അബുദാബിയിലെ റോഡുകളില്‍ ഇനി വാഹനത്തിന്റെ വേഗത കുറഞ്ഞാൽ 9000 രൂപയോളം പിഴ
- Published by:Vishnupriya S
- news18-malayalam
Last Updated:
ഏപ്രില്‍ ഒന്നു മുതല്‍ അബുദാബിയിലെ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡിലെ കുറഞ്ഞ വേഗപരിധി 120 കിലോമീറ്ററായി നിജപ്പെടുത്തുമെന്ന് അബുദാബി പൊലീസ് വ്യാഴാഴ്ച അറിയിച്ചു
അബുദാബി: അബുദാബിയിലെ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍ 120 കിലോമീറ്ററില്‍ താഴെ വാഹനം ഓടിച്ചാല്‍ 9000 രൂപയോളം പിഴ അടക്കേണ്ടി വരും. ഏപ്രില്‍ ഒന്നു മുതല്‍ ഈ റോഡിലെ കുറഞ്ഞ വേഗപരിധി 120 കിലോമീറ്ററായി നിജപ്പെടുത്തുമെന്ന് അബുദാബി പൊലീസ് വ്യാഴാഴ്ച അറിയിച്ചു. മേയ് ഒന്ന് മുതല്‍ കുറഞ്ഞ വേഗപരിധിയേക്കാള്‍ താഴ്‌ന്ന സ്‍പീഡില്‍ വാഹനം ഓടിക്കുന്നവരില്‍ നിന്ന് 400 ദിര്‍ഹം വീതം പിഴ ഈടാക്കുമെന്നും അബുദാബി പൊലീസ് അറിയിച്ചു.
ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡിലെ പരമാവധി വേഗത മണിക്കൂറില്‍ 140 കിലോമീറ്ററാണ്. കുറഞ്ഞ വേഗതയാവട്ടെ 120 കിലോമീറ്ററും. റോഡില്‍ ഇടതു വശത്ത് നിന്ന് ഒന്നാമത്തെയും രണ്ടാമത്തെയും ലേനുകളിലാണ് ഈ കുറഞ്ഞ വേഗപരിധിയുള്ളത്. ഇതിലും കുറഞ്ഞ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ റോഡിലെ മൂന്നാമത്തെ ലേനിലേക്ക് മാറണം. അവിടെ കുറഞ്ഞ വേഗതയ്ക്ക് പരിധി നിജപ്പെടുത്തിയിട്ടില്ല. ഹെവി വാഹനങ്ങള്‍ റോഡിന്റെ ഏറ്റവും അവസാന ലേനാണ് ഉപയോഗിക്കേണ്ടതെന്നും അത്തരം വാഹനങ്ങള്‍ക്ക് കുറഞ്ഞ വേഗപരിധി ബാധകമല്ലെന്നും അബുദാബി പൊലീസ് അറിയിച്ചിട്ടുണ്ട്.
advertisement
നിയമം പ്രാബല്യത്തില്‍ വരുന്നതിനൊപ്പം മുന്നറിയിപ്പ് സന്ദേശങ്ങളും നല്‍കും. ഡ്രൈവര്‍മാര്‍ ഇത് സംബന്ധിച്ചുള്ള നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അബുദാബി പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് സെക്ടര്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ അഹ്‍മദ് സൈഫ് ബിന്‍ സൈത്തൂന്‍ അല്‍ മുഹൈരി പറഞ്ഞു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മിനിമം വേഗത കൂടി നിജപ്പെടുത്തിയിരിക്കുന്നത്.
Location :
Thiruvananthapuram,Kerala
First Published :
March 31, 2023 9:17 PM IST