Explained| ഫെയ്‌സ്ബുക്ക്, ട്വിറ്റർ, വാട്സ്ആപ്പ് തുടങ്ങി സമൂഹ മാധ്യമങ്ങൾ ഇനി മുതൽ പാലിക്കേണ്ട ചട്ടങ്ങൾ എന്തൊക്കെ?
- Published by:Naseeba TC
- news18-malayalam
Last Updated:
2021-ലെ പുതിയ ഐ ടി ചട്ടങ്ങൾ പ്രധാനമായും ആവശ്യപ്പെടുന്നത് എന്താണ്?
ഇന്ത്യയിൽ പ്രവർത്തിച്ചുവരുന്ന സമൂഹ മാധ്യമങ്ങൾക്ക് ഇനി മുതൽ പുതിയ ഐ ടി നയം അനുസരിച്ചു മാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. ഫെബ്രുവരിയിൽ പ്രഖ്യാപിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് പ്രവർത്തനം ആരംഭിക്കാൻ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, കൂ മുതലായ സമൂഹ മാധ്യമങ്ങൾക്ക് മൂന്ന് മാസത്തെ സമയവും കേന്ദ്ര സർക്കാർ നൽകിയിരുന്നു. വിപുലമായ ഒരു പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് പുതിയ ഐ ടി നയം സമൂഹ മാധ്യമങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഫെയ്‌സ്ബുക്കും ട്വിറ്ററുമൊക്കെ നിരോധിക്കാൻ പോകുന്നു എന്ന മട്ടിൽ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.
2021-ലെ പുതിയ ഐ ടി ചട്ടങ്ങൾ പ്രധാനമായും ആവശ്യപ്പെടുന്നത് എന്താണ്?
സമൂഹ മാധ്യമ കമ്പനികളിൽ വിപുലമായ പരാതി പരിഹാര സംവിധാനം സൃഷ്ടിക്കുക, പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങളുടെ സ്വഭാവം നിരീക്ഷിക്കുക, പരാതികൾക്ക് പരിഹാരമുണ്ടാക്കുക, ആക്ഷേപകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുക, പരാതി പരിഹാരവുമായി ബന്ധപ്പെട്ട് പ്രതിമാസ റിപ്പോർട്ടുകൾ തയ്യാറാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് തന്നെയുള്ള ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കാൻ പുതിയ ഐ ടി ചട്ടങ്ങൾ സമൂഹ മാധ്യമങ്ങളോട് ആവശ്യപ്പെടുന്നു.
advertisement
2021-ലെ ഐ ടി ചട്ടങ്ങളുടെ പരിധിയിൽ വരുന്ന സമൂഹ മാധ്യമങ്ങൾ ഏതൊക്കെയാണ്?
50 ലക്ഷത്തിന് മുകളിൽ ഉപയോക്താക്കളുള്ള പ്രധാനപ്പെട്ട സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾക്കെല്ലാം പുതിയ ഐ ടി നയം ബാധകമാണ്. ഫെയ്‌സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, കൂ തുടങ്ങിയ പ്രധാന സമൂഹ മാധ്യമങ്ങൾക്കെല്ലാം ഇത് ബാധകമാകും. ഈ വർഷം മാർച്ച് വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ വാട്സ്ആപ്പിന് ഇന്ത്യയിൽ 390 ദശലക്ഷം ഉപയോക്താക്കൾ ആണുള്ളത്. ഗവേഷണ സ്ഥാപനമായ സ്റ്റാറ്റിസ്റ്റ നൽകുന്ന കണക്കുകൾ പ്രകാരം 2021 ജനുവരി വരെ ഫെയ്സ്ബുക്കിന് ഇന്ത്യയിൽ 320 ദശലക്ഷം ഉപയോക്താക്കൾ ഉണ്ട്. ഫെയ്‌സ്ബുക്കിന്റെ ഏറ്റവും വലിയ വിപണി ഇന്ത്യയാണെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. തൊട്ടു താഴെ 190 ദശലക്ഷം ഉപയോക്താക്കളുമായി യു എസും 140 ഉപയോക്താക്കളുമായി ഇന്തോനേഷ്യയുമാണ് ഉള്ളത്. കഴിഞ്ഞ ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം 17.5 ദശലക്ഷം പേരാണ് ഇന്ത്യയിൽ ട്വിറ്റർ ഉപയോഗിക്കുന്നത്. ഇന്ത്യൻ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ കൂ-യ്ക്കാകട്ടെ 60 ലക്ഷം ഉപയോക്താക്കളാണ് ഉള്ളത്.
