ഇയാളെ വിശ്വസിക്കുന്നതിനെക്കാൾ നല്ലത് തള്ളിക്കളയുകയാണ് ഉത്തമമെന്ന് കരുതിയവരാണ് ക്രൈം ബ്രാഞ്ച്. അവരെ അതിന് പ്രേരിപ്പിച്ച ഘടകങ്ങൾ എന്തൊക്കൊയായിരുന്നുവെന്ന് അവർ തന്നെ പറയുന്നത് ഇങ്ങനെയാണ്.
1. പതിനെട്ടോളം വഞ്ചനാ കേസിലെ പ്രതി
2. കലാഭവൻ ആബേൽ അച്ചന്റെ മരണത്തിൽ ആരോപണ വിധേയൻ
3. പബ്ലിസിറ്റിക്കുവേണ്ടി എന്തും വിളിച്ചു കൂവാൻ മടിയില്ലാത്തവൻ
4. തലയ്ക്ക് വെളിവില്ലാത്തവൻ
ഇങ്ങനെയൊക്കെ ആയതുകൊണ്ട് സോബിപറയുന്ന കാര്യങ്ങൾ മുഖവിലയ്ക്കെടുക്കാൻ കഴിയില്ലെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ ഒരു വാദം.മറ്റൊന്ന് ഇയാൾ എന്തിനാണ് ഇത്രയും കാലം എല്ലാം മറച്ചു വച്ചത്. അല്ല ഇയാൾ പറയുന്നത് കേട്ടാൽ തെളിവ് ആര് കണ്ടെത്തും. ഇങ്ങനെ പറഞ്ഞ് ഒഴിഞ്ഞുമാറിയവരും ക്രൈം ബ്രാഞ്ച് സംഘത്തിലുണ്ടായിരുന്നു.
advertisement
പരമ്പരയുടെ ആദ്യഭാഗം വായിക്കാം- ബാലഭാസ്കറിന്റെ മരണം; ഒരു പാതിരാവും ഒരുപാട് ദുരൂഹതയും
സോബി പറഞ്ഞത് എന്തൊക്കെയാണ്?
2018 സെപ്തംബർ 25 ന് പുലർച്ചെ ചാലക്കുടിയിൽ നിന്ന് തിരുനെൽവേലിയിലേക്ക് കാറിൽ പോകുന്നതിനിടെയാണ് കലാഭവൻ സോബി ജോർജ് ഞെട്ടിക്കുന്ന കാഴ്ചകൾ കാണുന്നത്. കണ്ടത് ഒരു കാർ അപകടമായിരുന്നു. അതിനെക്കുറിച്ച് ഗായകനായ മധുബാലകൃഷ്ണനോടാണ് സോബി ആദ്യം പറയുന്നത്. ആ തുറന്ന് പറച്ചിൽ സെപ്തംബർ 26 നായിരുന്നു. "ബാലുവിന്റെ വാഹനാപകടം നടന്ന് പത്ത് മിനിറ്റ് കഴിയുന്നതിന് മുന്ന താനും അതേ ഹൈവേയിലൂടെ കടന്നു പോയെന്നും അപകട സ്ഥലത്ത് താൻ ചില അസ്വാഭാവിക നീക്കങ്ങൾ കണ്ടു"വെന്നുമായിരുന്നു മധുബാലകൃഷ്ണനോട് സോബി ആദ്യം പറഞ്ഞത്.
അന്ന് ബാലഭാസ്കറിന്റെ വീട്ടുകാരുടെ ഫോൺ നമ്പർ കൈവശം ഇല്ലാതിരുന്നതു കൊണ്ടാണ് മധുവിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞതെന്നും മധുവും ബാലുവും നല്ല സൗഹൃദം പുലർത്തിയിരുന്നുവരാണെന്ന് അറിഞ്ഞിരുന്നതുകൊണ്ടാണ് മധുവിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞതെന്നും സോബി വ്യക്തമാക്കുന്നു. പിന്നീടാണ് പ്രധാന ട്വിസ്റ്റ് സംഭവിക്കുന്നത്. എല്ലാം കേട്ട ശേഷം മധു ബാലകൃഷ്ണൻ ബാലഭാസ്കറിന്റെ സന്തത സഹചാരിയായ പ്രകാശ് തമ്പിയുടെ ഫോൺ നമ്പർ സോബിക്ക് കൈമാറി, തമ്പിയോട് എല്ലാം പറയാൻ മധു ആവശ്യപ്പെടുകയും ചെയ്തു. ഇത് കേട്ട പാടെ സോബി തമ്പിയുടെ ഫോണിലേക്ക് വിളിച്ചു. കണ്ട കാര്യങ്ങളെക്കുറിച്ച് പറഞ്ഞു. അയാൾ ഒരു താൽപര്യവുമില്ലാതെ ഇക്കാര്യങ്ങൾ പൊലീസിനോട് പറയാം എന്നാണ് സോബിയോട് പറഞ്ഞത്.കൂടാതെ ആറ്റിങ്ങൽ ഡിവൈഎസ് പി സോബിയെ വിളിക്കുമെന്നും തമ്പി പറഞ്ഞിരുന്നു.
