വൈക്കം: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ വേദിയിൽ മലയാളത്തിൽ പ്രസംഗിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. മത-ജാതി ശക്തികൾ വീണ്ടും ശക്തിയാർജിക്കുന്ന കാലഘട്ടത്തിൽ നമുക്ക് ഉത്തരവാദിത്വം കൂടി എന്ന് സ്റ്റാലിൻ പറഞ്ഞു. കേരളവും തമിഴ്നാടും പോരാട്ടങ്ങളിൽ ഒരുമിച്ചു നിൽക്കുമെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. 603 ദിവസം നീണ്ടു നിൽക്കുന്ന വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ പരിപാടിക്കാണ് ഇതോടെ തുടക്കം ആയത്.
ദ്രാവിഡ നേതാക്കൾ കൂടി പങ്കെടുത്ത വൈക്കം സത്യാഗ്രഹത്തിന്റെ ശതബ്‌ദി ആഘോഷം കേരള തമിഴ്നാട് ബന്ധം ഊട്ടി ഉറപ്പിക്കുന്ന വേദി ആയി. ഇന്ത്യക്ക് തന്നെ മാതൃക ആകുന്ന സഹോദര്യമായി ഈ ബന്ധം മാറി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പോരാട്ടങ്ങളിൽ ഒരുമിച്ച് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സംസാരിച്ചു തുടങ്ങിയത്. ദ്രാവിഡഭാഷ കുടുംബത്തില്‍പ്പെട്ട മലയാളം സംസാരിക്കുന്ന കേരളത്തിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരെ നിങ്ങള്‍ എല്ലാവര്‍ക്കും സ്വാഗതം എന്ന് തുടങ്ങിയാണ് സ്റ്റാലിൻ പ്രസംഗം ആരംഭിച്ചത്. ഈ പരിപാടി സംഘടിപ്പിച്ചതിന് തമിഴ് മക്കളുടെ പേരില്‍ താൻ നന്ദി അറിയിക്കുന്നു. അയിത്തത്തിന് എതിരായ പോരാട്ടത്തില്‍ രാജ്യത്തിന് മാതൃകയാണ് വൈക്കം സത്യാഗ്രഹം. വൈക്കത്ത് നടന്നത് കേരളത്തെ മാത്രമല്ല തമിഴ്‌നാടിനെ സംബന്ധിച്ചും മഹത്തായ പോരാട്ടമാണ്.
വൈക്കം സത്യാഗ്രത്തിന്റെ ശതാബ്ദി കേരള-തമിഴ്‌നാട് സംസ്ഥാനങ്ങള്‍ ഒന്നിച്ച് ആഘോഷിക്കണമെന്ന് താൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഉടല്‍കൊണ്ട് താനും പിണറായി വിജയനും രണ്ടാണെങ്കിലും ചിന്തകൊണ്ട് ഒന്നാണ്. തമിഴ്‌നാട്ടില്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിലും ചടങ്ങില്‍ പങ്കെടുക്കണമെന്ന അതിയായ ആഗ്രഹം ഉള്ളതുകൊണ്ടാണ് താൻ എത്തിയതെന്നും സ്റ്റാലിൻ പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെ യുഡിഫ് നേതാക്കൾ പരിപാടിയിൽ പങ്കെടുത്തില്ല. മന്ത്രിമാർ, കാനം രാജേന്ദ്രൻ ഉൾപ്പെടെ എൽഡിഎഫ് നേതാക്കൾ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ സമുദായിക നേതാക്കൾ എന്നിവർ പ്രസംഗിച്ചു. ശതാബ്ദി ആഘോഷത്തിന്റെ സ്മരണക്കായി വൈക്കത്ത് സ്മാരകം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.