രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ടിഎസ് സിംഗിനെ ഉപമുഖ്യമന്ത്രിയായി നിയമിച്ചത്. കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി വേണുഗോപാല്‍, ഭൂപേഷ് ബാഗേല്‍, ടിഎസ് സിംഗ് ദേവ്, ഛത്തീസ്ഗഢ് കോണ്‍ഗ്രസ് അധ്യക്ഷ കുമാരി സെല്‍ജ എന്നിവരുള്‍പ്പെട്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. പാര്‍ട്ടിയ്ക്കുള്ളിലെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. അല്ലെങ്കില്‍ അവ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് നേതൃത്വം കരുതുന്നു.
റൊട്ടേഷന്‍ സമ്പ്രദായം ഉണ്ടായിരുന്നിട്ടും തന്നെ മുഖ്യമന്ത്രിയാക്കത്തതില്‍ സിംഗിന് അമര്‍ഷമുണ്ടായിരുന്നു. ആദ്യത്തെ രണ്ടര വര്‍ഷം തന്റെ മുഖ്യമന്ത്രി സ്ഥാനം ഊട്ടിയുറപ്പിക്കാനാണ് ഭൂപേഷ് ബാഗേല്‍ ശ്രമിച്ചത്. കൂടാതെ സിംഗിനെ അകറ്റിനിര്‍ത്താനും അദ്ദേഹം ശ്രമിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയാകാമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട സിംഗ് പഞ്ചായത്ത് രാജ് വകുപ്പ് വിടുകയും ആരോഗ്യ മന്ത്രിയായി തുടരുകയും ചെയ്തു. താന്‍ അസ്വസ്ഥനാണെന്ന് ഹൈക്കമാന്‍ഡിനെ അറിയിക്കാനുള്ള ശ്രമം കൂടിയായിരുന്നു ഇത്. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് അനുഭവിച്ചതും സമാന രീതിയിലുള്ള അനുഭവമായിരുന്നുവെന്നും സിംഗ് പറഞ്ഞിരുന്നു.
advertisement
എന്നിട്ടും എന്തിനാണ് ടിഎസ് സിംഗിനെ ഉപമുഖ്യമന്ത്രിയായി നിയമിച്ചത്? എന്താണ് അതിന് കാരണം?
സര്‍ഗുജ വിഭാഗത്തിന്റെ സ്വാധീനമേഖലയായ അംബികാപുരില്‍ നിന്നുള്ളയാളാണ് ടിഎസ് സിംഗ് ദേവ്. ബാബ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ പ്രദേശമാണ് വടക്കന്‍ സര്‍ഗുജയും തെക്കന്‍ ബസ്തറും.
2018ല്‍ ദേവ്-ബാഗേല്‍ കൂട്ടുക്കെട്ടിന്റെ ഫലമായുണ്ടായ വിജയം നഷ്ടപ്പെടുമ്പോള്‍ അത് ബാധിക്കുന്നത് കോണ്‍ഗ്രസിന്റെ നിലനില്‍പ്പിനെ തന്നെയാണ്. സാവധാനം മുന്നേറുന്ന ബിജെപിയെ ഈ അനിശ്ചിതാവസ്ഥ സഹായിക്കുമെന്നും നേതൃത്വം കരുതുന്നു. അതുകൊണ്ട് കൂടിയാണ് ടിഎസ് സിംഗിനെ ഉപമുഖ്യമന്ത്രിയായി നിയമിക്കാന്‍ നേതൃത്വം തീരുമാനിച്ചത്. അതേസമയം ഭൂപേഷ് ബാഗേല്‍ പാര്‍ട്ടി തീരുമാനത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്.
”ഞങ്ങള്‍ തയ്യാറാണ്. അഭിപ്രായവ്യത്യാസങ്ങള്‍ കുഴിച്ചുമൂടി വിജയം നേടാന്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും ആവശ്യപ്പെട്ടത്,’ ബാഗേല്‍ ട്വിറ്ററില്‍ കുറിച്ചു. ഛത്തീസ്ഗഢ് സംഘര്‍ഷം പരിഹരിച്ചതുപോലെയുള്ള ഒരു ഇടപെടല്‍ രാജസ്ഥാനിലും ഉണ്ടാകുമോ എന്ന് ഇനി കാത്തിരുന്ന് കാണാം.
