സാമൂഹിക മാധ്യമങ്ങൾക്കായുളള പുതിയ ഡിജിറ്റൽ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടാൻ തയ്യാറാകണമെന്ന് കേന്ദ്രം ട്വിറ്ററിന് അന്ത്യശാസനം നൽകിയിരുന്നു. വീഴ്ച വരുത്തിയാൽ ഐടി നിയമം, ഇന്ത്യയിലെ മറ്റു ശിക്ഷാനിയമങ്ങൾ എന്നിവ പ്രകാരമുളള അനന്തരനടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നു.ഡിജിറ്റൽ നിയമങ്ങൾ പ്രകാരം ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ട്വിറ്റർ ഇതുവരെ ഉദ്യാഗസ്ഥനെ നിയമിച്ചിട്ടില്ല.നിയമങ്ങൾ പാലിക്കാനുള്ള അവസാന അവസരം എന്ന നിലയിലാണ് കേന്ദ്രസർക്കാർ ട്വിറ്ററിന് അറിയിപ്പ് നൽകിയത്.
advertisement
പുതിയ ഐ.ടി നിയമപ്രകാരം സമൂഹ മാധ്യമ മേഖലയിലെ ഓരോ കമ്പനിയും ഇന്ത്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു പരാതി പരിഹാര ഉദ്യോഗസ്ഥന്‍, കംപ്ലയിന്‍സ് ഓഫീസര്‍, നോഡല്‍ ഓഫീസര്‍ എന്നിവരെ നിയമിക്കണം. ഇതുവഴി സാധാരണക്കാരായ ഉപയോക്താക്കള്‍ക്ക് അവരുടെ പരാതികള്‍ പരിഹരിക്കാന്‍ സാധിക്കും. അപകീർത്തികരമെന്ന് കാണുന്ന ഏതുതരം സന്ദേശങ്ങളും പോസ്റ്റുകളും 36 മണിക്കൂറിനകം നീക്കണമെന്നും പുതിയ ഐ.ടി നിയമത്തിൽ വ്യവസ്ഥയുണ്ട്.
നിബന്ധനകൾക്കു വഴങ്ങാൻ കഴിഞ്ഞ ഫെബ്രുവരി 25ന് മൂന്നു മാസത്തെ ഇളവ് എല്ലാ സമൂഹ മാധ്യമങ്ങൾക്കും സർക്കാർ നൽകിയിരുന്നു. എന്നാൽ ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് കേന്ദ്ര സർക്കാർ നിലപാട് കടുപ്പിക്കുകയായിരുന്നു.