ഓപ്പണർമാർ അമ്പേ പരാജയപ്പെട്ടപ്പോൾ പഞ്ചാബിന് വിജയെ സമ്മാനിച്ചത് പൂരനും മാക്സ്വെല്ലുമായിരുന്നു. പൂരൻ 28 പന്തിൽ 53 റൺസും ഗ്ലെൻ മാക്സ്‌വെല്ല് 24 പന്തിൽ 32 റൺസും നേടി. മൂന്നാം ഓവറിൽ നായകൻ രാഹുലിനെ നഷ്ടമായി (11 പന്തിൽ 15 റൺസ്). തകർപ്പൻ പ്രകടനം പ്രതീക്ഷിച്ച ഗെയിലും നിരാശപ്പെടുത്തി(13 പന്തിൽ 29 റൺസ്). മായങ്ക് അഗർവാളിനും തിളങ്ങാനായില്ല(ഒമ്പത് പന്തിൽ അഞ്ച് റൺസ്).
തുടർന്നെത്തിയ പൂരൻ മാക്സ് വെൽ കൂട്ടുകെട്ടാണ് പഞ്ചാബിനെ വിജയത്തിലെത്തിച്ചത്. നാലാം വിക്കറ്റിൽ 69 റൺസ് കൂട്ടിച്ചേർത്തു. 13–ാം ഓവറിൽ അർധസെഞ്ചുറി തികച്ചതിനു പിന്നാലെ പുരാൻ പുറത്തായി. റബാദയ്ക്കാണ് വിക്കറ്റ്. 16ാം ഓവറിൽ മാക്സ്വെല്ലിനെ റബാദ തന്നെ പുറത്താക്കി.
advertisement
പിന്നീടെത്തിയ ദീപക് ഹൂഡയും (22 പന്തിൽ 15), ജെയിംസ് നീഷവും (8 പന്തിൽ 10)പഞ്ചാബിനെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഡൽഹിക്കു വേണ്ടി റബാദ രണ്ട് വിക്കറ്റ് വീഴ്ത്തി. അശ്വിനും അക്സർ പട്ടേലും ഓരോ വിക്കറ്റും വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഡൽഹി
ശിഖർ ധവാന്റെ സെഞ്ചുറി മികവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി. 61 പന്തുകളില്‍ നിന്ന് ധവാൻ പുറത്താകാതെ 106 റണ്‍സെടുത്തു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ധവാന്‍ സെഞ്ചുറി നേടിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം അടുപ്പിച്ച് രണ്ടു കളികളില്‍ സെഞ്ചുറി നേടുന്നത്.
അതേസമയം ധവാന് മികച്ച പിന്തുണ നൽകാൻ മറ്റ് ഡൽഹി താരങ്ങൾക്ക് കഴിഞ്ഞില്ല. സ്കോർ 32 ആയിരിക്കെ ഓപ്പണർ പൃഥ്വി ഷായെ (11 പന്തിൽ 7) പുറത്താക്കിക്കൊണ്ട് ജിമ്മി നീഷാം ഡൽഹിക്ക് ആദ്യ പ്രഹരം നൽകി. തുടർന്ന് ശ്രേയാസ് അയ്യർ എത്തിയതോടെ ഡൽഹി സ്കോർ ഉയർന്നു. ശിഖർ ധവാനൊപ്പം ചേര്‍ന്ന് അയ്യർ സ്‌കോര്‍ 50 കടത്തി. പിന്നാലെ ധവാൻ ഈ സീസണിൽ 400 സ്കോർ നേടി. ഒമ്പതാം ഓവറിൽ അർധ സെഞ്ചുറിയും നേടി.
എന്നാൽ ആ ഓവറിൽ ശ്രേയാസ് അയ്യരെ (12 പന്തിൽ 14) എം അശ്വിൻ പുറത്താക്കി. പിന്നാലെ എത്തിയ ഋഷഭ് പന്ത് റൺസ് കണ്ടെത്താൻ പ്രയാസപ്പെട്ടു. ഇതോടെ ഡൽഹി സ്കോർ ഉയരുന്നത് മന്ദഗതിയിലായി. ഇതിനിടെ ധവാൻ ഐപിഎല്ലിലെ 5000 റൺസ് എന്ന നേട്ടം സ്വന്തമാക്കി.
ആക്രമിച്ച് കളിക്കാൻ ശ്രമം നടത്തിയ പന്തിനെ(20 പന്തിൽ 14) മാക്സ്വെൽ മടക്കി. പിന്നെ എത്തിയ സ്റ്റോയിൻസിനും (10 പന്തിൽ 9) തിളങ്ങാനായില്ല.ആറ് പന്തിൽ 10 റൺസെടുത്ത് ഷിമ്രോൺ ഹെറ്റ്മയർ അവസാന പന്തിലാണ് പുറത്തായത്. ഡൽഹിക്കായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി.