ഇന്ത്യക്കാര്‍ക്ക് (indians) സ്വര്‍ണ്ണാഭരണങ്ങളോട് (gold) വലിയ പ്രിയമാണ്. ദിനം പ്രതി സ്വര്‍ണ്ണത്തിന് ആവശ്യക്കാരും ഏറുകയാണ്. ഇത് മനസ്സിലാക്കിയാണ് വളരെ വിചിത്രമായ രീതികളിലൂടെ വരെ കള്ളകടത്തു സംഘങ്ങൾ രാജ്യത്തേയ്ക്ക് സ്വർണം കടത്താൻ ശ്രമിക്കുന്നത്. വിദേശത്ത് നിന്നും സ്വര്‍ണ്ണം കൊണ്ടുവരുമ്പോഴുള്ള കസ്റ്റംസ് ഡ്യൂട്ടി (customs duty) ഒഴിവാക്കാനാണ് വിദേശത്തുനിന്നുള്ള കള്ളക്കടത്തുകാര്‍ (ചിലപ്പോള്‍ സാധാരണ യാത്രക്കാരും) സ്യൂട്ട് കേസ് കമ്പികള്‍, സോക്‌സുകള്‍, ഡിയോഡറന്റ് കുപ്പികള്‍, അലാറം ക്ലോക്കുകള്‍ തുടങ്ങി മലദ്വാരത്തില്‍ വരെ സ്വർണം ഒളിപ്പിച്ച് കടത്തുന്നത്. വ്യത്യസ്തമായ രീതികളിലൂടെ ഇവര്‍ വിമാനത്താവളത്തിലെ ജീവനക്കാരെ കബളിപ്പിക്കുകയാണ്. ബാന്‍ഡേജുകള്‍, മൈക്രോവേവ് ഓവനുകള്‍ കൂടാതെ ആര്‍ടിപിസിആര്‍ സാമ്പിളുകള്‍ തുടങ്ങിയരീതികളിലൂടെയും ഇപ്പോള്‍ സ്വര്‍ണ്ണക്കടത്ത് നടക്കാറുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ 7.5 ശതമാനത്തില്‍ നിന്നും 12.5 ശതമാനമായി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു.
advertisement
പ്രവര്‍ത്തന രീതി
എന്തുകൊണ്ടാണ് സ്വര്‍ണ്ണക്കടത്ത് വ്യാപകമാകുന്നതെന്നും എങ്ങനെയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങളെന്നും ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ മുന്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന രോഹിത് പ്രകാശ് ജോഷി ന്യൂസ് 18നോട് വിശദീകരിച്ചു. '24 കാരറ്റ് പരിശുദ്ധിയുള്ള സ്വര്‍ണ്ണം ടാക്‌സ് അടയ്ക്കാതെ ഇറക്കുമതി ചെയ്യാന്‍ അനുവാദമില്ല. എന്നാല്‍ ചില യാത്രക്കാര്‍ 24 കാരറ്റ് സ്വര്‍ണ്ണം സ്വര്‍ണ്ണാഭരണങ്ങളാക്കി ദേഹത്ത് ധരിക്കും. ചെറിയ കളിപ്പാട്ടങ്ങള്‍, ട്രോളി ബാഗുകളുടെ ചില ഭാഗങ്ങളില്‍, പ്രസ് ബട്ടണായി, മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍ക്ക് പകരം ഒക്കെ സ്വര്‍ണ്ണം കടത്തുന്നതാണ് മറ്റ് രീതികള്‍. മറ്റു ചിലരാകട്ടെ വസ്ത്രങ്ങള്‍ക്കുള്ളില്‍ പോക്കറ്റ് ഉണ്ടാക്കി അതില്‍ സ്വര്‍ണ്ണം കടത്തുന്നുണ്ട്.' രോഹിത് പ്രകാശ് വിശദീകരിക്കുന്നു.
