“അമിത് ഷായുടെ പരാമർശത്തെ സ്വാഗതം ചെയ്യുന്നു, പക്ഷേ മോദിയോട് അദ്ദേഹത്തിന് ഇത്രം ദേഷ്യം എന്തിനാണെന്ന് എനിക്കറിയില്ല,” എന്നായിരുന്നു എം.കെ സ്റ്റാലിന്റെ മറുപടി. ബിജെപിക്ക് ഒരു തമിഴ്നാട്ടുകാരനെയാണ് പ്രധാനമന്ത്രി ആക്കേണ്ടതെങ്കിൽ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദര്‍ രാജനും കേന്ദ്രമന്ത്രി എൽ മുരുകനും ഉണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. അവർക്ക് പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ അവസരം ലഭിക്കുമെന്ന് കരുതുന്നുവെന്നും എം.കെ സ്റ്റാലിൻ കൂട്ടിച്ചേർത്തു.
മുൻകാലങ്ങളിൽ രണ്ട് മുതിർന്ന സംസ്ഥാന നേതാക്കളെ പ്രധാനമന്ത്രിമാരാകുന്നതിൽ നിന്ന് ഡിഎംകെ തടഞ്ഞുവെന്ന ഷായുടെ പ്രസ്താവനയെ സ്റ്റാലിൻ തള്ളിക്കളഞ്ഞു. ആ രണ്ട് നേതാക്കൾ ആരൊക്കെയെന്ന് അമിത് ഷാ വെളിപ്പെടുത്തണമെന്നും എങ്കിൽ വിശദീകരിക്കാൻ ഡിഎംകെ തയാറാണെന്നും സ്റ്റാലിൻ അമിത് ഷായെ വെല്ലുവിളിച്ചു.
advertisement
Also Read-‘ആരോഗ്യമുള്ള കുഞ്ഞിനായി ഗർഭിണികൾ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കണം’; തെലങ്കാന ഗവർണർ
ഭാവിയിൽ ഒരു തമിഴ്നാട്ടുകാരൻ പ്രധാനമന്ത്രിയാകുമെന്ന് ഞായറാഴ്ച അമിത് ഷാ പറഞ്ഞതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ചെന്നൈയിൽ സംസ്ഥാന പാർട്ടി ഭാരവാഹികളുടെ യോഗത്തിലാണ് അമിത് ഷാ ഈ പരാമർശം നടത്തിയത്.
സമീപഭാവിയിൽ തമിഴ്നാട്ടിൽ നിന്നൊരു പ്രധാനമന്ത്രിയുണ്ടാകുമെന്ന് ബിജെപി വൃത്തങ്ങൾ സൂചിപ്പിച്ചു. ഇത്തരമൊരു അവസരം മുമ്പ് രണ്ട് തവണ തമിഴ്‌നാടിന് നഷ്‌ടപ്പെട്ടു, അതിന് കാരണക്കാർ ഭരണകക്ഷിയായ ഡിഎംകെ ആണെന്ന് അമിത് ഷാ കുറ്റപ്പെടുത്തിയതായും പറയപ്പെടുന്നു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20ലധികം സീറ്റുകൾ നേടുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്താനും ഇതിനായി ബൂത്ത് കമ്മിറ്റികളെ ശക്തിപ്പെടുത്താനും അമിത് ഷാ ബിജെപി ഭാരവാഹികളോട് ആവശ്യപ്പെട്ടു.