ലോക്കൽ പൊലീസിലെ ആരും സോബിയെ വിളിച്ചില്ലെന്ന് മാത്രമല്ല തമ്പിയും പിന്നീട് വിളിച്ചില്ല. ഒക്ടോബർ രണ്ടിന് ബാലു മരിക്കുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകൾ കണ്ട് മനസ്സ് നുറുങ്ങിയ സോബിയും വിചാരിച്ചു ഇത് സാധാരണ അപകടം തന്നെയായിരിക്കും. എങ്കിലും ചില കാഴ്ചകൾ അയാളെ പിൻതുടർന്ന് വേട്ടയാടിക്കൊണ്ടിരുന്നു. എന്തിനാകും രക്ഷാപ്രവർത്തകന്റെ രൂപത്തിൽ വന്ന യുവാവ് തന്നെ ഭീഷണിപ്പെടുത്തിയത്? അല്ല അപകട സ്ഥലത്ത് നിന്ന് വേഗം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവാവും ആ ബൈക്കിൽ കയറാൻ റോഡിന്റെ വലതുവശത്ത് കൂടി ഓടിപ്പോയ ചെറുപ്പക്കാരനും ആരാകും.? അവരെന്തിനാണ് ഓടി മാറിയത് ? ഇത്തരം ചോദ്യങ്ങളും സോബിയെ അലട്ടിക്കൊണ്ടിരുന്നു. കൂടാതെ ചേട്ടന് ചുമ്മാതിരുന്നു കൂടെ എന്തിനാണ് ബാലഭാസ്കറിനെ അനാവശ്യ കാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന പ്രകാശ് തമ്പിയുടെ ചോദ്യവും സോബിയുടെ മനസ്സിൽ സംശയത്തിന്റെ കൊടുങ്കാറ്റുയർത്തി.
രണ്ടാം വെളിപ്പെടുത്തൽ
2019 മെയ് മാസമായിരുന്നു സോബിയുടെ രണ്ടാം വരവ്, അപ്പോൾ കാര്യങ്ങൾ കുറെ കൂടി വ്യക്തമായിരുന്നു. പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം, ജമീൽ ജബ്ബാർ എന്നിവർ 700 കിലോ സ്വർണക്കള്ളക്കടത്ത് കേസിൽ പ്രതികളായെന്ന് അറിഞ്ഞായിരുന്നു ആ രണ്ടാം വരവും വെളിപ്പെടുത്തലും ( ജമീൽ ജബ്ബാറിനെ പ്രതി ചേർത്തത് ഏറ്റവും ഒടുവിലായിരുന്നു) ഇവർ 210 കിലോ സ്വർണം വിദേശത്ത് നിന്ന് തിരുവനന്തപുരം വിമാനത്താവളം വഴി കേരളത്തിലേക്ക് കടത്തിയെന്ന് ഡിആർഐ കണ്ടെത്തിയിരുന്നു. ഇത്തവണ സോബി മറ്റാരെയും വിളിച്ചില്ല നേരെ ഒരു മാധ്യമ സുഹൃത്തിനെ വിളിച്ചു, അയാളിൽ നിന്ന് ബാലഭാസ്കറിന്റെ അച്ഛന്റെ ഫോൺ നമ്പർ വാങ്ങി അദ്ദേഹത്തെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു.
അന്ന് ആദ്യ വെളിപ്പെടുത്തലിനോട് ചേർത്ത് മറ്റ് ചില കാര്യങ്ങൾ കൂടി സോബി പറഞ്ഞു. അപകട സ്ഥലത്ത് എത്തുന്നതിന് മുമ്പ് ഒരു കാർ റോഡരികിൽ നിറുത്തിയിട്ട് ചിലർ മദ്യപിക്കുന്നത് കണ്ടുവെന്നും അവർ ഏറെ ആഹ്ളാദത്തിലായിരുന്നുവെന്നും അന്ന് സോബി പറഞ്ഞിരുന്നു. കൂടാതെ കൊല്ലം ദിശയിലേക്ക് ഒരു കാർ ഡബിൾ ഇന്റിക്കേറ്റർ ഇട്ട് കടന്നു പോയെന്നും സോബി പറഞ്ഞു.