advertisement
You may also like:Whatsapp| കേന്ദ്ര സർക്കാരിനെതിരെ വാട്സ് ആപ്പിന്റെ ഹർജി; പുതിയ നയം സ്വകാര്യതയെ ഹനിക്കുന്നത്
പരാതി പരിഹാര സംവിധാനത്തിന് ഉണ്ടായിരിക്കേണ്ട ആവശ്യകതകൾ എന്തൊക്കെയാണ്?
ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഒരു ചീഫ് കംപ്ലയൻസ് ഓഫീസർ, ഒരു നോഡൽ ഉദ്യോഗസ്ഥൻ, ഒരു പരാതി പരിഹാര ഉദ്യോഗസ്ഥൻ എന്നിവർ അടങ്ങിയ വിപുലമായ ആഭ്യന്തര പരാതി പരിഹാര സംവിധാനം ഉണ്ടാകണമെന്ന് പുതിയ ഐ ടി ചട്ടം നിഷ്കർഷിക്കുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ എല്ലാ സമൂഹ മാധ്യമങ്ങളും തങ്ങളുടെ ആപ്പുകൾ, വെബ്‌സൈറ്റ് എന്നിവയിൽ പ്രസിദ്ധപ്പെടുത്തേണ്ടതുണ്ട്. ഒപ്പം, ഈ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ് ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങളെ സംബന്ധിച്ച് പരാതി സമർപ്പിക്കേണ്ട രീതി ഉപയോക്താക്കൾക്ക് വിശദീകരിച്ചു നൽകണമെന്നും പുതിയ നയം നിർദ്ദേശിക്കുന്നു. പരാതി സമർപ്പിക്കപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ പരാതി ലഭിച്ചതായി അംഗീകരിക്കണമെന്നും 15 ദിവസത്തിനുള്ളിൽ ഉചിതമായ പരിഹാര നടപടി സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.
advertisement
എന്താണ് ചീഫ് കംപ്ലയൻസ് ഓഫീസർ?
ഒരു സമൂഹ മാധ്യമ പ്ലാറ്റ്ഫോമിൽ പരാതി പരിഹാര സംവിധാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന, ഭരണ നിർവഹണ ചുമതലയുള്ള പ്രധാന ഉദ്യോഗസ്ഥനായിരിക്കും ചീഫ് കംപ്ലയൻസ് ഓഫീസർ എന്ന് പുതിയ ഐ ടി ചട്ടം വളരെ വ്യക്തമായി പ്രസ്താവിക്കുന്നു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന സമൂഹ മാധ്യമങ്ങളിലെ ചീഫ് കംപ്ലയൻസ് ഓഫീസർമാരെല്ലാം ഇന്ത്യയിൽ നിന്നുതന്നെ ഉള്ളവർ ആകണമെന്നും നിബന്ധനയുണ്ട്.
2021-ലെ പുതിയ ഐ ടി ചട്ടങ്ങൾ സമൂഹ മാധ്യമങ്ങൾ പാലിക്കാതെ വന്നാൽ എന്ത് സംഭവിക്കും?