Also Read-മലദ്വാരത്തിൽ 101 പവനുമായി കൊടുവള്ളി സ്വദേശി പിടിയിൽ; കരിപ്പൂരിലെത്തിയത് ബഹറിനിൽ നിന്നും
അടുത്തകാലത്തായി സ്വര്‍ണ്ണം പേസ്റ്റാക്കി മാറ്റി കടത്തുന്ന രീതിയും കണ്ടുവരുന്നുണ്ട്. എളുപ്പത്തില്‍ ഒളിപ്പിക്കാന്‍ സാധിക്കും എന്നതാണ് ഈ രീതിയ്ക്കുള്ള പ്രത്യേകത. 'ഈയിടെയായി പുതിയൊരു രീതി സ്വര്‍ണ്ണക്കടത്തില്‍ വന്നിട്ടുണ്ട്. സ്വര്‍ണ്ണം പേസ്റ്റുകളാക്കിയാണ് ഇപ്പോള്‍ കൊണ്ടുവരുന്നത്. പാന്റ്‌സിന്റെ അരക്കെട്ടിലോ ഷര്‍ട്ടിന്റെ കോളറിലോ ഒക്കെയുള്ള പോക്കറ്റിലാണ് ഇത്തരം പേസ്റ്റ് ഒളിപ്പിക്കാറ്. സ്യൂട്ട്‌കേസ് പോലുള്ള വസ്തുക്കളിലും ഇത്തരം പേസ്റ്റ് തേച്ച് പിടിപ്പിക്കാറുണ്ട്. പെട്ടെന്ന് ആരും സംശയിക്കില്ല എന്നതാണ് ഇതിന്റെ പ്രത്യേകത' കോലാപൂരിലെ ജിഎസ്ടി ഇന്റലിജന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ രോഹിത് കൂട്ടിച്ചേര്‍ത്തു.
കള്ളക്കടത്ത് മാര്‍ഗ്ഗങ്ങള്‍
രണ്ട് തരത്തിലുള്ള യാത്രക്കാരാണ് സ്വര്‍ണ്ണക്കടത്തില്‍ ഉള്‍പ്പെടാറുള്ളത്. ഡ്യൂട്ടി ഒഴിവാക്കി നിശ്ചിത പരിധിയില്‍ കൂടുതല്‍ ആഭരണങ്ങള്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നവരാണ് ആദ്യ വിഭാഗം. കസ്റ്റംസിന്റെ കണ്ണില്‍ പെടാതെ വിമാനത്താവളത്തിന് പുറത്ത് സ്വര്‍ണ്ണം എത്തിക്കുക എന്നതാണ് ഇവരുടെ ഉദ്ദേശം. ഇവര്‍ ശരീരത്തില്‍ ധരിച്ചോ ലഗ്ഗേജുകളിലാക്കിയോ ആണ് സ്വര്‍ണ്ണം കടത്താറുള്ളത്.
Also Read-'നടത്തത്തിൽ ലേശം സംശയം'; മലദ്വാരത്തിൽ സ്വർണം കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
വലിയ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളാണ് രണ്ടാം വിഭാഗത്തില്‍ പെടുന്നത്. പലപ്പോഴും ശരീരത്തിനുള്ളില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്തുന്നതാണ് ഇവരുടെ രീതി. സ്വര്‍ണ്ണം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ഗുളികകളുടെ രൂപത്തിലാക്കി മലാശയത്തിലോ യോനിയിലോ ഒളിപ്പിച്ച് കടത്തുന്നു. ചില സമയത്ത് വിമാനത്താവളത്തിലെ ജോലിക്കാരുടെ ഒത്താശയോടെയാണ് ഇത് ചെയ്യാറുള്ളത്. കസ്റ്റംസ് അറിയാതെ സ്വര്‍ണ്ണം വിമാനത്താവളത്തിന് പുറത്തെത്തിക്കാന്‍ ഇവര്‍ കള്ളക്കടത്തുകാരെ സഹായിക്കുകയാണ് ചെയ്യുന്നത്.
