42 പന്തിൽ എട്ടു ഫോറുകൾ സഹിതം 56 റൺസെടുത്ത ദേവ്ദത്ത് തുടക്കം തന്നെ അവിസ്മരണീയമാക്കി. അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് ദേവദത്ത്.
ദേവദത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ട്വിറ്ററിലൂടെയാണ് ഗാംഗുലിയുടെ അഭിനന്ദനം. ദേവ്ദത്ത് പടിക്കലിന്റെ പ്രകടനം കാണുന്നത് തന്നെ മനോഹരമായ കാഴ്ചയാണെന്നാണ് ഗാംഗുലിയുടെ അഭിനന്ദനം.
'ദേവ്ദത്ത് പടിക്കലിന്റെ പ്രകടനം നന്നായി ആസ്വദിച്ചു. ഇടംകയ്യൻമാരുടെ കളി കാണുന്നതു തന്നെ മനോഹരമാണ്'- ഗാംഗുലി ട്വിറ്ററിൽ കുറിച്ചു.
advertisement
സൗരവ് ഗാംഗുലിയെ കൂടാതെ കമന്റേറ്റർമാരായ ആകാശ് ചോപ്ര, ഹർഷ ഭോഗ്ല, പ്രഗ്യാൻ ഓജ, ദീപ് ദാസ് ഗുപ്ത, മാസർ അർഷർഷദ് തുടങ്ങി നിരവധി പ്രമുഖര്‍ ദേവദത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ചിട്ടുണ്ട്.
ഒരു താരം ഉദയം ചെയ്തിരിക്കുന്നു എന്നായിരുന്നു ആകാശ് ചോപ്രയുടെ ട്വീറ്റ്. യുവതാരത്തിന്റെ മനോഹരമായ അരങ്ങേറ്റമെന്ന് ഹർഷ ഭോഗ്ലയും കുറിച്ചു.
ഹൈദരാബാദിനെതിരായ മത്സരത്തിൽ ഓപ്പണിങ് വിക്കറ്റിൽ ആരോൺ ഫിഞ്ചിനൊപ്പം 90 റൺസിന്റെ കൂട്ടുകെട്ടും തീർത്താണ് 20കാരനായ ദേവ്ദത്ത് മടങ്ങിയത്.