യു.ഡി.എഫ് ഭരണകാലത്ത് എല്ലാ മേഖലകളിലും തകർച്ച നേരിട്ട കേരളത്തെ പുനർനിർമ്മിച്ചത് എൽ.ഡി.എഫ് സർക്കാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.വോട്ട് ചെയ്യാൻ പുതുതായി എത്തുന്ന തലമുറയ്ക്ക് പത്ത് വർഷം മുൻപുള്ള ആ ഇരുണ്ട കാലത്തെക്കുറിച്ച് അറിവുണ്ടാകില്ലെന്നും സമസ്ത മേഖലകളിലും മുരടിപ്പായിരുന്നു അന്നുണ്ടായിരുന്നതെന്നുംഅദ്ദേഹം പറഞ്ഞു. തകർന്നടിഞ്ഞ ആ പഴയ കാലത്തേക്ക് കേരളത്തെ തിരികെ കൊണ്ടുപോകാനാണ് പ്രതിപക്ഷം ഇപ്പോൾ ശ്രമിക്കുന്നത്. എന്നാൽ സാധാരണക്കാരോട് കരുതൽ കാണിച്ച പത്ത് വർഷമാണ് എൽ.ഡി.എഫിന്റേതെന്നും ഭരണത്തുടർച്ചയ്ക്കായി ജനം അണിനിരക്കുന്ന കാഴ്ചയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
സർക്കാർ ആശുപത്രികൾ കൂടുതൽ മികച്ചതായതും ശിശുമരണ നിരക്കിൽ അമേരിക്കയെപ്പോലും മറികടക്കുന്ന നേട്ടം കൈവരിച്ചതും എൽ.ഡി.എഫ് ഭരണത്തിന്റെ നേട്ടങ്ങളായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നികുതി വരുമാനം വർദ്ധിപ്പിക്കാൻ സർക്കാരിന് സാധിച്ചു. ഇതിനിടെ വർഗീയത പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ശബരിമല വിഷയം എൽ.ഡി.എഫിനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിൽ സർക്കാർ സ്വീകരിച്ചത് കൃത്യമായ നിലപാടാണെന്നും എസ്.ഐ.ടി അന്വേഷണത്തിൽ ബാഹ്യ ഇടപെടലുകൾ ഇല്ലെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു
