വടക്കേ അമേരിക്ക, യൂറോപ്പ്, ചൈന, ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ റേഡിയോ ടെലിസ്‌കോപ്പുകൾ ഉപയോഗിച്ച് നൂറുകണക്കിന് ശാസ്ത്രജ്ഞർ വർഷങ്ങളായി നടത്തുന്ന പ്രയത്നത്തിന്റെ ഫലമാണ് ഈ കണ്ടെത്തൽ. പ്രപഞ്ചവുമായി ബന്ധപ്പെട്ട പഠനങ്ങളിലെ പ്രധാന നാഴികക്കല്ലായാണ് ഈ കണ്ടെത്തൽ അടയാളപ്പെടുത്തുന്നത്.
ഒരു നൂറ്റാണ്ട് മുമ്പ് ആൽബർട്ട് ഐൻസ്റ്റീനാണ് ആദ്യമായി ഗുരുത്വാകർഷണ തരംഗങ്ങളെക്കുറിച്ച് ചില പ്രവചനങ്ങൾ നടത്തിയത്. ഗുരുത്വാകർഷണ തരംഗങ്ങൾ പ്രപഞ്ചത്തിന്റെ ഘടനയിലെ അലകളാണ്. ഏതാണ്ട് പൂർണമായും തടസരഹിതമായും പ്രകാശവേഗതയിൽ ഇവ എല്ലാത്തിലൂടെയും സഞ്ചരിക്കുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നത്.
advertisement
എന്നാൽ ഇക്കാര്യം 2015 വരെ സ്ഥിരീകരിച്ചിരുന്നില്ല. രണ്ട് തമോഗർത്തങ്ങൾ (Black hole) കൂട്ടിയിടിച്ച് സൃഷ്ടിക്കപ്പെട്ട ആദ്യത്തെ ഗുരുത്വാകർഷണ തരംഗങ്ങൾ യുഎസും ഇറ്റാലിയൻ വാനനിരീക്ഷകരും 2015ൽ കണ്ടെത്തിയതിനെത്തുടർന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഉയർന്ന ആവൃത്തിയിലുള്ള ഈ തരംഗങ്ങൾ ഒരു കൂട്ടിയിടിയുടെ ഫലമായിരുന്നു. ശക്തവും എന്നാൽ ഹ്രസ്വവുമായ ആ കൂടിയിടി ഭൂമിയിലേക്കും അലയടിച്ചു. എന്നാൽ പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞർ കുറഞ്ഞ ആവൃത്തിയിലുള്ള ഗുരുത്വാകർഷണ തരംഗങ്ങൾക്കായി തിരച്ചിൽ നടത്തുകയായിരുന്നു. ഒരു പശ്ചാത്തല ശബ്‌ദം പോലെ ബഹിരാകാശത്ത് ഇവ നിരന്തരം കേൾക്കാറുണ്ട്.
ഇന്റർനാഷണൽ പൾസർ ടൈമിംഗ് അറേ കൺസോർഷ്യത്തിന് കീഴിൽ നിരവധി ഭൂഖണ്ഡങ്ങളിൽ നിരവധി ശാസ്ത്രജ്ഞർ ഗുരുത്വാകർഷണ വേവ് ഡിറ്റക്ടറുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. ഒടുവിൽ ഈ പശ്ചാത്തല തരംഗങ്ങളുടെ ശക്തമായ തെളിവുകൾ കണ്ടെത്തിയതായി വ്യാഴാഴ്ച ശാസ്ത്രജ്ഞർ വെളിപ്പെടുത്തി.
Also Read-Chandrayaan-3 | ചരിത്രദൗത്യവുമായി ISRO;ചന്ദ്രയാൻ-3 ജൂലൈ 13ന് വിക്ഷേപിക്കും
ലോകമെമ്പാടുമുള്ള റേഡിയോ ടെലസ്കോപ്പുകൾ വഴി ക്ഷീരപഥത്തിലുടനീളം മൊത്തം 115 പൾസറുകളെ ലക്ഷ്യം വച്ചാണ് നിരീക്ഷണം നടത്തിയിരുന്നത്. ഗുരുത്വാകർഷണ തരംഗങ്ങളുടെ സൂചനകൾക്കായി ശാസ്ത്രജ്ഞർ പൾസുകളുടെ സമയത്തിലെ ചെറിയ വ്യത്യാസങ്ങളാണ് അളന്നത്. 20 വർഷത്തിനിടെ സെക്കൻഡിന്റെ ഒരു ദശലക്ഷത്തിൽ താഴെയുള്ള മാറ്റങ്ങൾ കണ്ടെത്താനാണ് കഴിഞ്ഞതെന്ന് ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ അന്റോയിൻ പെറ്റിറ്റോ പറഞ്ഞു.
ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തിനും പ്രപഞ്ചത്തെക്കുറിച്ചുള്ള ശാസ്ത്രത്തിന്റെ നിലവിലെ ധാരണയ്ക്കും യോജിച്ചതാണ് ഈ കണ്ടെത്തലെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ഗ്യാലക്സിയുടെ മധ്യഭാഗത്തുള്ള ബ്ലാക്ക് ഹോൾ ജോഡികളിൽ നിന്നാണ് തരംഗങ്ങൾ ഉണ്ടാകുന്നതെന്നാണ് കണ്ടെത്തൽ. ഈ തമോഗർത്തങ്ങളിൽ നിന്നുയരുന്ന പശ്ചാത്തല ശബ്ദം ‘ശബ്ദമാനമായ ഒരു റെസ്റ്റോറന്റിൽ ഇരുന്ന് ആളുകൾ സംസാരിക്കുന്നത് കേൾക്കുന്നത് പോലെയാണെന്ന്’ യൂറോപ്യൻ പൾസർ ടൈമിംഗ് അറേയിലെ ശാസ്ത്രജ്ഞൻ മൈക്കൽ കെയ്ത്ത് പറഞ്ഞു.
ഭാവിയിൽ, ലോ-ഫ്രീക്വൻസി ഗുരുത്വാകർഷണ തരംഗങ്ങളിൽ നിന്ന് ഈ കണ്ടെത്തലുകൾ സംബന്ധിച്ച കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താനാകുമെന്നും ബ്ലാക്ക് മാറ്റർ സംബന്ധിച്ച നിഗൂഢതയിലേക്ക് വെളിച്ചം വീശുമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. തമോഗർത്തങ്ങളും ഗാലക്സികളും എങ്ങനെ രൂപപ്പെടുകയും പരിണമിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും ഇത് സഹായിക്കുമെന്ന് ശാസ്ത്രജ്ഞർ കൂട്ടിച്ചേർത്തു.