ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. പുതുപ്പള്ളിത്തെരുവ് പൂളക്കാട് സ്വദേശിനി ഷാഹിദ ആറുവയസ്സുകാരനായ ആമിലിനെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലെ കുളിമുറിയിൽ വെച്ചാണ് കൊലപാതകം നടത്തിയത്. കുട്ടിയുടെ കാൽ കൂട്ടി കെട്ടിയ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. കൊല നടത്തിയ ശേഷം ഇവർ തന്നെയാണ് ഇക്കാര്യം പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ വിളിച്ചു പറയുന്നത്. 'ദൈവത്തിന് വേണ്ടി മകനെ ബലി നൽകി' എന്നാണ് ഇവർ പൊലീസിനോട് വിളിച്ചത് പറഞ്ഞത്. ഷാഹിദ ഏറെക്കാലം മദ്രസാ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്.
advertisement
Also Read- പുനർജനിക്കുമെന്ന വിശ്വാസത്തിൽ പെൺമക്കളെ കൊലപ്പെടുത്തി മാതാപിതാക്കൾ
ഭർത്താവ് സുലൈമാനും മറ്റു രണ്ടു മക്കളും മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. പൊലീസ് എത്തിയ ശേഷമാണ് ഇവരും ഇക്കാര്യം അറിയുന്നത്. ഷാഹിദയെ ചോദ്യം ചെയ്തു വരികയാണ്. അതിന് ശേഷമേ കൊലപാതക കാരണം വ്യക്തമാകൂവെന്നും പാലക്കാട് എസ്.പി. ആർ വിശ്വനാഥൻ പറഞ്ഞു.
ഷാഹിദയ്ക്ക് നേരത്തേ മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇന്നലെ ഉച്ചയോടെ അയൽ വീട്ടിൽ നിന്നും ഇവർ ജനമൈത്രി പൊലീസിന്‍റെ ഫോൺ നമ്പർ ശേഖരിച്ചിരുന്നു. ഈ നമ്പറിലേക്കാണ് ഇവർ കൊലപാതക വിവരം വിളിച്ചു പറഞ്ഞത്. മറ്റ് കുടുംബ പ്രശ്നങ്ങൾ ഒന്നും ഉള്ളതായി അറിയില്ലെന്നും നാട്ടുകാർ പറഞ്ഞു. ഭർത്താവ് സുലൈമാൻ ടാക്സി ഡ്രൈവറാണ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Also Read- Shocking | പാലക്കാട് ആറുവയസുകാരനെ കഴുത്തറുത്തുകൊന്ന അമ്മ അറസ്റ്റിൽ
ഇക്കഴിഞ്ഞ ജനുവരിയിൽ ആന്ധ്രാപ്രദേശിൽ അമ്മ യുവതികളായ രണ്ട് പെൺമക്കളെ കൊലപ്പെടുത്തിയത് രാജ്യവ്യാപകമായി വലിയ ഞെട്ടൽ ഉളവാക്കിയിരുന്നു. ആന്ധ്ര ചിറ്റൂർ മടനപ്പള്ളി ശിവനഗർ മേഖലയിലെ താമസക്കാരായ അലേഖ്യ (27), സായ് ദിവ്യ (22) എന്നീ യുവതികള്‍ അമ്മയുടെ കയ്യാൽ കൊല്ലപ്പെട്ടു എന്നായിരുന്നു ആദ്യ റിപ്പോർട്ട് വന്നത്. അമിതവിശ്വാസികളായ കുടുംബം മക്കൾ പുനർജനിക്കുമെന്ന വിശ്വാസത്തിലാണ് അവിവാഹിതരായ യുവതികളെ കൊലപ്പെടുത്തിയതെന്നാണ് ലഭിക്കുന്ന സൂചന. പൊലീസ് നൽകുന്ന വിവരം അനുസരിച്ച് കൊല്ലപ്പെട്ട യുവതികളുടെ പിതാവ് എൻ പുരുഷോത്തം നായിഡു മാടനപ്പള്ളി ഗവ. വുമൺസ് കോളജ് വൈസ് പ്രിൻസിപ്പളാണ്. അമ്മ പത്മജ ഒരു സ്വകാര്യ സ്ഥാപനത്തിലെ പ്രിൻസിപ്പളും.
Also Read- യുവതികളായ പെൺമക്കളെ വ്യായാമത്തിനുപയോഗിക്കുന്ന ഡംബെൽ ഉപയോഗിച്ച് അമ്മ കൊലപ്പെടുത്തി
കൊല്ലപ്പെട്ട മൂത്തമകള്‍ അലേഖ്യ ഭോപ്പാലിലെ ഒരു കോളജിൽ നിന്നും ബിരുദാനന്തര ബിരുദ പഠനം നടത്തി വരികയായിരുന്നു. ഇളയമകൾ സായ് ദിവ്യ ബിബിഎ പഠനം പൂർത്തിയാക്കിയ ശേഷം എ.ആർ.റഹ്മാൻ മ്യൂസിക് അക്കാദമിയിൽ നിന്നും സംഗീതം പഠിച്ചു വരികയായിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ഇവർ ശിവനഗറിൽ പുതിയതായ പണി കഴിപ്പിച്ച വീട്ടിലേക്ക് മാറിയത്. പ്രദേശവാസികൾ പറയുന്നതനുസരിച്ച് ഇവരുടെ വീട്ടിൽ പൂജാ ചടങ്ങുകൾ പതിവായിരുന്നു. പ്രത്യേകിച്ചും ഞായറാഴ്ചകളിൽ. കൊലപാതകം നടന്ന ദിവസവും ഇവിടെ പൂജ അരങ്ങേറിയിരുന്നു. അന്നേ ദിവസം ഇവിടെ നിന്നും വിചിത്രമായ ശബ്ദങ്ങളും കരച്ചിലും കേട്ടതായി പ്രദേശവാസികളും മൊഴി നൽകിയിരുന്നു.