കർഷക ബില്ലിനെതിരെ തുടക്കം മുതൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ശിരോമണി അകാലിദൾ സ്വീകരിച്ചിരുന്നത്. തങ്ങൾ ഉൾപ്പെടുന്ന സർക്കാർ കൊണ്ടുവന്ന ബിൽ കർഷക വിരുദ്ധമാണെന്നായിരുന്നു പാർട്ടി വ്യക്തമാക്കിയത്. ബിൽ കർഷകവിരുദ്ധമാണെന്നും താൻ കർഷകർക്കൊപ്പമാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പഞ്ചാബിൽനിന്നുള്ള ഹർസിമ്രത് കൌർ മോദി മന്ത്രിസഭയിൽനിന്ന് രാജിവെച്ചത്. സെപ്റ്റംബർ 17നായിരുന്നു ഹർസിമ്രതിന്‍റെ രാജി.
പാർലമെന്‍റിന്‍റെ ഇരു സഭകളും പാസാക്കിയ കർഷക ബില്ലുകൾക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ശിരോമണി അകാലിദൾ പ്രതിനിധി സംഘം നേരത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടിരുന്നു. നിർബന്ധ ബുദ്ധിയോടെയാണ് കർഷക ബില്ലുകൾ പാർലമെന്‍റിൽ പാസാക്കിയതെന്നും, അതിൽ ഒപ്പ് വെക്കരുതെന്നുമാണ് സംഘം രാഷ്ട്രപതിയോട് അഭ്യർഥിച്ചത്.
കേന്ദ്രസർക്കാർ പാർലമെന്‍റിൽ കൊണ്ടുവന്ന മൂന്നു ബില്ലുകളെയും എതിർത്താണ് ശിരോമണി അകാലിദൾ വോട്ട് ചെയ്തത്. എന്നാൽ ബില്ലുകൾ ശബ്ദ വോട്ടോടെ പാർലമെന്‍റിലെ ഇരു സഭകളിലും പാസാക്കുകയായിരുന്നു. ശിരോമണി അകാലിദളിനൊപ്പം എൻഡിഎ ഘടകകക്ഷിയായ ജനതാദൾ യു കർഷക ബില്ലിൽ ബിജെപിയുമായി ഭിന്നതയിലാണ്.
