൽ. പിടിച്ചെടുത്ത ഹെറോയിന്‍ പാക്കറ്റുകളില്‍ പാകിസ്ഥാനിലെ സ്ഥാപനത്തിന്റെ അഡ്രസാണുള്ളത്. പഞ്ചസാര എന്നാണ് പാക്കറ്റുകളില്‍ രേഖപ്പെടുത്തിയിരുന്നത്.
ഇറാന്‍ ബന്ധമുളള രാജ്യാന്തര മയക്കുമരുന്ന് സംഘമാണ് കഴിഞ്ഞ ദിവസം ലക്ഷദ്വീപിന് സമീപം പിടിയിലായത്. ഇറാന്‍ ബോട്ടിലാണ് അഗത്തിയുടെ പുറങ്കടലില്‍ ഹെറോയിന്‍ എത്തിച്ചത്. ഇവിടെ നങ്കൂരമിട്ട രണ്ട് മത്സ്യബന്ധന ബോട്ടുകളിലേക്ക് ലഹരി മരുന്ന് കൈമാറുകയായിരുന്നു. സംഭവത്തിൽ തമിഴ്നാട്ടിലെ ബോട്ടുടമകളെയും ഡിആര്‍ഐ പിടികൂടിയിട്ടുണ്ട്. പിടിയിലായ ബോട്ടുടമ ക്രിസ്പിന് ലഹരിമരുന്ന് കടത്തില്‍ മുഖ്യപങ്കാളിത്തമുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.
advertisement
Also Read- Heroin |ലക്ഷദ്വീപ് തീരത്ത് 1500 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി; 20 പേര്‍ കസ്റ്റഡിയില്‍
ഡി ആര്‍ ഐയും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലക്ഷദ്വീപിന് സമീപത്തു നിന്ന് ഹെറോയിനുമായി കഴിഞ്ഞ ദിവസം രണ്ട് ബോട്ടുകള്‍ പിടികൂടിയത്. 1526 കോടി രൂപ വിലയുള്ള 218 കിലോ ഹെറോയിനാണ് പിടിച്ചെടുത്തത്. നാല് മലയാളികളും തമിഴ്നാട് സ്വദേശികളും ഉള്‍പ്പടെ 20 പേരാണ് ബോട്ടിലുണ്ടായിരുന്നത്.ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ ഡി ആര്‍ ഐക്ക് ലഭിച്ചത്.ഇറാന്‍ ബന്ധമുള്ള രാജ്യാന്തര ലഹരി കടത്ത് സംഘമാണ് ഇവര്‍ക്ക് പിന്നിലെന്നാണ് വ്യക്തമായിരിക്കുന്നത്. ലക്ഷദ്വീപ് തീരത്തുകൂടെ മയക്കുമരുന്ന് നീക്കം നടക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഡിആര്‍ഐയും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് തിരച്ചില്‍ നടത്തിയത്. രണ്ട് ബോട്ടുകളും കുളച്ചലില്‍ നിന്നെത്തിയവയാണ്. ബോട്ടില്‍ പാക്കറ്റുകളായി സൂക്ഷിച്ച നിലയിലായിരുന്നു ഹെറോയിന്‍. ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തിരുന്നു.
പാക്കിസ്ഥാനില്‍ നിന്നുമെത്തിച്ച മയക്കുമരുന്ന് ലക്ഷദ്വീപ് തീരം വഴി കന്യാകുമാരിയിലേക്ക് കടത്താനായിരുന്നു ശ്രമമെന്നാണ് പ്രാഥമിക വിവരം.അറസ്റ്റിലായവരെ തോപ്പുംപടി മജിസ്റ്റ്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് ഡി ആര്‍ ഐ തീരുമാനം. മയക്കുമരുന്ന് കടത്തിന് പിന്നിലെ കൂടുതല്‍ പേരുടെ പങ്കാളിത്തം സംബന്ധിച്ചാണ് ഡി ആര്‍ ഐ അന്വേഷിക്കുന്നത്.