മക്ക കഴിഞ്ഞാൽ മുസ്ലീങ്ങളുടെ രണ്ടാമത്തെ വിശുദ്ധ നഗരം ആയ മദീന ഉൾപ്പെടുന്ന മേഖലയിൽ മാർച്ച് 28നാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ഔദ്യോഗിക പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. നോമ്പ് തുടങ്ങി അഞ്ച് ദിവസങ്ങൾക്ക് ശേഷമായിരുന്നു ഇത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സൗദി പൗരൻ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇയാൾ ഒരാളെ കുത്തിക്കൊല്ലുകയും അതിന് ശേഷം തീകൊളുത്തുകയുമായിരുന്നുവത്രേ.
Also Read- അബുദാബിയിലെ റോഡുകളില്‍ ഇനി വാഹനത്തിന്റെ വേഗത കുറഞ്ഞാൽ 9000 രൂപയോളം പിഴ
advertisement
“റമസാനിൽ സൗദി അറേബ്യ ഒരു പൗരനെ വധിച്ചു,” എന്ന് ബെർലിൻ ആസ്ഥാനമായുള്ള യൂറോപ്യൻ സൗദി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് (ESOHR) പ്രസ്താവനയിൽ പറഞ്ഞു. ലോകത്തിൽ ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്ന സൗദിയിൽ 2009 മുതൽ “വിശുദ്ധ മാസത്തിൽ ഒരു വധശിക്ഷയും നടപ്പിലാക്കിയിട്ടില്ല എന്ന് മനുഷ്യാവകാശ സംഘടന പറഞ്ഞു. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ വധശിക്ഷാ ഡാറ്റകളെ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട്.
സൗദി അറേബ്യയിൽ ഈ വർഷം ഇത് വരെ നടപ്പാക്കിയത് 17 പേരുടെ വധശിക്ഷയാണ്. 2022ൽ മാത്രം സൗദി അറേബ്യ 147 കുറ്റവാളികളെ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. തൊട്ട് മുൻപത്തെ വർഷം 2021ൽ 69 പേരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. അതായത് 2021 ൽ നടപ്പാക്കിയ വധശിക്ഷയുടെ ഇരട്ടിയോളം വധശിക്ഷകൾ 2022ൽ സൗദി നടപ്പാക്കിയാതായി എഎഫ്‌പി കണക്കുകൾ ചൂണ്ടികാണിക്കുന്നു.
കഴിഞ്ഞ വർഷം മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്കുള്ള വധശിക്ഷ സൗദി പുനരാരംഭിച്ചു, ഏകദേശം മൂന്ന് വർഷത്തോളം നീണ്ടുനിന്ന മൊറട്ടോറിയം അവസാനിപ്പിച്ചാണ് മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്കുള്ള വധശിക്ഷ സൗദി പുനരാരംഭിച്ചത്. 2015ൽ സൽമാൻ രാജാവ് അധികാരമേറ്റതിന് ശേഷം 1000-ലധികം വധശിക്ഷകൾ നടപ്പാക്കിയിട്ടുണ്ട്. രാജ്യം പലപ്പോഴും തലവെട്ടിയും വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്.
കൊലപാതകം അല്ലെങ്കിൽ ഒരാൾ “നിരവധി ആളുകളുടെ ജീവന് ഭീഷണിപ്പെടുത്തുന്ന ഏതെങ്കിലും പ്രവർത്തി ചെയ്യുന്നത് ” ഒഴികെയുള്ള കുറ്റകൃത്യങ്ങളെ വധശിക്ഷയിൽ നിന്ന് രാജ്യം “ഒഴിവാക്കി” എന്നായിരുന്നു സൗദി അറേബ്യയുടെ യഥാർത്ഥ ഭരണാധികാരിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ദ അറ്റ്ലാന്റിക് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.