തങ്ങള്‍ വാഹകരാണ് എന്ന് അറിയാതെ കള്ളക്കടത്തുകാരുടെ സ്വര്‍ണ്ണം കടത്തുന്ന ചില ആളുകളും ഇക്കൂട്ടത്തിലുണ്ട്. ഇത്തരക്കാരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അല്ലെങ്കില്‍ അറിയാവുന്ന ഏതെങ്കിലും വ്യക്തികളോ ഒക്കെ സ്വര്‍ണ്ണം അടങ്ങിയ വസ്തുക്കള്‍ ഇത്തരക്കാരുടെ കയ്യില്‍ കൊടുത്ത് വിടുകയാണ് പതിവ്. പാഴ്‌സലില്‍ എന്താണ് ഉള്ളത് എന്നതിനെക്കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരിക്കില്ല. ഇവര്‍ ഈ സാധനങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നു. ഇത്തരം കേസുകളില്‍ വിശദമായ അന്വേഷം നടത്തിയാല്‍ സത്യം പുറത്തു വരുമെന്നും കുറ്റവാളികളെ പിടികൂടാന്‍ സാധിക്കുമെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. ചിലപ്പോള്‍ കുട്ടികളെ ഉപയോഗിച്ചും സ്വര്‍ണ്ണം കടത്താറുണ്ട്. കസ്റ്റംസിനെ എളുപ്പത്തില്‍ ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും.
സാങ്കേതിക വിദ്യയുടെ ഉപയോഗം
സാങ്കേതിക വിദ്യയുടെയും സൂക്ഷ്മ പരിശോധനയുടെയും സഹായത്തോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളില്‍ മിക്കവാറും എല്ലാ ദിവസങ്ങളിലും സ്വര്‍ണ്ണക്കടത്തുകാരെ പിടികൂടാറുണ്ട്. മെറ്റല്‍ ഡിറ്റക്ടറുകളും എക്‌സ്‌റെ സ്‌കാനുകളുമാണ് പ്രധാനമായും ഇത്തരം പരിശോധനകള്‍ക്കായി ഉപയോഗിക്കാറുള്ളത്. യാത്രക്കാരെ ഇത്തരം സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വിശദമായി പരിശോധിക്കുന്നു. ആവശ്യമെങ്കില്‍ മെഡിക്കല്‍ സംഘത്തിന്റെ സഹായവും തേടാറുണ്ട്. ചില സമയങ്ങളില്‍ മെഡിക്കല്‍ പരിശോധനകളും നടത്താറുണ്ട്. ചില ആളുകളുടെ പെരുമാറ്റത്തിലൂടെ ഇവരെ പിടികൂടാൻ ബുദ്ധിമുട്ടാണ്. എന്നാല്‍, പരിചയസമ്പന്നരായ ഉദ്യോഗസ്ഥര്‍ക്ക് ഇത് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും.
ഒരു കേസില്‍ 11 കിലോഗ്രാം സ്വര്‍ണ്ണമാണ് ഒരു യാത്രക്കാരന്‍ ശരീരത്തില്‍ വഹിച്ചത്. മറ്റൊരു സംഘം ആളുകള്‍ ഒരുമിച്ച് ഏഴ് കിലോയോളം സ്വര്‍ണ്ണമാണ് കടത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒറ്റയ്‌ക്കോ അല്ലെങ്കില്‍ സിഐഎസ്എഫ്, സംസ്ഥാന പൊലീസ്, ഇമിഗ്രേഷന്‍ ബ്യൂറോ എന്നിവരുമായി ചേര്‍ന്നോ ഒക്കെയാണ് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാറ്.
ഇന്ത്യയിലെ സ്വര്‍ണ്ണക്കടത്ത്
ഇംപാക്റ്റ് എന്ന കനേഡിയന്‍ ഏജന്‍സി പ്രസിദ്ധീകരിച്ച 'ഗോള്‍ഡന്‍ വെബ്' എന്ന ലേഖനത്തില്‍ പറയുന്നതനുസരിച്ച് ലോകത്തിലെ സ്വര്‍ണ്ണക്കടത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്ന് ഇന്ത്യയാണ്. ഇന്ത്യ പ്രതിവര്‍ഷം ഏകദേശം 1,000 ടണ്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്നുണ്ട്. ഉഗാണ്ട മുതല്‍ യുഎഇ വരെയുള്ള സ്ഥലങ്ങളില്‍ നിന്ന് ഹവാല ഇടപാടുകളിലൂടെയാണ് പ്രധാനമായും ഇന്ത്യയിലേയ്ക്ക് അനധികൃത സ്വര്‍ണ്ണം എത്തുന്നത്.