നവാല്‍ കിഷോര്‍ എന്ന വ്യക്തി ഓടിച്ചിരുന്ന ട്രാക്ടറാണ് അപകടമുണ്ടാക്കിയതെന്ന് കോടതി കണ്ടെത്തി. അമിത വേഗതയിലെത്തിയ ഈ വാഹനം ഇടിച്ച് ഹീര നന്ദ ശര്‍മ്മയെന്നാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഏകദേശം 12 ദിവസത്തോളമാണ് ഇദ്ദേഹത്തിന് ആശുപത്രിയില്‍ കിടക്കേണ്ടിവന്നത്. തുടര്‍ന്ന് ശര്‍മ്മ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
advertisement
കേസിൽ നവാല്‍ കിഷോറിനെതിരെയുള്ള ആരോപണം കോടതി ശരിവെച്ചു.’അമിത വേഗത്തില്‍ ട്രാക്ടര്‍ ഓടിച്ചെത്തിയ പ്രതിയാണ് വാഹനാപകടം ഉണ്ടാക്കിയതെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ആ അപകടത്തിലാണ് ഹീര നന്ദ ശര്‍മ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. അതിനാല്‍ പ്രതിയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു എന്ന് കോടതി വിധിക്കുന്നു,’ മജിസ്‌ട്രേറ്റ് ദീക്ഷ സേഥി പറഞ്ഞു.
ഐപിസി 279, 338 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിയെ കോടതി ശിക്ഷിച്ചിരിക്കുന്നത്. അതേസമയം വാഹനാപകടത്തിലുണ്ടായ പരിക്കുകളാണ് ഹീര നന്ദ ശര്‍മ്മയുടെ മരണത്തിന് കാരണമെന്ന് തെളിയിക്കുന്ന രേഖകള്‍ പ്രത്യക്ഷത്തില്‍ ഇല്ലെന്നും എന്നാല്‍ അപകടത്തിലുണ്ടായ ഗുരുതര പരിക്കുകള്‍ അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാക്കാന്‍ ഉതകുന്നവയായിരുന്നുവെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടുവെന്നും വിധിന്യായത്തില്‍ പറഞ്ഞു.
കേസില്‍ ദൃക്‌സാക്ഷിയായി എത്തിയത് മരിച്ചയാളുടെ മകന്‍ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ മൊഴിയില്‍ പൊരുത്തക്കേടുകളില്ലെന്ന് കോടതി പറഞ്ഞു. ദൃക്‌സാക്ഷിയുടെ മൊഴി വിശ്വസനീയമാണെന്നും അദ്ദേഹത്തിന്റെ മൊഴിയെ അടിസ്ഥാനമാക്കി കൂടിയാണ് ഈ വിധിയെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
അതേസമയം അപകടമുണ്ടാക്കിയ ശേഷം അവിടെ നിന്ന് രക്ഷപ്പെടാനാണ് പ്രതി ശ്രമിച്ചതെന്നും വാദിഭാഗം കോടതിയെ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ശര്‍മ്മയെ രക്ഷിക്കാനോ ആശുപത്രിയില്‍ എത്തിക്കാനോ പ്രതി ശ്രമിച്ചില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഉദ്ദം നഗര്‍ പൊലീസ് സ്റ്റേഷനിലാണ് പ്രതി നവാല്‍ കിഷോറിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
