പുതിയ നിയമപ്രകാരം പെട്രോളിനും ഡീസലിനും ലിറ്ററിന് 5 രൂപ വരെ സെസ് ഏർപ്പെടുത്താൻ സർക്കാരിന് സാധിക്കും. അനാഥരുടെയും വിധവകളുടെയും ക്ഷേമത്തിനായി എന്നാണ് ബിൽ പറയുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അനാഥർക്കും വിധവകൾക്കുമായി നടപ്പിലാക്കുന്ന ക്ഷേമപദ്ധതികൾക്ക് സുസ്ഥിരമായ വരുമാനം കണ്ടെത്താനാണ് ഈ നീക്കമെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു പറഞ്ഞു. സംസ്ഥാനത്തെ ഒരു വിധവയോ അനാഥനോ തങ്ങൾ ഒറ്റപ്പെട്ടവരാണെന്ന് കരുതാൻ ഇടവരരുത് എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ധനവില
അയൽ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളേക്കാൾ വർധിക്കില്ലെന്നും അദ്ദേഹം സഭയെ അറിയിച്ചു.
advertisement
വിധവകളുടെയും അനാഥരുടെയും പേരിൽ നികുതി പിരിക്കുന്നത് അനുചിതമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് ജയ് റാം താക്കൂർ രംഗത്തെത്തി. പുതിയ സെസ് നടപ്പിലാകുന്നതോടെ അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഹിമാചലിൽ ഇന്ധനവില കുത്തനെ കൂടുമെന്ന് ബിജെപി മുന്നറിയിപ്പ് നൽകി. അതിർത്തി ജില്ലകളിലെ ജനങ്ങൾ ഇന്ധനം വാങ്ങാൻ അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഹിമാചലിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നും പ്രതിപക്ഷം ആരോപിച്ചു.
സെസിന് നൽകിയിരിക്കുന്ന പേര് തന്നെ അപമാനകരമാണെന്ന് ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി. പ്രതിഷേധ സൂചകമായി ബിജെപി എംഎൽഎമാർ സഭയിൽ നിന്ന് വാക്ക്ഔട്ട് നടത്തി.
എന്നാൽ പ്രതിപക്ഷത്തിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും പെട്രോൾ പമ്പ് ഉടമകളെ സഹായിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.
