കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് റിട്ടയേർഡ് എസ്‌ഐ പോളിനെതിരെ സ്വന്തം മകൾ പോലീസ് സ്‌റ്റേഷനിൽ വിളിച്ച് പരാതി നൽകിയിരുന്നു. ഇത് അന്വേഷിക്കാനാണ് ഏലൂർ സ്റ്റേഷനിലെ എഎസ്ഐ സുനിൽ കുമാറും സംഘവും ഉച്ചയോടെ പോളിന്റെ വീട്ടിലെത്തിയത്. ആ സമയം മദ്യലഹരിയിലായിരുന്ന പോൾ ഭാര്യയെയും മക്കളെയും ക്രൂരമായി മർദിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
പൊലീസ് എത്തിയതോടെ അവർക്ക് നേരെയായി ആക്രമണം. വാതിൽ തുറക്കുന്നിതിനിടെ പോൾ കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് എഎസ്ഐ സുനിൽ കുമാറിനെ വെട്ടി. ആക്രമണത്തിൽ സുനിൽ കുമാറിന്റെ ഇടത് കൈയ്ക്ക് ആണ് പരിക്കേറ്റത്. ഉടനെ ആശുപത്രിയിൽ എത്തിച്ച അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
advertisement
പിന്നീട് പൊലീസുകാർ ചേർന്ന് ബലം പ്രയോഗിച്ചാണ് പോളിനെ കസ്റ്റഡിയിൽ എടുത്തത്. മുൻ ക്രൈംബ്രാഞ്ച് എസ്ഐയാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ള പോൾ. കുടുംബത്തെ ആക്രമിച്ചതിനും പൊലീസിനെ വെട്ടിയതിനും കേസെടുത്തിട്ടുണ്ട്. പോൾ സ്ഥിരമായി വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്നാണ് മക്കളുടെ പരാതി.