ആക്ഷൻ ത്രില്ലർ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പതിവ് തമിഴ് സിനിമകളിൽ കാണുന്ന പോലെ ഇവിടെയും സൂപ്പർ പോലീസായ നായകനെ തന്നെയാണ് സംവിധായകൻ അവതരിപ്പിക്കുന്നത്.
സാമൂഹിക പ്രസക്തമായ വിഷയങ്ങളെ കൈകാര്യം ചെയ്യാൻ തമിഴ് സിനിമ കാണിക്കുന്ന താല്പര്യം ഈ ചിത്രത്തിലും പ്രതിഫലിക്കുന്നു. യുവാക്കളെ വഴിതെറ്റിക്കുന്ന മയക്കുമരുന്ന് ഉപയോഗവും, ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും തൊഴിൽരഹിതരായി കഴിയുന്ന യുവത്വവും അവർ നേരിടുന്ന അവഗണനകളും ചിത്രത്തിലുടനീളം സംവിധായകൻ അടിവരയിടുന്നു. കുറ്റകൃത്യങ്ങൾക്ക് പിന്നിലെ സാമൂഹിക, സാമ്പത്തിക കാരണങ്ങളെയും ചിത്രം കൃത്യമായി വരച്ചു കാണിക്കുന്നു.
advertisement
അർജുൻ കുമാർ എന്ന കഥാപാത്രത്തെ പൂർണ്ണ തോതിൽ തിരക്കഥ പൂർത്തിയാക്കുമ്പോൾ സംവിധായൻ എങ്ങനെ എഴുതി വെച്ചോ അതുപോലെ അവതരിപ്പിക്കാൻ അജിത്തിന് ആയിട്ടുണ്ട്. അഭിനയത്തോടൊപ്പം തന്നെ ആക്ഷൻ രംഗങ്ങളും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ ബൈക്ക് സ്റ്റണ്ട് സീനുകളും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴും തനിക്ക് സംഘട്ടനരംഗങ്ങൾ മികച്ച രീതിയിൽ ചെയ്യാൻ കഴിയുമെന്ന് ചിത്രത്തിലൂടെ ഒരിക്കൽ കൂടി പറഞ്ഞു വയ്ക്കുന്നുണ്ട് തല. അജിത്ത് എന്ന താരത്തിന്റെ സ്വാഭാവികതക്ക് ഒപ്പം എത്തുന്ന തരത്തിൽ മറ്റു താരങ്ങളും അവരുടെ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
ഒരു ആക്ഷൻ ചിത്രത്തിൽ സംഘട്ടന രംഗങ്ങൾ എത്രത്തോളം പ്രാധാന്യമർഹിക്കുന്നു എന്ന് പറയേണ്ട ആവശ്യമില്ല. പ്രേക്ഷകരെ മടുപ്പിക്കാതെ ആവേശം നൽകുന്ന തരത്തിലുള്ള സംഘട്ടന രംഗങ്ങൾ ഒരുക്കാൻ ദിലീപ് സുബ്ബുരായൻ എന്ന ആക്ഷൻ കൊറിയോഗ്രാഫർക്ക് സാധിച്ചിട്ടുണ്ട്. ബൈക്ക് ചേസ് രംഗങ്ങൾ ഉൾപ്പെടെ മികച്ച രീതിയിൽ പകർത്തിയ നീരവ് ഷായുടെ ഛായാഗ്രഹണം ചിത്രത്തിന്റെ മറ്റൊരു മേന്മയായി എടുത്തു പറയാം.
യുവൻ ശങ്കർ രാജയുടെ പശ്ചാത്തലസംഗീതം മികച്ചു നിൽക്കുമ്പോഴും ചിത്രത്തിലെ ഗാനങ്ങൾ കഥാഗതിയിൽ പ്രേക്ഷകന് മടുപ്പുളവാക്കിയേക്കാം. മൂന്നുമണിക്കൂറോളം നീളുന്ന ചിത്രത്തിന്റെ ആദ്യപകുതി മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ടും മറ്റും മികവുറ്റ് നിൽക്കുമ്പോൾ, രണ്ടാം പകുതിയിൽ വൈകാരിക രംഗങ്ങളുടെ അതിപ്രസരം ലാഗ് സൃഷ്ടിക്കുന്നുണ്ട്.
കുറ്റകൃത്യങ്ങളെ തുടച്ചുനീക്കാൻ കുറ്റവാളിയെ ഇല്ലാതാക്കുന്നതിന് പകരം അവനെ നന്നാക്കാനുള്ള സാഹചര്യങ്ങളാണ് ഒരുക്കി നൽകേണ്ടതെന്ന് അടിവരയിട്ടു കൊണ്ടാണ് സംവിധായകൻ ചിത്രം അവസാനിപ്പിക്കുന്നത്. തമിഴ് സിനിമയിലെ പതിവ് രീതികൾ തുടരുന്നുണ്ടെങ്കിലും 'വലിമൈ' വലിയ മടുപ്പില്ലാതെ കണ്ടിരിക്കാം.
എച്ച്. വിനോദ് ആണ് തിരക്കഥയും സംവിധാനവും. അജിത് കുമാർ, കാർത്തികേയ ഗുമ്മകൊണ്ട എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രത്തിൽ ഹമ ഖുറേഷി, സുമിത്ര, അച്യുത് കുമാർ, സെൽവ ജി.എം. സുന്ദർ, ചൈത്ര റെഡ്ഡി, പേളി മാണി, ധ്രുവ്, ദിനേശ് തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബേവ്യൂ പ്രൊജക്ട്‌സ് എൽഎൽപിയുടെ ബാനറിൽ ബോണി കപൂറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