ഇക്കാര്യങ്ങളെല്ലാം കേട്ട ക്രൈം ബ്രാഞ്ച് സോബിയുടെ നേർ സാക്ഷ്യം പൂർണമായും തള്ളിയപ്പോൾ ഡിആർ ഐ സംഘം സോബിയെ വിളിച്ചുവരുത്തി ചില ഫോട്ടോകൾ കാണിച്ചു കൊടുത്തു. നാൽപ്പതോളം ചിത്രങ്ങളിൽ നിന്ന് ഒരാളെ തിരിച്ചറിഞ്ഞ സോബി അയാൾ അപകട സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും ഡിആർ ഐ സംഘത്തോട് വെളിപ്പെടുത്തി. അയാൾ സോബി പറഞ്ഞ സമയത്ത് അതേ ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നുവെന്ന് ഡിആർഐ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ ക്രൈംബ്രാഞ്ച് കാരോട് സോബി ചൂണ്ടിക്കാട്ടിയ പ്രകാശ് തമ്പിയും ഡോ. രവീന്ദ്രന്റെ മകൻ ജിഷ്ണുവും ആ ടവർ ലൊക്കേഷിനിൽ ഇല്ലെന്ന് ഫോൺ രേഖകൾ ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് കൈ മലർത്തി.
സോബിയുടെ മൊഴി IPC 164 അനുസരിച്ച് രേഖപ്പെടുത്തണമെന്ന് ബാലഭാസ്കറിന്റെ അച്ഛൻ പല കുറി ക്രൈം ബ്രാഞ്ച് ഡിവൈഎസ് പി ഹരികൃഷ്ണനോടും എസ് ഐ അനൂപിനോടും ആവശ്യപ്പെട്ടു. അവർ മുകളിൽ സൂചിപ്പിച്ച കാരണങ്ങൾ ചൂണ്ടിക്കാട്ടി അച്ഛന്റെ അഭ്യർത്ഥനയും തള്ളി ,സോബിയും അയാളുടെ വെളിപ്പെടുത്തലും തട്ടിപ്പെന്ന് കരക്കമ്പി ഇറക്കുകയും ചെയ്തു.
ആദ്യ വെളിപ്പെടുത്തൽ ഇരു ചെവി അറിയാതെ പ്രകാശ് തമ്പി മുക്കിയെങ്കിൽ സോബിയുടെ രണ്ടാം വരവിൽ അന്വേഷണ അന്തരീക്ഷത്തിൽ ഒരു കൊടുങ്കാറ്റ് ഉരുണ്ടു കൂടിയെങ്കിലും അത് ആഞ്ഞ് വീശും മുമ്പ് ക്രൈം ബ്രാഞ്ച് തല്ലിക്കെടുത്തി.
TRENDING:IPL 2020 | ചൈനീസ് കമ്പനിയെ സപോൺസറാക്കിയതിൽ പ്രതിഷേധം; ഐപിഎൽ ബഹിഷ്ക്കരിക്കുമെന്ന് ഭീഷണി
[NEWS]മകനൊപ്പം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത വയോധികയ്ക്ക് പിന്നിൽ നിന്നുള്ള വാഹനമിടിച്ച് വീണ് ദാരുണാന്ത്യം[NEWS]'ഒന്നുകിൽ മുരളീധരൻ മന്ത്രിസ്ഥാനം രാജിവെയ്ക്കണം; അല്ലെങ്കിൽ പ്രധാനമന്ത്രി പുറത്താക്കണം'; കോടിയേരി ബാലകൃഷ്ണൻ [NEWS]
മൂന്നാം വെളിപ്പെടുത്തൽ
2020 ജൂലൈ 24 നാണ് ന്യൂസ് 18 കോതമംഗലം ലേഖകൻ നിസാർ ഉള്‍പ്പെടെയുള്ള ചില മാധ്യമ പ്രവർത്തകരോട് ഇതെന്റെ മരണ മൊഴിയാണെന്ന മുഖവുരയോടെ സോബി മൂന്നാം വെളിപ്പെടുത്തൽ നടത്തിയത്. അതിങ്ങനെ ആയിരുന്നു. ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടും മുമ്പ് ആക്രമിക്കപ്പെട്ടിരുന്നു. ബാലഭാസ്കറിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്നും സോബി ഒന്നു കൂടി ഉറപ്പിച്ച് പറഞ്ഞു.
