രാജ്യത്ത് കോവിഡ് തരംഗം ശക്തി പ്രാപിക്കുമ്പോഴും സംസ്ഥാനങ്ങൾക്കു വാക്സിൻ നൽകാതെ കേന്ദ്ര സർക്കാർ ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടുന്നത് ദൗർഭാഗ്യകരമാണ്. സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് വാക്സിനേഷൻ നടത്തണമെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. എന്നാൽ ഇത്തരത്തിൽ പരിമിതമായ അളവിൽ മാത്രമെ വാക്സിൻ ലഭിക്കുന്നുള്ളൂ. വിദേശ മരുന്ന് നിർമ്മാണ കമ്പനികൾ സംസ്ഥാനങ്ങളുമായി കരാറിൽ ഏർപ്പെടാൻ തയാറാകുന്നില്ല. അതുകൊണ്ടുതന്നെ എല്ലാ സംസ്ഥാനങ്ങൾക്കു വേണ്ടി കേന്ദ്ര സർക്കാർ ആഗോള ടെണ്ടർ വിളിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം പ്രധാനമന്ത്രിക്കു കത്ത് അയച്ചിരുന്നെന്നും പിണറായി വിജയൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
advertisement
Also Read കോവിഡ് മുക്തരായ ശേഷം നിങ്ങൾ തീർച്ചയായും ചെയ്യേണ്ട ചില ടെസ്റ്റുകൾ ഇതാ
രണ്ടാം തരംഗത്തിനുശേഷം ഒരു മൂന്നാം തരംഗത്തിനുള്ള സാധ്യത കൂടിയുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കിൽ അതിനെ അഭിമുഖീകരിക്കാൻ തയാറെടുക്കുക എന്നത് അനിവാര്യമാണ്. ഇതിനെ നേരിടാൻ വാക്സിനേഷനിലൂടെ ആർജിത പ്രതിരോധം വികസിപ്പിച്ചെടുക്കുകയെന്നതാണ് പരിഹാരം. പണം ഇല്ലാത്തതിന്റെ പേരിൽ ആർക്കും വാക്സീൻ നിഷേധിക്കപ്പെട്ടുകൂടാ.
Also Read ഓക്സിമീറ്റർ വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വാക്സീൻ സംഭരിക്കുന്നതിന്റെ പൂർണ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെമേൽ വീണാൽ, സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരുങ്ങലിൽ ആകും. ഇന്ത്യയിലെ ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക എന്നത് പ്രധാനമാണ്. അതിന് വെല്ലുവിളി ഉണ്ടാകുന്നത് നമ്മുടെ ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ജനാധിപത്യത്തിനുതന്നെ ദോഷകരമാവുകയും ചെയ്യും. ഇതിനെല്ലാം പുറമെ ആർജിത പ്രതിരോധം വികസിപ്പിച്ചെടുക്കുന്നതിൽ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
Also Read ലോക്ക്ഡൗൺ ലംഘിച്ച് ആദ്യകുർബാന നടത്തിയ ഇടവക വികാരി അങ്കമാലിയിൽ അറസ്റ്റിൽ
ആർജിത പ്രതിരോധം വികസിപ്പിച്ചെടുക്കണമെങ്കിൽ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് വാക്സീൻ ലഭിക്കണം. എന്നാൽ, രാജ്യത്ത് 3.1% ആളുകൾക്ക് മാത്രമേ ഇതുവരെ വാക്സീന്റെ രണ്ടു ഡോസും ലഭിച്ചിട്ടുള്ളൂ. വാക്സീൻ ഉത്പാദിപ്പിക്കുന്ന കമ്പനികളാകട്ടെ വാക്സീൻ ലഭ്യതയുടെ ദൗർലഭ്യം കണക്കിലെടുത്ത് പരമാവധി ലാഭം കൊയ്യാനാണ് ശ്രമിക്കുന്നത്. വാക്സീൻ ഉത്പാദിപ്പിക്കാൻ കഴിവുള്ള നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾ ഇന്ത്യയിൽ ഉണ്ട്. പൊതുനന്മയ്‌ക്കായി ലഭ്യമാക്കേണ്ട വാക്സീന്റെ നിർമാണത്തിന് ബൗദ്ധിക സ്വത്തവകാശമോ പേറ്റന്റ് നിയമങ്ങളോ ഉടമ്പടികളോ തടസ്സമാകുന്നില്ല എന്ന് കേന്ദ്ര സർക്കാർ ഉറപ്പുവരുത്തണം. നിർബന്ധിത ലൈസൻസിങ് ഉൾപ്പെടെയുള്ള സാധ്യതകൾ കേന്ദ്ര സർക്കാർ ആരായണം.
വാക്സീൻ ലഭ്യമാക്കുന്നതിന്റെ പൂർണ ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണ് എന്ന തരത്തിലുള്ള പ്രസ്താവനകൾ സഹകരണാത്മക ഫെഡറലിസത്തിന്റെ അടിസ്ഥാന സങ്കൽപങ്ങളെ തന്നെ വെല്ലുവിളിക്കുന്നതാണ്. ഈ ഘട്ടത്തിൽ ഏറ്റവും അനിവാര്യം ആയിട്ടുള്ളത് സംസ്ഥാനങ്ങൾക്ക് ആവശ്യമായ അത്രയും വാക്സീൻ കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണം എന്ന സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യം സംയുക്തമായി മുന്നോട്ടുവെക്കുക എന്നതാണ്. ഇത് ചെലവ് കുറയ്ക്കുകയും ചെയ്യും- മുഖ്യമന്ത്രി പിണറായി വിജയൻ കത്തിൽ ചൂണ്ടിക്കാട്ടി.
