പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ മലയാലപ്പുഴ ഡിവിഷൻ അംഗമാണ് 32കാരനായ ജിജോ മോഡി. കോൺഗ്രസ് അനുഭാവിയായ അച്ഛൻ ജോർജാണ് മകന് വേറിട്ട പേരിട്ടത്. കുടുംബപ്പേരായ ‘മോടിയിൽ’ ചേർത്ത് ‘ജോർജ് മോടിയിൽ’ എന്നാണ് അദ്ദേഹം നാട്ടിൽ അറിയപ്പെട്ടിരുന്നത്. മകൻ പിറന്നപ്പോൾ ജിജോ ജോർജ് എന്ന് പേരിടുന്നതിനു പകരം ‘ജിജോ മോഡി’ എന്ന് ചുരുക്കി ജനന സർട്ടിഫിക്കറ്റിൽ ചേർക്കുകയായിരുന്നു.
advertisement
മകൻ രാഷ്ട്രീയത്തിലെത്തുമെന്ന ജോർജിന്റെ ദീർഘവീക്ഷണം ശരിയായി. വലതുപക്ഷത്തിനു പകരം ഇടതുപക്ഷത്താണ് ജിജോ മോദി നിലയുറപ്പിച്ചതെന്നു മാത്രം. പത്താം ക്ലാസിൽ പഠിക്കുമ്പോൾ എസ്എഫ്ഐയിൽ ചേർന്ന ജിജോ കോളേജിൽ യൂണിയൻ ചെയർമാനായി. എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാവായി. കോൺഗ്രസിന്റെ കുത്തക സീറ്റായ മലയാലപ്പുഴ ഡിവിഷനിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച ജിജോ 2500 വോട്ടുകളുടെ ഭൂരിപക്ഷം നേടി അട്ടിമറി വിജയത്തോടെയാണ് ജില്ലാ പഞ്ചായത്തിലെത്തിയത്.
സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഈ പേര് ശ്രദ്ധിക്കപ്പെട്ടു. “മനോഹരം എന്ന അർത്ഥമുള്ള മോടി ആയിരിക്കും പേരിനൊപ്പം ചേർത്തത് എന്നാണ് അധ്യാപകർ കരുതിയത്. അപ്പോൾ അത് എന്റെ കുടുംബ പേരാണെന്ന് വിശദീകരിക്കേണ്ടിവന്നു. ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ നരേന്ദ്ര മോദി, ഗുജറാത്ത് രാഷ്ട്രീയത്തിൽ വളരെ സജീവമായി കഴിഞ്ഞിരുന്നു. ഞാനുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്നേ പലരും ചോദിക്കാറുണ്ട്” – ജിജോ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
”പൗരത്വ ഭേദഗതി നിയമം ബിജെപി സർക്കാർ കൊണ്ടുവന്നതിന് പിന്നാലെ പേരിൽ നിന്ന് മോഡിയെ ഒഴിവാക്കുന്നത് പരിഗണിച്ചിരുന്നു. രാഹുൽ ഗാന്ധിക്കെതിരായ നീക്കങ്ങളെയും ഞാൻ എതിര്‍ത്തിരുന്നു. വളരെ ഫാഷിസ്റ്റ് രീതിയിലാണ് ബിജെപി സർക്കാർ പ്രവർത്തിക്കുന്നത്. അവരെ എതിർക്കുന്നവരെ നിശബ്ദരാക്കാനാണ് ശ്രമം”- ജിജോ പറയുന്നു.
ഇപ്പോൾ രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മോദി എന്നത് എല്ലാവർക്കുമുള്ള പേരാണെന്നും സമുദായ ബന്ധം മാത്രമല്ല അതിനെന്നും വ്യക്തമാക്കാൻ ജിജോയെ കോൺഗ്രസുകാർ കൂട്ടുപിടിക്കുന്നുണ്ട്.
മലയാലപ്പുഴയിലെ മോഡി മാഹാത്മ്യം ജിജോയിലും അവസാനിക്കുന്നില്ല എന്നതാണ് കൗതുകകരം. ജിജോയുടെ മക്കളുടെ പേരിനൊപ്പവും ഇപ്പോൾ മോഡിയുണ്ട്. എട്ടു വയസ്സുകാരി സൈനിക മോഡിയും മൂന്ന് വയസ്സുകാരി നൈനിക മോഡിയും. ഭാര്യ മോനിഷ സഹകരണ ബാങ്ക് ജീവനക്കാരിയാണ്.