ജൂലൈ 30 ,31 തീയതികളിൽ മാധ്യമങ്ങളിൽ സോബിയുടെ വെളിപ്പെടുത്തൽ കോളിളക്കം സൃഷ്ടിച്ചു. നയതന്ത്ര സ്വർണക്കള്ളക്കടത്ത് കേസിലെ സരിത് എന്ന പ്രതിയെ താൻ അപകട സ്ഥലത്ത് വച്ച കണ്ടിരുന്നുവെന്നും സോബി വെളിപ്പെടുത്തി. ആ ദിവസങ്ങളിൽ തന്നെയാണ് ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തതും എഫ് ഐ ആർ രജിസ്റ്റർ ചെയ്തതും.
മംഗലപുരത്തെ പെട്രോൾ പമ്പിന് സമീപത്ത് വച്ചാണ് ബാലുവിന്റെ കാർ ആക്രമിക്കപ്പെട്ടത്, കാറിന്റെ പുറകുവശത്തെ ചില്ല് ക്വട്ടേഷൻ സംഘം തല്ലിത്തകർക്കുന്നത് തന്റെ കണ്ണുകൊണ്ട് കണ്ടുവെന്നും ഇന്നൊവ കാറിലെ ഒരാളെ ക്വട്ടേഷൻ സംഘത്തിലെ ആളുകൾ തല്ലുന്നത് കണ്ടുവെന്നും സോബി വെളിപ്പെടുത്തി.
ഉയരുന്ന സംശയങ്ങൾ
1 ആ നീല കാർ ബാലഭാസ്കറിന്റെ ഇന്നൊവയാണോ?
2 ശരിക്കും ഇങ്ങനെ ഒരാക്രമണം നടന്നുവോ?
3 മൃത പ്രായനായ ശേഷമാണോ ബാലഭാസ്കർ അപകടത്തിൽപ്പെട്ടത്?
4 ആക്രമണം നടന്നുവെങ്കിൽ ബാലഭാസ്കർ ആശുപത്രിയിൽ ഇക്കാര്യം പറയാത്തത് എന്തുകൊണ്ട് ?
5 ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ഇക്കാര്യം മറച്ചു വയ്ക്കുകയാണോ ?
ഇത്തരത്തിൽ നിരവധി സംശയങ്ങളുണർത്തുന്ന വെളിപ്പെടുത്തലാണ് സോബിയുടേത്. ഒരു പക്ഷെ ബാലുവിന്റെ കുടംബവും ചില സുഹൃത്തുക്കളും ഒഴികെ മറ്റാരും ഇക്കാര്യം ഗൗരവത്തിൽ എടുക്കണമെന്നില്ല.
ഭീഷണികളുണ്ടെന്നും താൻ ആരെയും ഭയക്കുന്നില്ലെന്നും പറയുകയും ഇനിയും ബാക്കിയുണ്ടെന്ന് ആവർത്തിക്കുകയും ചെയ്യുന്ന സോബിയെ ലോക്കൽ പൊലീസ് ആദ്യം തന്നെ പരിഗണിച്ചിരുന്നുവെങ്കിൽ ഈ കേസിന്റെ ഗതി ഇങ്ങനെ ആകുമായിരുന്നില്ല. ക്രൈം ബ്രാഞ്ച് ഇത്തിരി ശ്രദ്ധ ഊന്നിയിരുന്നെങ്കിലും ചിലപ്പോൾ തെളിവുകൾ കിട്ടിയേനെ.
എന്നാൽ കേസിപ്പോൾ അന്വേഷിക്കുന്നത് സിബിഐ ആണ്, പഴയ ദേവദാസിന്റെ ക്രൈം ബ്രാഞ്ചല്ല, ഇത് സേതുരാമ അയ്യരുടെ സിബിഐ ആണ്, അവർ നേരറിയാൻ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ദിവസമെണ്ണി ജയിലിലെ ഏകാന്ത തടവിൽ കഴിയുന്ന ഈശോയുടെ വാക്കുകളും കേൾക്കും കഴമ്പുണ്ടെങ്കിൽ ആ വഴിക്കും അന്വേഷിക്കും.. കല്ലും നല്ലും തിരിയും സത്യം തെളിയും അതാണല്ലോ കാലം ആവശ്യപ്പെടുന്നതും
സ്വർണ പാത്രം കൊണ്ട് മൂടിവച്ചാലും സത്യം പുറത്തു വരിക തന്നെ ചെയ്യുമല്ലോ.. (തുടരും)