തൊടുപുഴ ഡിവൈഎസ്പി ഓഫീസിലെത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നൗഷാദ്. ജീവനിൽ പേടിച്ചാണ് നാടുവിട്ട് പോയതെന്നും 2021 ൽ നാട്ടിൽ നിന്ന് നേരെ തൊമ്മന്‍കുത്തിലേക്കാണ് വന്നതെന്നും നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു. തൊമ്മന്‍കുത്തില്‍ പറമ്പില്‍പ്പണിയെടുത്ത് ജീവിക്കുകയായിരുന്നു. നാടു വിട്ടശേഷം പിന്നീട് ആരുമായും ബന്ധപ്പെട്ടിട്ടില്ല. ഫോണ്‍ ഉപയോഗിക്കാറില്ലായിരുന്നു.
ഭാര്യയോടൊപ്പം ഒരുകൂട്ടം ആളുകള്‍ തന്നെ മര്‍ദ്ദിച്ചിട്ടുണ്ട്. നാടുവിട്ടശേഷം സ്വന്തം വീട്ടുകാരുമായും ബന്ധപ്പെട്ടില്ല. കഴിഞ്ഞ ഒന്നര വർഷമായി തൊടുപുഴയിൽ തന്നെയായിരുന്നു. വേറെ എങ്ങോട്ടും പോയിട്ടില്ല. തന്നെപ്പറ്റിയുള്ള വാർത്തകളൊന്നും ടിവിയിൽ കണ്ടിട്ടില്ല. രാവിലെ പത്രത്തിലാണ് വാർത്ത കണ്ടത്. ഭാര്യയുടെ അടുത്തേക്ക് പോകാൻ ആഗ്രഹമില്ല. പേടിച്ചിട്ടാണ് അവിടെ നിന്നും പോന്നത്. ഇനി വീണ്ടും അങ്ങോട്ടേക്ക് പോകാന്‍ ഭയമുണ്ട്.
advertisement
തന്നെ കൊന്നു കുഴിച്ചുമൂടിയെന്ന് അഫ്‌സാന പൊലീസിനോട് പറഞ്ഞത് എന്തു കൊണ്ടാണെന്ന് അറിയില്ല. അഫ്സാനയ്ക്ക് മാനസിക പ്രശ്‌നം ഉണ്ടായിരിക്കാം. ഭാര്യയുമായി ചെറിയ ചില വഴക്കുകള്‍ ഉണ്ടായിരുന്നുവെന്നും നൗഷാദ് പറഞ്ഞു.
ഒന്നര വർഷം മുൻപു കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയതായി ഭാര്യ അഫ്സാന ഇന്നലെ പൊലീസിന് മൊഴി നൽകിയിരുന്നു. അഫ്സാനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നിരവധി ഇടങ്ങളിൽ നൗഷാദിന്റെ മൃതദേഹത്തിനായി പൊലീസ് പരിശോധനയും നടത്തി. ഇടയ്ക്ക് നൗഷാദിനെ തിരികെ കൊണ്ടുവരണമെന്നു തനിക്ക് ആഗ്രഹമുണ്ടെന്ന് അഫ്സാന പറഞ്ഞിരുന്നു. ഇതാണ് നൗഷാദ് ജീവിച്ചിരിപ്പുണ്ടെന്ന സംശയത്തിലേക്ക് പൊലീസിനെ നയിച്ചതെന്നാണ് വിവരം.
കഴിഞ്ഞ ഒന്നര വർഷമായി തൊടുപുഴ തൊമ്മൻകുത്ത് റബർ തോട്ടത്തിൽ ജോലിക്കാരനായി കഴിയുകയായിരുന്നു നൗഷാദ്. അഫ്സാനയ്ക്കു മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നു സംശയിക്കുന്നതായി നൗഷാദിന്റെ മാതാപിതാക്കളും പറയുന്നു.