അസമിലും ബംഗാളിലും മൂന്നാംഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. അസമില്‍ ഇന്ന് അന്തിമഘട്ടമാണ്. കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. പശ്ചിമ ബംഗാളിൽ ഇനിയും അഞ്ചു ഘട്ടങ്ങൾ നടക്കാനുണ്ട്.
"അസം, കേരളം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുകയാണ്. റെക്കോർഡ് എണ്ണത്തിൽ വോട്ടുകള്‍ പോൾ ചെയ്യണമെന്ന് ഇവടത്തെ ജനങ്ങളോട്, പ്രത്യേകിച്ച് യുവ വോട്ടർമാരോട് അഭ്യർത്ഥിക്കുകയാണ്.''- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സമാനമായ അഭ്യർത്ഥന മലയാളത്തിലും ബംഗാളിയിലും തമിഴിലും അദ്ദേഹം നടത്തി.
നാലു സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 20 കോടി വോട്ടർമാരാണുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇവിടെ വേദിയായത്.
അസമിലും ബംഗാളിലും പലതവണ സന്ദർശിച്ച് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു. തമിഴ്നാട്ടിലും കേരളത്തിലും പ്രധാനമന്ത്രി പ്രചാരണത്തിനെത്തിയിരുന്നു.
Also Read അയ്യപ്പനും ദേവഗണങ്ങളും ഈ സർക്കാരിനൊപ്പം: മുഖ്യമന്ത്രി പിണറായി വിജയൻ
കോവിഡ് വ്യാപനം കണക്കിലെടുത്ത് ശക്തമായ സുരക്ഷാ നടപടികൾ സ്വീകരിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാജ്യത്ത് ഇന്നലെ കോവിഡ് നിരക്ക് ഒരു ലക്ഷം കടന്നിരുന്നു. കോവിഡ് വ്യാപനം ആരംഭിച്ചശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
എല്ലാ സംസ്ഥാനങ്ങളിലും മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.
