അതേസമയം ചിത്രത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആമീര്‍ ഖാനോട് ചിത്രത്തെക്കുറിച്ച് ചോദ്യമുന്നയിച്ചത്. ചരിത്രത്തിന്റെ ഭാഗമണതെന്നും അത്തരത്തിലുള്ള ചിത്രം എല്ലാ ഇന്ത്യക്കാരും കാണണമെന്നും അദ്ദേഹം പറഞ്ഞു.
'ഞാന്‍ എന്തായാലും ആ ചിത്രം കാണും. ചരിത്രത്തിന്റ ഭാഗമാണത്. കശ്മീരി പണ്ഡിറ്റുകള്‍ക്ക് സംഭവിച്ചതെന്തോ അത് ദുഖകരമാണ്. അത്തരത്തിലുള്ള ചിത്രങ്ങള്‍ എല്ലാ ഇന്ത്യക്കാരും കാണണം. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരെയും ഈ ചിത്രം ആഴത്തില്‍ സ്പര്‍ശിച്ചു. അതാണ് ആ ചിത്രത്തിന്റെ മനോഹാരിത' ആമീര്‍ പ്രതികരിച്ചു.
advertisement
ചിത്രത്തിന്റെ വിജയത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിത്രം 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. അനുപം ഖേര്‍, പല്ലവി ജോഷി, ദര്‍ശന്‍ കുമാര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഉത്തരേന്ത്യയിലുടനീളം, പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. കേരളത്തിലും സ്ഥിതി മറിച്ചല്ല. കേവലം രണ്ടു സ്‌ക്രീനുകളില്‍ തുടങ്ങി, നിലവില്‍ 108 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
കാശ്മീര്‍ ഫയല്‍സ് പ്രേക്ഷകരില്‍ പ്രത്യേകിച്ച് താഴ്വര വിട്ടുപോകാന്‍ നിര്‍ബന്ധിതരാകുകയും ആ സമയത്ത് വളരെയധികം കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വരികയും ചെയ്ത കശ്മീരി ഹിന്ദുക്കളില്‍ വലിയ പ്രതികരണങ്ങളാണ് സൃഷ്ടിക്കുന്നത്.
ചിത്രത്തിന്റെ റിലീസിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു.മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷം വളര്‍ത്തുന്ന കുപ്രചരണമാണ് ചിത്രമെന്നായിരുന്നു ഹര്‍ജി. എന്നാല്‍ ഹര്‍ജി തള്ളിക്കൊണ്ട് മാര്‍ച്ച് 11 ന് ചിത്രത്തിന്‍ റിലീസ് അനുമതി നല്‍കുകയായിരുന്നു.