രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും രാജുവിനും പനിയും ചുമയും ആരംഭിച്ചു. കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് 18 ദിവസങ്ങളോളം നീണ്ട ആശുപത്രി വാസമായിരുന്നു. കോവിഡിന് പിന്നാലെ ന്യുമോണിയ കൂടി ബാധിച്ച് ജീവിതത്തിലെ അതീവ പ്രതിസന്ധിഘട്ടത്തിലൂടെയാണ് ഈ ദിനങ്ങളിൽ രാജു കടന്നുപോയതെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. രോഗത്തിന്‍റെ ഒരുഘട്ടത്തിൽ ശബ്ദവും നഷ്ടമായിരുന്നു. ഏകാന്തതയും മാനസിക സമ്മർദ്ദവും നിറഞ്ഞ സമയങ്ങളിൽ കരുത്ത് പകർന്ന് ഡോക്ടർമാർ കൂടെ നിന്നു.
Also Read-പതിനഞ്ചു കിലോ സൗജന്യ റേഷനരി വാങ്ങി; അതിലൊരു നാണക്കേടും ഇല്ലെന്ന് മണിയൻപിള്ള രാജു
advertisement
കോവിഡ് സ്ഥിരീകരിച്ച് ആദ്യം ആശുപത്രിയിൽ പ്രവേശിച്ച് ഡിസ്ചാർജ് ആയെങ്കിലും പിന്നീട് ന്യൂമോണിയ ബാധിച്ചതോടെയാണ് മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മാറുന്നതോടെ ശബ്ദം തിരികെ കിട്ടുമെന്ന് ഡോക്ടർമാർ ആശ്വാസിപ്പിച്ചു. 18 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിൽ ഇക്കഴിഞ്ഞ മാര്‍ച്ച് 25നാണ് രാജു രോഗമുക്തനായി വീട്ടിലേക്ക് മടങ്ങിയത്. നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്. ശബ്ദം 70% വരെ തിരിച്ചുകിട്ടി. ക്ഷീണമുള്ളതിനാൽ നല്ല ഭക്ഷണം കഴിച്ച് വിശ്രമത്തിലാണ്. ഇതിനിടെ വോട്ട് ചെയ്യാനും താരം എത്തിയിരുന്നു.
'മാർച്ച് 25നാണ് ഞാൻ കോവിഡ് നെഗറ്റീവായത്. ന്യൂമോണിയയും ബാധിച്ചിരുന്നു. നിലവിൽ വിശ്രമത്തിലാണ് ആരോഗ്യം വീണ്ടെടുത്ത് വരുന്നതേയുള്ളു. വീണ്ടും വോട്ട് ചെയ്യാന്‍ ഇനിയും അഞ്ച് വർഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നതിനാൽ ഈ തെരഞ്ഞെടുപ്പ് നഷ്ടപ്പെടുത്താൻ തോന്നിയില്ല' എന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയ ശേഷം രാജു പറഞ്ഞത്.
തന്‍റെ ശാരീരിക ബുദ്ധിമുട്ടുകൾ അദ്ദേഹം ഇതുവരെയും ആരെയും അറിയിച്ചിട്ടില്ല. ക്രമേണ അഭിനയത്തിരക്കിലേക്ക് മടങ്ങിവരാനാണ് തീരുമാനം. ടി.കെ.രാജീവ് കുമാറിന്‍റെ 'ബർമുഡ' എന്ന ചിത്രത്തിലാണ് താരം ഇനി അഭിനയിക്കുക.
