പശ്ചിമേഷ്യയിലെ വികസനങ്ങളെക്കുറിച്ചുള്ള അന്തർ-മന്ത്രാലയ യോഗത്തിന് ശേഷം സംസാരിക്കവെ, പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മയാണ് ഈ കിംവദന്തികൾ നിഷേധിച്ചത്. ഗാർഹിക ആവശ്യങ്ങൾക്കായുള്ള 14.2 കിലോ സിലിണ്ടറുകൾ 10 കിലോ ആക്കി മാറ്റുന്നു എന്ന റിപ്പോർട്ടുകൾ കേവലം ഊഹാപോഹങ്ങൾ മാത്രമാണെന്നും അത്തരം പ്രചരണങ്ങളിൽ പൊതുജനങ്ങൾ വിശ്വസിക്കരുതെന്നും അവർ വിശദമാക്കി. വിതരണം സ്ഥിരപ്പെടുത്തുന്നതിലും നിയമവിരുദ്ധ വ്യാപാരം തടയുന്നതിലുമാണ് സർക്കാർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അവർ ഊന്നിപ്പറഞ്ഞു.
എൽപിജി ബുക്കിംഗിലെ പരിഭ്രാന്തി കുറഞ്ഞിട്ടുണ്ടെന്നും വിതരണം നിലവിൽ സാധാരണ നിലയിലാണെന്നും സുജാത ശർമ്മ അറിയിച്ചു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് ഏകദേശം 3.5 ലക്ഷം പുതിയ പിഎൻജി (Piped Natural Gas) കണക്ഷനുകൾ നൽകാനായത് ഊർജ്ജ വിതരണ ശൃംഖലയ്ക്ക് കരുത്തേകിയിട്ടുണ്ട്.
advertisement
ഹോർമുസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ സുരക്ഷിതമായി സഞ്ചരിച്ചതായും അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇവ ഇന്ത്യൻ തീരത്തെത്തുമെന്നും അധികൃതർ അറിയിച്ചു. 'പൈൻ ഗ്യാസ്', 'ജഗ് വസന്ത്' എന്നീ കപ്പലുകളിലായി ഏകദേശം 92,000 ടൺ എൽപിജിയാണ് ഇന്ത്യയിലേക്ക് വരുന്നത്. പേർഷ്യൻ ഗൾഫിൽ കുടുങ്ങിയ 22 ഇന്ത്യൻ കപ്പലുകളിൽ ഉൾപ്പെട്ടവയാണിത്. മുൻപ് 'എംടി ശിവാലിക്', 'എംടി നന്ദാദേവി' എന്നീ കപ്പലുകളും സമാനമായ അളവിൽ എൽപിജിയുമായി സുരക്ഷിതമായി എത്തിയിരുന്നു.
വാണിജ്യ എൽപിജിയുടെ 50 ശതമാനം വിഹിതം സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുവദിക്കുമെന്ന് ജോയിന്റ് സെക്രട്ടറി പ്രഖ്യാപിച്ചു. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാന്റീനുകൾ, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, കുടിയേറ്റ തൊഴിലാളികൾക്കുള്ള 5 കിലോ എഫ്ടിഎൽ (Free Trade LPG) എന്നിവ ഈ വിഹിതത്തിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 20 ഓളം സംസ്ഥാനങ്ങൾ വാണിജ്യ എൽപിജി ഏറ്റെടുത്തിട്ടുണ്ട്.
