കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറലായ തുഷാർ മേത്തയാണ് ഹാജരായത്. വിഷയം വളരെ സങ്കീർണ്ണമാണെന്നും അവ സമൂഹത്തെ ബാധിക്കുമെന്നുമാണ് അദ്ദേഹം കോടതിയെ അറിയിച്ചത്.
ഭിന്നലിംഗക്കാർ ഉൾപ്പെടെയുള്ള ലൈംഗിക ന്യൂനപക്ഷങ്ങൾ തമ്മിലുള്ള വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകുന്നത് സമൂഹത്തെ സാരമായി ബാധിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.
അതേസമയം സ്‌പെഷ്യൽ മാര്യേജ് ആക്ടിൽ ഭർത്താവ്, ഭാര്യ എന്നീ കോളങ്ങൾ പങ്കാളി എന്നാക്കി മാറ്റണമെന്ന ഹർജിക്കാരുടെ ആവശ്യത്തിനെതിരെ സോളിസിറ്റർ ജനറൽ കോടതിയിൽ വാദിച്ചു. അങ്ങനെയെങ്കിൽ ഭിന്നലിംഗക്കാർ ദത്തെടുക്കുന്ന കുഞ്ഞിന്റെ അച്ഛൻ, അമ്മ ആരായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.
advertisement
” വ്യക്തി എന്നതിന് പകരം ഭർത്താവ്, ഭാര്യ എന്നിങ്ങനെ രേഖപ്പെടുത്തുന്നത് കൊണ്ട് ഒരാളിൽ നിന്ന് ജീവനാംശം നേടാൻ നിലവിലെ ബന്ധത്തിലെ വ്യക്തിയ്ക്ക് കഴിയുന്നതാണ്. സാധാരണ വിവാഹങ്ങളിൽ ഭാര്യയിൽ നിന്ന് ജീവനാംശം നേടാൻ ഭർത്താവിനും അവകാശമുണ്ട്,” അദ്ദേഹം പറഞ്ഞു.
എന്നാൽ ഇക്കാര്യത്തിൽ ആരാണ് സ്ത്രീ എന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പാസ്‌പോർട്ടുകൾക്കും മറ്റും ഈ പ്രശ്‌നം ഉടലെടുക്കും. പിന്തുടർച്ചാവകാശ നിയമത്തിലും ഭാര്യ, ഭർത്താവ്, അമ്മ, അച്ഛൻ, വിധവ എന്നീ സംജ്ഞകൾക്കാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു.
” ഇപ്പോൾ വിവാഹം അനുവദിച്ചുവെന്നിരിക്കട്ടെ. അവർ ഒരു കുഞ്ഞിനെ ദത്തെടുക്കുന്നു. പങ്കാളികളിലൊരാൾ മരിച്ചു. ശേഷം എൽജിബിടിക്യൂ വിഭാഗത്തിൽ ആരെയാണ് അച്ഛനായി കണക്കാക്കേണ്ടത്? ആരെയാണ് അമ്മയായി കണക്കാക്കുക? ഇതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ഇതൊന്നും കണ്ടില്ലെന്ന് നടിക്കാനാകില്ല,” സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
അതേസമയം സ്‌പെഷ്യൽ മ്യാരേജ് ആക്ടിന്റെ പുനർനിർവചനം മൂന്ന് പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
നിയമനിർമ്മാണത്തിലൂടെയുള്ള തിരുത്തിയെഴുതൽ ഇതിലുൾപ്പെടും. അത് പൊതുനയത്തിന്റെ കാര്യങ്ങളിൽ ഇടപെടുന്നതിന് തുല്യമായിരിക്കും. കൂടാതെ ഇവ വ്യക്തി നിയമങ്ങളിലും ഇടപെടലുണ്ടാക്കും. വ്യക്തി നിയമവും സ്‌പെഷ്യൽ മ്യാരേജ് ആക്ടും തമ്മിലുള്ള ഇടപെടൽ കോടതിയ്ക്ക് ഒഴിവാക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
സ്വവർഗ്ഗ വിവാഹത്തിലെ വിവാഹ മോചനത്തിനുള്ള രണ്ട് കാരണങ്ങൾ രണ്ട് പങ്കാളികൾക്കും കോടതി അനുവദിക്കണമെന്ന ഹർജിക്കാരുടെ വാദത്തെയും സോളിസിറ്റർ ജനറൽ എതിർത്തു.
” 1എ പോലെ അത് ഭാര്യയ്ക്ക് മാത്രമെ ഉപയോഗിക്കാൻ കഴിയൂ. അതിനാൽ പുരുഷനും പുരുഷനും തമ്മിലുള്ള വിവാഹത്തിൽ ആരാണ് ഭാര്യ? രണ്ട് പേർക്കും രണ്ട് പശ്ചാത്തലമാണെന്ന് അവർ പറഞ്ഞ് കഴിഞ്ഞു,’ അദ്ദേഹം പറഞ്ഞു.
” സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം മറ്റ് വിഭാഗത്തിനായി കൊണ്ടുവന്ന വിവാഹ മോചനനിയമം ഭിന്നലിംഗക്കാർക്ക് അനിയോജ്യമായ രീതിയിൽ ഉപയോഗിക്കാനാകുമോ? എന്നും അദ്ദേഹം ചോദിച്ചു.
സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇത് ആറാം ദിവസമാണ് കോടതി ചർച്ചയ്‌ക്കെടുക്കുന്നത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അടങ്ങുന്ന ഭരണഘടന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.