ഈ ചട്ടങ്ങൾ സമൂഹ മാധ്യമങ്ങൾ പാലിക്കാതെ വന്നാൽ ഐ ടി നിയമത്തിലെ സെക്ഷൻ 79 പ്രകാരമുള്ള നിയമ പരിരക്ഷ ഈ കമ്പനികൾക്ക് ലഭിക്കില്ലെന്നും ഐ ടി നിയമവും ഇന്ത്യൻ ശിക്ഷാ നിയമവും പ്രകാരമുള്ള നിയമനടപടികൾ നേരിടാൻ അവർ ബാധ്യസ്ഥരായിരിക്കുമെന്നും ഈ ചട്ടങ്ങളിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾക്ക് അവരുടെ പ്ലാറ്റ്‌ഫോമിൽ ആളുകൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് സംരക്ഷണം നൽകുന്ന വകുപ്പായിരുന്നു ഐ ടി നിയമത്തിലെ സെക്ഷൻ 79. സെക്ഷൻ 79 പ്രകാരം, സമൂഹ മാധ്യമങ്ങൾ ഒരു കേന്ദ്രത്തിൽ നിന്ന് മറ്റൊരു കേന്ദ്രത്തിലേക്ക് വഹിക്കപ്പെടുന്ന സന്ദേശത്തിന്റെ വാഹകരായി മാത്രം വർത്തിക്കുകയും ആ പ്രക്രിയയിൽ നേരിട്ട് മറ്റ് ഇടപെടലുകൾ നടത്താതിരിക്കുകയും ചെയ്യുന്നിടത്തോളം ആ സന്ദേശം മൂലം ഉണ്ടാകുന്ന നിയമ നടപടികളിൽ നിന്ന് ഈ കമ്പനികൾക്ക് നിയമപരിരക്ഷ ലഭിക്കുമായിരുന്നു. എന്നാൽ, പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഈ നിയമ പരിരക്ഷ സമൂഹ മാധ്യമങ്ങൾക്ക് നഷ്ടപ്പെടും.
advertisement
ആളുകൾ ഫെയ്‌സ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റർ എന്നിവ ഉപയോഗിക്കുന്നതിനെ ഈ പുതിയ നയങ്ങൾ ഏതെങ്കിലും രീതിയിൽ ബാധിക്കുമോ?
നിങ്ങൾ സമൂഹ മാധ്യമങ്ങൾ പതിവായി ഉപയോഗിക്കുന്ന രീതിയിൽ ഈ ചട്ടങ്ങൾ മൂലം യാതൊരു മാറ്റവും സംഭവിക്കില്ല. കുറ്റകരമായതോ അപകടസ്വഭാവമോ ഉള്ള പോസ്റ്റുകളിലൂടെ രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമായതും സമൂഹ മാധ്യമങ്ങളുടെ കമ്യൂണിറ്റി ഗൈഡ്‌ലൈനുകൾ ലംഘിക്കുന്നതുമായ പ്രവർത്തനങ്ങൾ സമൂഹ മാധ്യമങ്ങളിൽ നടത്തരുത് എന്ന് മാത്രം. ഇത്തരം പ്രവൃത്തികൾ നിയമപരമോ അല്ലാത്തതോ ആയ കർശന നടപടികൾക്ക് വഴിവെക്കും. എന്നാൽ, സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെടുന്ന ഏതെങ്കിലും പോസ്റ്റുകളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് പരാതികളോ ആക്ഷേപമോ ഉണ്ടെങ്കിൽ അത് ഉന്നയിക്കുന്നതുമായി ബന്ധപ്പെട്ട പ്രക്രിയയിൽ ചില മാറ്റങ്ങൾ ഉണ്ടായേക്കും. ഇനി മുതൽ അത്തരം ആക്ഷേപങ്ങളോട് അടിയന്തിരമായി പ്രതികരിക്കാൻ സമൂഹ മാധ്യമങ്ങൾ ബാധ്യസ്ഥമാകും. ഉപയോക്താക്കളുടെ ഭാഗത്തു നിന്നുള്ള പരാതികൾ എത്രയും വേഗത്തിൽ പരിഗണിക്കാനും അതിന് പരിഹാരമുണ്ടാക്കാനും പുതിയ ഐ ടി ചട്ടങ്ങൾ വഴിയൊരുക്കും.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 28, 2021 11:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained| ഫെയ്‌സ്ബുക്ക്, ട്വിറ്റർ, വാട്സ്ആപ്പ് തുടങ്ങി സമൂഹ മാധ്യമങ്ങൾ ഇനി മുതൽ പാലിക്കേണ്ട ചട്ടങ്ങൾ എന്തൊക്കെ?