പശ്ചിമേഷ്യൻ യുദ്ധം: രാജ്യത്ത് ഇന്ധന സുരക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു
- Published by:Sarika N
- news18-malayalam
Last Updated:
വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ഒഴിവാക്കാനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും പ്രധാനമന്ത്രി നിർദ്ദേശം നൽകി
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് രാജ്യത്തെ പെട്രോളിയം, പ്രകൃതിവാതകം, വളം, വൈദ്യുതി മേഖലകളിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം ചേർന്നു. വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ഒഴിവാക്കാനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും പ്രധാനമന്ത്രി നിർദ്ദേശം നൽകി.
ആഗോളതലത്തിൽ എണ്ണവിലയിൽ ചാഞ്ചാട്ടമുണ്ടെങ്കിലും രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഇന്ധനവിലയിൽ വലിയ മാറ്റമില്ല. എന്നാൽ, പ്രീമിയം പെട്രോളിന് ലിറ്ററിന് 2 രൂപയിലധികം വർദ്ധിച്ചിട്ടുണ്ട്. നിലവിൽ ഏറ്റവും വലിയ വെല്ലുവിളി പാചകവാതകത്തിന്റെ ലഭ്യത കുറയുന്നതാണ്. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം ഇറാനിൽ നിന്നുള്ള വിതരണം കുറഞ്ഞത് തിരിച്ചടിയായി. ഇതോടെ പല നഗരങ്ങളിലും സിഎൻജി സ്റ്റേഷനുകൾക്കും ഗ്യാസ് ഏജൻസികൾക്കും മുന്നിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു തുടങ്ങി. വിജയവാഡയും മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളും ഇതിനോടകം തന്നെ കടുത്ത പ്രതിസന്ധിയിലാണ്.
advertisement
യോഗത്തിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് നിയന്ത്രിച്ച് ഗാർഹിക ആവശ്യങ്ങൾക്കും അവശ്യ മേഖലകൾക്കും മുൻഗണന നൽകാൻ തീരുമാനിച്ചു. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ സംസ്ഥാന സർക്കാരുകളുമായി ചേർന്ന് കർശന നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചു. കൂടാതെ ഇറക്കുമതിക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നതും പുതിയ വിപണികൾ കണ്ടെത്തുന്നതും യോഗം ചർച്ച ചെയ്തു.
ഖാരിഫ് സീസൺ മുന്നിൽക്കണ്ട് വളത്തിന്റെ ലഭ്യത ഉറപ്പാക്കാനും യോഗത്തിൽ തീരുമാനമായി. നിലവിൽ താപനിലയങ്ങളിൽ ആവശ്യത്തിന് കൽക്കരി ശേഖരമുള്ളതിനാൽ രാജ്യത്ത് വൈദ്യുതി തടസ്സമുണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കി. സ്ഥിതിഗതികൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക മന്ത്രിതല സമിതിക്കും സെക്രട്ടറിമാരുടെ സംഘത്തിനും പ്രധാനമന്ത്രി രൂപം നൽകി. ഏതെങ്കിലും തരത്തിലുള്ള പരിഭ്രാന്തി ഒഴിവാക്കാനും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാഹ്യ ആഘാതങ്ങളിൽ നിന്ന് സംരക്ഷിക്കാനും എല്ലാ മന്ത്രാലയങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 23, 2026 6:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പശ്ചിമേഷ്യൻ യുദ്ധം: രാജ്യത്ത് ഇന്ധന സുരക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു







